മുഖ്യതസ്തു മഹത്കൃപയൈവ ഭഗവത്കൃപലേശാദ് വാ

Friday 22 September 2017 8:13 pm IST

ഭഗവത് ഭക്തിക്കുള്ള സാധനങ്ങളെ പറഞ്ഞശേഷം അതുണ്ടാകാന്‍ വേറെ സാഹചര്യങ്ങളെന്തെല്ലാം വേണമെന്ന് ശ്രീനാരദര്‍ വിവരിക്കുന്നു. പ്രധാനമായും മഹത്തുക്കളായുള്ളവരുടെ കൃപയും പിന്നെ ഭഗവാന്റെ കൃപാകടാക്ഷവും കൂടിയുണ്ടായാല്‍ നമുക്ക് ഭക്തിയിലേക്കെത്താം. ഇതുരണ്ടും പരസ്പരം ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്നത്. മഹാത്മാക്കളുടെ അനുഗ്രഹം കൊണ്ടേ ഭഗവദ്കൃപയിലേക്കെത്തൂ. ഭഗവദ്കൃപയുള്ളവര്‍ക്കേ മഹത്തുക്കളെ സഹായത്തിന് ഒത്തുകിട്ടുകയുള്ളൂ. ഇതുരണ്ടുമുണ്ടെങ്കിലേ ഭഗവത്ഭക്തി ഉറയ്ക്കൂ. അപ്പോള്‍ എന്താണ് ചെയ്യുക. നല്ല മനുഷ്യരെ വന്ദിക്കുന്ന ഒരു ശീലമുണ്ടാക്കുക. ചുറ്റുമുള്ളവരെ സ്‌നേഹിക്കുക. മനുഷ്യരായാലും മൃഗങ്ങളായാലും സസ്യങ്ങളായാലും അവയെയെല്ലാം പ്രകൃതിയുടെ ഭാഗമായിക്കണ്ട് സ്‌നേഹിക്കുക. അപ്പോള്‍ ദൈവാനുഗ്രഹത്താല്‍ മഹത്തുക്കള്‍ നമ്മളെ സ്‌നേഹാര്‍ദ്രമായ കണ്ണുകളോടെ ശ്രദ്ധിക്കാന്‍ തുടങ്ങും. അപ്പോള്‍ നമുക്കുചിതമായ ഗുരുവിനെ ഭഗവാന്‍ തന്റെ കൃപയാല്‍ അടുത്തെത്തിക്കും. മനസ്സ് ശുദ്ധവും സ്‌നേഹാര്‍ദ്രവും ആകുമ്പോഴാണ് സദ്ഗുരുവിനെ ഭഗവാന്‍ എളുപ്പം അടുത്തെത്തിക്കുക. കൊള്ളക്കാരനായ രത്‌നാകരനെ വാല്‍മീകിയാക്കിയത് സപ്തര്‍ഷികളുമായുള്ള സംഗമമാണ്. സപ്തര്‍ഷികളെ രത്‌നാകരന്റെ മുന്നിലെത്തിച്ചത് ദൈവകൃപയും. എന്നാല്‍ അതിന് മൂലമായത് രത്‌നാകരന്റെ കാട്ടാളത്തരം ഭാര്യയോടും സന്താനങ്ങളോടുമുള്ള സ്‌നേഹത്തില്‍ നിന്നും രൂപം കൊണ്ടതാണ്. നിങ്ങള്‍ ചെയ്യുന്ന ദുഷ്‌കര്‍മ്മത്തിന്റെ ഫലം അനുഭവിക്കാന്‍ അവരും കൂടെയുണ്ടാകുമോ എന്ന് സപ്തര്‍ഷികള്‍ ചോദിച്ചപ്പോഴാണ് രത്‌നാകരന്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നത്. തുടര്‍ന്ന് രത്‌നാകരന്‍ തിരിച്ചുവരുന്നതുവരെ സത്യബോധത്തോടെ അവിടെ കാത്തുനിന്ന സപ്തര്‍ഷികളുടെ സത്യസന്ധതയും തന്നെക്കുറിച്ചുള്ള സ്‌നേഹവും രത്‌നാകരനില്‍ ബഹുമാനമുളവാക്കി. അവരോടുള്ള ബഹുമാനം ഭക്തിയിലേക്കുള്ള മാര്‍ഗ്ഗമായി. മഹത്തുക്കളുടെ കൃപകൊണ്ട് ഭഗവത് കൃപയും ഒഴുകിയെത്തിയതോടെ ജ്ഞാനസാഗരമായി, ആദികവിയായി രത്‌നാകരന്‍ മാറി. അതുകൊണ്ട് നമുക്ക് വാല്‍മീകിയേയും രാമായണത്തേയും ലഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.