സി.പി മാത്യുവിനെ അറസ്റ്റ് ചെയ്തില്ല

Friday 22 September 2017 8:16 pm IST

പോലീസില്‍ ഭിന്നത രൂക്ഷംതൊടുപുഴ : സി.ഐയുടെ ജോലി തടസപ്പെടുത്തിയെന്നാരോപിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസില്‍പെടുത്തിയ കോണ്‍ഗ്രസ് നേതാവ് സി.പി. മാത്യു മറ്റൊരു കേസില്‍ സ്റ്റേഷനില്‍ ഒപ്പിടാനെത്തിയിട്ടും അറസ്റ്റു ചെയ്യാത്ത പോലീസ് നടപടി തൊടുപുഴ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലുള്ള കടുത്ത ഭിന്നത പുറത്താകാന്‍ കാരണമായി. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് സി.പി.മാത്യു തൊടുപുഴ സ്റ്റേഷനിലെത്തിയത്. ഒപ്പിട്ടതിന് ശേഷം മാത്യുവിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായില്ല. ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നിട്ടും മാത്യു സ്റ്റേഷനില്‍ നിന്നും പുറത്ത് പോയി. ഒരാഴ്ച മുന്‍പ് തൊടുപുഴ പോലീസ് സ്റ്റേഷന്റെ മുന്നില്‍ വച്ച് തൊടുപുഴ സി.ഐ ശ്രീമോനും മാത്യുവുമായി വാക്കേറ്റവും അസഭ്യവര്‍ഷവും ഉണ്ടായിരുന്നു. ഈ സംഭവത്തിലാണ് മാത്യുവിനെതിരെ കേസെടുത്തത്. മാത്യുവിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന ആക്ഷേപം ശക്തമായിരുന്നു. പോലീസുകാര്‍ തന്നെ അത്തരത്തില്‍ ആശയവിനിമയം നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ ശ്രീമോനാണെന്നും അദ്ദേഹം അവധിയായതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്നുമാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിശദീകരണം. നിരന്തരം വിവാദത്തില്‍പ്പെടുന്ന സി.ഐയുടെ ചെയ്തികള്‍ സിഐ തന്നെ കൈകാര്യം ചെയ്യട്ടെയെന്ന് തൊടുപുഴ പോലീസ് കരുതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.