പാക്കിസ്ഥാന്‍ എന്നാല്‍ ടെററിസ്ഥാന്‍; ഇന്ത്യ

Friday 22 September 2017 5:58 pm IST

ഐക്യരാഷ്ട്ര സഭ: ഭീകരതയെ വളര്‍ത്തുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ. പാക്കിസ്ഥാന്‍ എന്നാല്‍ ടെററിസ്ഥാന്‍ എന്നായിരിക്കുന്നു. യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി ഈനാം ഗംഭീര്‍ തുറന്നടിച്ചു. പാക്കിസ്ഥാന്‍ ടെററിസ്ഥാനാണ്, ശുദ്ധമായ ഭീകരതയുടെ നാട്. ഒസാമ ബിന്‍ ലാദനെ ഒളിപ്പിച്ച രാജ്യം കള്ളക്കഥകള്‍ മെനയുന്നത് അസാധാരണമാണ്. അവര്‍ പറഞ്ഞു. ജമ്മുകശ്മീരില്‍ ഇന്ത്യ ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചൊതുക്കുകയാണെന്നും അവിടെ ഭീകരത വിതക്കുകയാണെന്നും മറ്റുമാണ് പാക്ക് പ്രധാനമന്ത്രി ഷഹീദ് ഖാഖന്‍ അബ്ബാസി കഴിഞ്ഞ ദിവസം യുഎന്നില്‍ പറഞ്ഞത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഗംഭീര്‍. വളരെചെറിയ സമയത്തെ ചരിത്രത്തില്‍ തന്നെ പാക്കിസ്ഥാന്‍ ഭൂമി ശാസ്ത്രപരമായി ഭീകരതയുടെ പര്യായമായിക്കഴിഞ്ഞു. ഒരു ഭൂമിക്കുവേണ്ടിയുള്ള ത്വര അവരെ ഭീകരതയുടെ ഭൂമിയാക്കി. ആഗോള ഭീകരത ഉല്പ്പാദിപ്പിച്ച് കയറ്റി അയക്കുന്ന വ്യവസായമാണ് ടെററിസ്ഥാനിലെ ഇന്നത്തെ തളച്ചുവളരുന്ന വ്യവസായം. ഈനാം ഗംഭീര്‍ പറഞ്ഞു. ഭീകരര്‍ക്ക് സുരക്ഷിത താവളം ഒരുക്കുകയോ രാഷ്ട്രീയ ജീവിതം നല്‍കി അവരെ സംരക്ഷിക്കുകയോ( ലാദനെപ്പോലെ) ആണ് പാക്കിസ്ഥാന്‍ ചെയ്യുന്നത്. (പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ വച്ചാണ് യുഎസ് സൈന്യം ലാദനെ വധിച്ചത്.) യുഎന്‍ പോലും ഭീകരനെന്ന് പ്രഖ്യപിച്ച ഹാഫീസ് സെയ്ദിനെ രാഷ്ട്രീയ നേതാവാക്കാന്‍ ഒരുങ്ങുകയാണ് ഇന്ന് പാക്കിസ്ഥാന്‍. അവര്‍ പറഞ്ഞു. അയല്‍ക്കാരുടെ ഭൂമി സ്വന്തമാക്കാനുള്ള അവരുടെ ആര്‍ത്തിപൂണ്ട ശ്രമങ്ങളെ ഇതിനൊന്നും ന്യായീകരിക്കാന്‍ കഴിയില്ല. ജമ്മുകശ്മീര്‍ ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനം എത്രമാത്രം വര്‍ദ്ധിപ്പിച്ചാലും ഇന്ത്യയുടെ അഖണ്ഡത തകര്‍ക്കാന്‍ അവര്‍ക്ക് ആവില്ല. ഭീകരതക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍ പാക്കിസ്ഥാന്‍ കോടാനുകോടികളാണ് ചെലവിടുന്നത്. ഭീകരര്‍ പെറ്റുപെരുകി പാക്കിസ്ഥാനിലെ തെരുവീഥികളില്‍ കൂടി റോന്ത് ചുറ്റുമ്പോള്‍ അവര്‍ ഇന്ത്യയിലെ മനുഷ്യാവകാശത്തെപ്പറ്റി പ്രസംഗിക്കുന്നത് കേട്ടു. ജനാധിപത്യം, മനുഷ്യാവകാശം എന്നിവയെപ്പറ്റി, അമ്പേ പരാജയപ്പെട്ട രാജ്യം ലോകത്തെ പഠിപ്പിക്കേണ്ടതില്ല. അവര്‍ പറഞ്ഞു.