ഇനി മുതല്‍ സ്‌റ്റേഷനുകളുടെ ചുമതല ഇന്‍സ്‌പെക്ടര്‍മാര്‍ക്ക്

Friday 22 September 2017 9:53 pm IST

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്‌റ്റേഷനുകളുടേയും ചുമതല ഇനി മുതല്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക്. രാജ്യത്താകമാനം പൊലീസ് സ്‌റ്റേഷനുകളുടെ ചുമതല ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കൈമാറണമെന്ന കേന്ദ്ര പൊലീസ് അതോറിറ്റിയുടേയും സുപ്രീംകോടതിയുടേയും ഉത്തരവ് നടപ്പിലാക്കാന്‍ ഒടുവില്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായി. രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇന്‍പെക്ടര്‍മാരാണ് എസ്എച്ച്ഒ മാര്‍. എന്നാല്‍ കേരളത്തില്‍ ഇത് ഇതുവരെ നടപ്പാക്കിയിരുന്നില്ല. തുടര്‍ന്നാണ് സുപ്രീംകോടതി തീരുമാനം നടപ്പിലാക്കാന്‍ സര്‍ക്കാരും പൊലീസ് ചീഫും തീരുമാനിച്ചത്. നിലവില്‍ സംസ്ഥാനത്തെ 6 പൊലീസ് സ്‌റ്റേഷനുകളുടെ ചുമതല ഇന്‍സ്‌പെക്ടര്‍മാര്‍ക്കാണ്. 191 സ്‌റ്റേഷന്‍ ചുമതല ഉടന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കൈമാറും. തൊട്ടുപിന്നാലെ മുഴുവന്‍ സ്‌റ്റേഷനുകളിലും ഇന്‍സ്‌പെക്ടര്‍മാര്‍ എസ്എച്ച്ഒ മാരാകും. അതോടെ ഇനി എല്ലായിടത്തേയും ആളുകള്‍ക്ക് ഇനി ഇന്‍സ്‌പെക്ടറെ നേരില്‍ കണ്ട് പരാതി അറിയിക്കാം. ഇനി മുതല്‍ എസ്‌ഐ എന്ന പോസ്റ്റ് വെറും പേപ്പറില്‍ ആകും. ഇന്‍സ്‌പെക്ടര്‍ക്ക് കീഴില്‍ എസ്‌ഐ മാര്‍ക്ക് ലോ ആന്‍ഡ് ഓര്‍ഡറും ട്രാഫിക്കും അഡ്മിനിസ്‌ട്രേഷന്‍ വിഭജിച്ച് നല്‍കിയാകും ഇവരുടെ പ്രവര്‍ത്തനം.