നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭദ്രകാളി വിഗ്രഹം കണ്ടെത്തി

Friday 22 September 2017 9:34 pm IST

പള്ളുരുത്തി: ക്ഷേത്ര പരിസരത്തെ ചതുപ്പുനിറഞ്ഞ കുളത്തില്‍ നിന്ന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാളി വിഗ്രഹം ലഭിച്ചു. പെരുമ്പടപ്പ്‌കോണം പടിഞ്ഞാറ് മുരുകാത്ഭുത ശിവക്ഷേത്ര പരിസരത്തെ കാലങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന കുളത്തിന് സമീപത്തു നിന്നാണ് രണ്ടര അടിയിലധികം ഉയരമുള്ള രൗദ്രഭാവത്തിലുള്ള കാളി വിഗ്രഹം കണ്ടെടുത്തത്. വ്യാഴാഴ്ച രാത്രി 9.30ഓടു കൂടിയാണ് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ വിഗ്രഹം പുറത്തെടുത്തത്. ത്രിശൂലവും, വാളും, രക്തപാത്രവും, ദാരിക ശിരസ്സും ഏന്തിയ ദേവീവിഗ്രഹം ദര്‍ശിക്കാന്‍ നാനാദേശത്തു നിന്നും ഭക്തജനങ്ങള്‍ പ്രവഹിക്കുകയാണ്. ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം ദേവപ്രശ്‌നം നടന്നിരുന്നു. അന്ന് തന്നെ ദേവീസാന്നിദ്ധ്യം ഇവിടുള്ളതായി ജ്യോത്സ്യന്‍ പ്രവചിച്ചിരുന്നതായി ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. ഗുരുദേവസമാധി ദിനാചരണത്തോടനുബന്ധിച്ചുള്ള അന്നദാനത്തിന്റെ അവശിഷ്ടങ്ങള്‍ മൂടുവാന്‍ കുഴിയെടുത്തിരുന്നു. ജെസിബി ഉപയോഗിച്ച് കുഴി തിരഞ്ഞ സമയം ആഴത്തില്‍ നിന്ന് വിഗ്രഹം ഉയര്‍ന്നുവരികയായിരുന്നു. ചെളിയില്‍ പുതഞ്ഞു കിടന്നിരുന്ന വിഗ്രഹം ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിനു സമീപത്തേക്ക് താല്ക്കാലികമായി മാറ്റി. ക്ഷേത്ര കമ്മറ്റിയുടേയും, നാട്ടുകാരുടേയും നേതൃത്വത്തില്‍ പ്രത്യേകമായി അലങ്കരിച്ച വാഹനത്തില്‍ നഗരപ്രദക്ഷിണം നടത്തി. വിഗ്രഹം താല്ക്കാലികമായി ബാലാലയത്തിലേക്ക് മാറ്റുമെന്ന് ദേവസ്വം ഭാരവാഹികളായ പി.എന്‍. രഞ്ചന്‍, വി.കെ. സുജിത്ത് എന്നിവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.