നരകജീവിതത്തില്‍ ഒരു ആദിവാസി കുടുംബം

Friday 22 September 2017 9:38 pm IST

കോട്ടയം/എരുമേലി: ആദിവാസി ക്ഷേമത്തിനായി സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോള്‍ മഴയും വെയിലുമേറ്റ് ഇഴജന്തുക്കളെ ഭയന്ന് രണ്ട് കൊച്ചുകുട്ടികളുമായി നരകജീവിതത്തില്‍ ഒരു ആദിവാസി കുടുംബം. മണിമല പഞ്ചായത്തിലെ എട്ടാം വാര്‍ഡ് മുക്കട കോളനിയിലാണ് മലവേടര്‍ വിഭാഗത്തില്‍പ്പെട്ട അമ്മയും മകളും അവരുടെ രണ്ട് പെണ്‍മക്കളുമായി ജീവിതം തള്ളിനീക്കുന്നത്. കിഴക്കയില്‍ കുട്ടപ്പന്റെ ഭാര്യ ശാരദ (57), മകള്‍ ഐശ്വര്യ (35) മക്കളായ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി രാജലക്ഷ്മി, നാലുവയസുകാരി ഭാനുപ്രിയ എന്നിവരാണ് നിലംപൊത്താറായ ഷെഡില്‍ കഴിയുന്നത്. ശാരദയുടെ രോഗിയായ ഭര്‍ത്താവ് മകനൊപ്പമാണ് താമസം. മകളുടെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതോടെ വീട്ടുവേല ചെയ്താണ് നിത്യച്ചെലവ് നടത്തുന്നത്. അടച്ചുറപ്പില്ലാതെ ഏതുസമയവും നിലംപൊത്താറായ ഒരു ഷെഡ് മരക്കമ്പുകളിലാണ് താങ്ങി നിര്‍ത്തിയിരിക്കുന്നത്. മഴ പെയ്താല്‍ പഴകി ദ്രവിച്ച മേല്‍ക്കൂരയിലൂടെ വെള്ളം ഒലിച്ചിറങ്ങും. ഭക്ഷണം പാകം ചെയ്യുന്നതും അന്തിയുറങ്ങുന്നതുമെല്ലാം ഈ ഷെഡില്‍ തന്നെ. മഴ ശക്തമായാല്‍ കുഞ്ഞുങ്ങളുമായി അയല്‍പക്കത്തെ വീടുകളില്‍ അഭയം തേടണം. കുട്ടിയുടെ പുസ്തകം നനയാതെ സൂക്ഷിക്കുന്നതിനു പോലും സൗകര്യമില്ല. പലകകള്‍ പാകിയുണ്ടാക്കിയ ഒരു കട്ടിലാണ് ആകെയുള്ളത്. ആഹാരം സൂക്ഷിച്ചിരിക്കുന്നതു പോലും ചെളിപുരണ്ട പാത്രത്തിലാണ്. ഈ ദുരിതജീവിതത്തിനിടയിലാണ് കഴിഞ്ഞ ദിവസം ഷെഡിനുള്ളില്‍ കണ്ട പെരുമ്പാമ്പ് ഇവരുടെ ഉറക്കം കെടുത്തിയത്. ഇതുമൂലം കുഞ്ഞുങ്ങളെ ഉറക്കിയശേഷം ഉറങ്ങാതെ നേരം വെളുപ്പിക്കുകയാണ് വൃദ്ധയായ അമ്മയും മകളും. ഷെഡിനുള്ളില്‍ പെരുമ്പാമ്പിനെ കണ്ട വിവരം അറിഞ്ഞ് ഡെപ്യൂട്ടി റേഞ്ച് ഒഫീസര്‍ കെ.വി. രതീഷിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് അധികൃതര്‍ എത്തിയപ്പോഴാണ് ഇവരുടെ ദുരിതജീവിതം വ്യക്തമാകുന്നത്. രണ്ട് വര്‍ഷം മുമ്പ് സ്വന്തമായി വാങ്ങിയ നാലുസെന്റ് സ്ഥലത്ത് നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് ഷെഡ് പണിതീര്‍ത്തത്. വീടില്ലാതെ പല ഇടങ്ങളിലാണ് കുടുംബാംഗങ്ങള്‍ കഴിഞ്ഞിരുന്നത്. വര്‍ഷങ്ങളായി വീടിനായി അപേക്ഷ നല്‍കി കാത്തിരിക്കുകയാണിവര്‍. നാഷണല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച് നല്‍കിയ ശൗചാലയമാണ് ആകെ ലഭിച്ച സഹായം. ആദിവാസി വിഭാഗത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ വകുപ്പ് അധികൃതരുടെ ശ്രദ്ധയിലെത്തിയിട്ടും ഇവര്‍ക്ക് സുരക്ഷിതതാമസമൊരുക്കാന്‍ കഴിഞ്ഞിട്ടില്ല. പട്ടിണിയിലും ദുരിതങ്ങള്‍ക്കുമിടയില്‍ മക്കള്‍ക്ക് നല്ല നിലയില്‍ വിദ്യാഭ്യാസം നല്‍കാനുള്ള അദ്ധ്വാനത്തിലാണ് അമ്മയും മകളും. നിരാലംബരായ ഈ നാല് ജീവിതങ്ങളുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ വെളിച്ചം അണയാതെ സൂക്ഷിക്കാന്‍ ഇനി സുമനസ്സുകള്‍ക്ക് മാത്രമേ കഴിയൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.