കാക്കനാട്ട് ബസ് യാത്രക്കാര്‍ വലഞ്ഞു സിഐടിയു- സിപിഐ ഏറ്റുമുട്ടല്‍; പണിമുടക്ക്

Friday 22 September 2017 10:07 pm IST

കാക്കനാട്: സ്വകാര്യ ബസ്സുകള്‍ മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിക്കുന്നതിനെതിരെ കാക്കനാട്ട് ഇടത് യൂണിയന്‍ തൊഴിലാളികള്‍ തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് സിഐടിയു തൊഴിലാളികളുടെ മിന്നല്‍ പണിമുടക്കില്‍ യാത്രക്കാര്‍ വലഞ്ഞു. സിറ്റി സര്‍വീസ് നടത്തുന്ന 70-75 സ്വകാര്യ ബസ്സുകളാണ് സര്‍വീസ് നിര്‍ത്തി പ്രതിഷേധിച്ചത്. പണിമുടക്ക് പിന്‍വലിച്ച് സര്‍വീസ് നടത്താന്‍ കളക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല നിര്‍ദേശം നല്‍കിയെങ്കിലും നടപ്പിലായില്ല. വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ കാക്കനാട് നിന്നും വിദൂര സ്ഥലങ്ങളിലേക്ക് പോകാനാകാതെ കുടുങ്ങി. തൃപ്പൂണിത്തുറ-ആലുവ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ്സുകളില്‍ കളമശ്ശേരിയിലും തൃപ്പൂണിത്തുറയിലും എത്തിയാണ് യാത്രക്കാര്‍ക്ക് വീടുകളിലേക്ക് തിരിക്കാനായത്. കളക്‌ട്രേറ്റ് ബസ് സ്റ്റോപ്പ് വരെ സര്‍വീസ് നടത്താതെ മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിക്കുന്നതിനെതിരെ സംഘടിച്ചെത്തിയ സിപിഐ, എഐടിയുസി നേതാക്കളെ സിഐടിയു ബസ് തൊഴിലാളികള്‍ നേരിട്ടതാണ് സംഘര്‍ഷത്തിന് കാരണം. സിറ്റിയില്‍ നിന്നുവരുന്ന ബസ്സുകള്‍ സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കാതെ കളക്‌ട്രേറ്റ് സ്റ്റോപ്പിലേക്ക് തിരിച്ചു വിട്ടതിനെതിരെ സിഐടിയു വിഭാഗം തൊഴിലാളികള്‍ രംഗത്തെത്തിയതോടെ ഇരുവിഭാഗം തമ്മില്‍ വാക്കേറ്റമായി. സ്വകാര്യ ബസ്സുകള്‍ മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ യാത്രക്കാരെ ഇറക്കി വിട്ടുകൊണ്ടിരുന്നത് സിപിഐ നേതാക്കള്‍ തടയുകയായിരുന്നു. നൂറ് കണക്കിന് യാത്രക്കാരാണ് നിത്യവും വിവിധ ആവശ്യങ്ങള്‍ക്കായി കാക്കനാട്ടിലേക്ക് എത്തുന്നത്. കാക്കനാട് വരെ ടിക്കറ്റെടുക്കുന്ന യാത്രക്കാരെ മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ ഇറക്കി വിടുകയാണ് പതിവ്. സംഘര്‍ഷത്തിനിടെ എറണാകുളത്തു നിന്ന് കാക്കനാട്ടേക്ക് എത്തിയ ചില ബസ്സുകള്‍ യാത്രക്കാരെ സിവില്‍ സ്റ്റേഷന്‍ സ്റ്റോപ്പ് വരെ കൊണ്ടുപോകാന്‍ തയ്യാറായെങ്കിലും സിഐടിയു തൊഴിലാളികള്‍ തടഞ്ഞത് സംഘര്‍ഷം രൂക്ഷമാക്കി. ഇതിനിടെ സ്ഥലത്തെത്തിയ സിപിഎം അനുകൂല ബസ്സുടമാ സംഘം നേതാക്കള്‍ കൂടി തൊഴിലാളികളുടെ പക്ഷം ചേര്‍ന്നത് പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കി. തൃക്കാക്കര എസ്.ഐ എ.എന്‍ ഷാജുവിന്റെ നേതൃത്വത്തില്‍ പോലീസെത്തിയാണ് സംഘര്‍ഷാവസ്ഥക്ക് അയവുണ്ടാക്കിയത്. ആര്‍ടിഒയുടെ നേതൃത്വത്തില്‍ ബസ് തൊഴിലാളികളും നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും വിജിയിച്ചില്ല. കാക്കനാട് സിവില്‍ സ്റ്റേഷന്‍ സ്റ്റോപ്പില്‍ ഒരേസമയം മൂന്ന് ബസ്സുകള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കണമെന്ന് സിഐടിയു നേതാക്കള്‍ ഉറച്ച നിലപാട് സ്വീകരിച്ചതോടെ ചര്‍ച്ച വഴിമുട്ടി. തുടര്‍ന്ന് ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയിലും പ്രശ്നത്തിന് പരിഹാരമായില്ല. പെര്‍മിറ്റ് പ്രകാരം കളക്‌ട്രേറ്റ് സ്‌റ്റോപ്പില്‍ യാത്രക്കാരെ ഇറക്കി സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യണമെന്നും നിര്‍ദേശം ലംഘിക്കുന്ന ബസ്സുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കളക്ടര്‍ ആര്‍ടിഒക്കും ട്രാഫിക് സി.ഐക്കും കര്‍ശന നിര്‍ദേശം നല്‍കി. എന്നാല്‍ ഇന്നലെ സര്‍വീസ് നടത്താന്‍ ജീവനക്കാര്‍ തയ്യാറായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.