ആതിഥേയരെ ആക്രമിക്കുന്നവര്‍

Friday 22 September 2017 10:12 pm IST

എ ഗ്രൂപ്പിന്റെ ചരിത്രവും ഭൂമിശാസ്ത്രവും കൊച്ചി: കൗമാരതാരങ്ങളുടെ ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശം അടുത്തെത്തുന്നതിനൊപ്പം ടീമുകളും എത്തിത്തുടങ്ങി. ലോക ഫുട്‌ബോളിന്റെ ഭാവി ഇന്ദ്രജാലക്കാര്‍ ആറ് വേദികളിലായാണ് പന്തുതട്ടാനിറങ്ങുന്നത്. ഒക്ടോബര്‍ ആറിന് ന്യൂദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ കൊളംബിയയും ഘാനയും നവിമുംബൈയിലെ ഡോ. ഡി.വൈ. പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ ന്യൂസിലാന്‍ഡും തുര്‍ക്കിയും ഏറ്റുമുട്ടുന്നതോടെ ഫിഫ അണ്ടര്‍ 17 ലോകകപ്പിന് തിരശ്ശീല ഉയരുന്നത്. പിന്നീടുള്ള 23 ദിവസങ്ങളില്‍ 24 ടീമുകളുടെ പോരാട്ടങ്ങള്‍ അവിസ്മരണീയ നിമിഷങ്ങളായിരിക്കും സമ്മാനിക്കുക. ആതിഥേയരെന്ന നിലയില്‍ നേരിട്ട് യോഗ്യത നേടിയ ഇന്ത്യ ഗ്രൂപ്പ് എയിലാണ് കളിക്കുന്നത്. ന്യൂദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയമാണ് ടീം ഇന്ത്യയുടെ ഹോം ഗ്രൗണ്ട്. അമേരിക്ക, കൊളംബിയ, ഘാന എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. 6ന് രാത്രി 8ന് ഇന്ത്യ ആദ്യ മത്സരത്തില്‍ അമേരിക്കയുമായി ഏറ്റുമുട്ടും. ചരിത്രത്തിലാദ്യമായി അണ്ടര്‍ 17 ലോകകപ്പില്‍ പന്തുതട്ടാനിറങ്ങുന്നതിന്റെ ആവേശത്തിലാണ് ആതിഥേയര്‍. ഫുട്‌ബോള്‍ ലോകത്ത് സ്വന്തം മേല്‍വിലാസം കുറിക്കുന്നതിന്റെ ആവേശം. ആതിഥേയരുടെ ആത്മവിശ്വാസം നാട്ടുകാര്‍ക്ക് മുന്നില്‍ പന്തുതട്ടുമ്പോള്‍ പൊരുതിക്കയറാമെന്ന ആത്മവിശ്വാസമാണ് ഇന്ത്യയുടെ കൈമുതല്‍. കനത്ത തയ്യാറെടുപ്പുകളാണ് ലോകകപ്പിനായി നടത്തിയിട്ടുള്ളത്. 2015 മുതല്‍ ടീം വിദേശ പര്യടനങ്ങളില്‍ മുഴുകി. സ്‌പെയിന്‍, ദുബായ്, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ജര്‍മനി, മെക്‌സിക്കോ രാജ്യങ്ങളില്‍ സന്നാഹ മത്സരങ്ങളില്‍ പൊരുതി. മെക്‌സിക്കോയിലും കൊളംബിയയിലും പരാജയപ്പെട്ടെങ്കിലും ചിലിയെ സമനിലയില്‍ പിടിച്ചു. കഴിഞ്ഞ ദിവസം മഡ്ഗാവില്‍ നടന്ന സൗഹൃദ മത്സരത്തില്‍ മൗറീഷ്യസിനെ 3-0ന് തോല്‍പ്പിക്കുക കൂടി ചെയ്തതോടെ ടീം ഏറെ ആത്മവിശ്വാസം നേടി. ഗോവയില്‍ പരിശീലനം തുടരുകയാണ്. ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. മിഡ്ഫീല്‍ഡര്‍ അമര്‍ജിത് സിങ് കിയാമിയാണ് നായകന്‍. മലയാളികള്‍ക്ക് ഏറെ അഭിമാനമായി മധ്യനിര താരം കെ.പി. രാഹുലും ടീമിലുണ്ട്. നമിത് ദേശ്പാണ്ഡെ, സണ്ണി ധലിവാല്‍ എന്നീ വിദേശ ഇന്ത്യന്‍ താരങ്ങളും ടീമില്‍ ഇടം പിടിച്ചു. അമേരിക്കന്‍ പൗരത്വമുള്ള നമിതിന് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ളതിനാലാണ് ടീമിലേക്കു വഴിയൊരുങ്ങിയത്. സണ്ണി ധലിവാല്‍ കനേഡിയന്‍ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ചിട്ടുണ്ട്. ടീം ലോകകപ്പിനായി 28ന് ന്യൂദല്‍ഹിയിലേക്കു തിരിക്കും. അനികേത് ജാദവ് എന്ന കൗമാരക്കാരനാണ് ആക്രമണത്തിന്റെ കുന്തമുന. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി പ്രതീക്ഷയായാണ് അനികേതിനെ കാണുന്നത്. ഇന്ത്യയുടെ ഭാവി ഗോളടിയന്ത്രമെന്നാണ് ഇപ്പോള്‍ തന്നെ വിശേഷണം. പോര്‍ച്ചുഗല്‍ മുന്‍ ദേശീയ താരം ലൂയി നോര്‍ട്ടന്‍ ഡി മാറ്റോസാണ് കോച്ച്. ടീമിന്റെ മോശം പ്രകടനത്തിന്റെ പേരില്‍ നിക്കോളയ് ആദമിനെ പറഞ്ഞു വിട്ടപ്പോള്‍ പകരക്കാരനായി വന്നതാണ് ഡി മാറ്റോസ്. കഴിഞ്ഞ മാര്‍ച്ചിലാണ് ചുമതല ഏറ്റെടുത്തത്. പോര്‍ച്ചുഗല്‍ ക്ലബ്ബ് എസ്.എല്‍ ബെന്‍ഫിക്ക ബി ടീമിന്റെ പരിശീലകനായിരുന്നു. പിഴവില്ലാത്ത പ്രതിരോധ കോട്ട ഒരുക്കുക. വശങ്ങളിലൂടെ മിന്നല്‍ നീക്കങ്ങള്‍ സൃഷ്ടിച്ച് എതിരാളികളെ വിറപ്പിക്കുക എന്നിവയാണ് മാറ്റോസിന്റെ പ്രധാന തന്ത്രങ്ങള്‍. അമേരിക്കക്ക് വേണം കപ്പ് ഇന്ത്യയുടെ ആദ്യ എതിരാളിയായ യുഎസ്എ അണ്ടര്‍ 17 ലോകകപ്പില്‍ 15 തവണ പന്തുതട്ടിയ ടീമാണ്. സ്റ്റാര്‍സ് ആന്‍ഡ് സ്‌ട്രൈപ്‌സ് എന്ന വിളി പേരുള്ള യുഎസ്എ 2013 ല്‍ മാത്രമാണ് ലോകകപ്പിന് യോഗ്യത നേടാതെ പോയത്. 1999-ല്‍ ന്യൂസിലാന്‍ഡില്‍ നടന്ന ലോകകപ്പിലെ നാലാം സ്ഥാനമാണ് മികച്ച പ്രകടനം. 2015ല്‍ ചിലിയില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. കോണ്‍കാകാഫ് അണ്ടര്‍ 17 ടൂര്‍ണമെന്റില്‍ റണ്ണര്‍ അപ്പായി ലോകകപ്പിന് യോഗ്യത നേടി. കലാശപ്പോരില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മെക്‌സിക്കോയോട് പരാജയപ്പെട്ടു. മികച്ച മത്സര പരിചയ സമ്പത്ത് തന്നെയാണ് അമേരിക്കയുടെ കരുത്ത്. ശക്തമായ ആക്രമണ നിരയുമായി എത്തുന്ന ടീമുകള്‍ക്ക് മുന്നില്‍ പാളി പോകുന്ന പ്രതിരോധം തലവേദനയാണ്. കോണ്‍കകാഫ് കപ്പിലെ മികച്ച 11 താരങ്ങളിലെ അഞ്ചു പേര്‍ അമേരിക്കന്‍ നിരയില്‍ നിന്നായിരുന്നു. മിഡ്ഫീല്‍ഡര്‍ ക്രിസ് ഡര്‍കിന്‍, ഗോള്‍ കീപ്പര്‍ ജസ്റ്റിന്‍ ഗാര്‍സസ്, പ്രതിരോധനിരയിലെ ജയ്‌ലിന്‍ ലിന്‍ഡ്‌സെ, ജെയിംസ് സാന്‍ഡ്‌സ്, മുന്നേറ്റത്തിലെ ജോഷ് സാര്‍ജന്റ്. ഇവരിലാണ് അവരുടെ പ്രതീക്ഷയും. മികച്ച ടീമുകളില്‍ ഒന്നായ അവര്‍ക്ക് ഇത്തവണ ഏറെ തെളിയിക്കാനുണ്ട്. ജോണ്‍ ഹാക്ക്‌വര്‍ത്താണ് ടീമിന്റെ പരിശീലകന്‍. 2015 അവസാനത്തിലാണ് ജോണ്‍ പരിശീലക ചുമതലയേറ്റെടുത്തത്. കരുത്തുതെൡയിക്കാന്‍ ഘാന രണ്ട് തവണ ചാമ്പ്യന്മാരാവുകയും അത്രയും തവണ തന്നെ രണ്ടാമതെത്തുകയും ചെയ്ത ടീമാണ് ദി ബ്ലാക്ക് സ്റ്റാര്‍ലെറ്റ് എന്ന് വിളിപ്പേരുള്ള ഘാന. ഇത്തവണ അവര്‍ ലോകകപ്പിനെത്തുന്നത് നാല് ടൂര്‍ണമെന്റുകളുടെ ഇടവേളയ്ക്കുശേഷം. 2007-ല്‍ കളിച്ച് നാലാം സ്ഥാനം നേടിയശേഷം പിന്നീട് ആദ്യമായാണ് യോഗ്യത നേടുന്നത്. 1991 ലും 1995 ലുമായിരുന്നു ലോക കിരീടം. 1993ലും 1997ലും രണ്ടാം സ്ഥാനക്കാര്‍. 1999 ല്‍ മൂന്നാം സ്ഥാനം. ഇത്തവണ ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ റണ്ണറാപ്പായാണ് ഇന്ത്യയിലേക്ക് വരുന്നത്. ലോകകപ്പില്‍ ഒമ്പതാം തവണ. 2011 മുതല്‍ പരിശീലകന്റെ ചുമതല വഹിക്കുന്ന പാ ക്വേസി ഫാബിയനാണ് ടീമിനെ ഒരുക്കിയത്. മികച്ച താരങ്ങളെ കണ്ടെത്തി വളര്‍ത്തി കൊണ്ടു വരുന്നതില്‍ മിടുക്കനാണ് ഫേബിയന്‍. എതിരാളികളുടെ വലകുലുക്കാനുള്ള മികവ് തന്നെയാണ് ഘാനയുടെ ശക്തി. മുന്‍നിര താരങ്ങളില്‍ ചിലര്‍ പരിക്കിന്റെ പിടിയിലാണെന്നത് പ്രശ്‌നമാണ്. എങ്കിലും രണ്ടു തവണ ലോകകപ്പ് നേടിയ ഘാന കറുത്ത കുതിരകളായാല്‍ അത്ഭുതപ്പെടാനില്ല. നായകന്‍ എറിക് ഐയ തന്നെയാണ് ശ്രദ്ധേയതാരം. ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ നാല് ഗോളടിച്ചു ടോപ് സ്‌കോറര്‍ പട്ടവും ചൂടിയാണ് എറിക്കിന്റെ വരവ്. ഇതാ , ഹിഗ്വിറ്റയുടെ ഇളം തലമുറ മൂന്ന് ലോക കപ്പുകള്‍ക്ക് ശേഷം ആദ്യമായാണ് ഹിഗ്വിറ്റയുടെ ഇളം തലമുലറ ലോകകപ്പിനായി ഇന്ത്യയിലെത്തിയിട്ടുള്ളത്. 1989-ല്‍ ആദ്യമായി ലോകകപ്പില്‍ കളിച്ച കൊളംബിയ പിന്നീട് നാല് തവണ കൂടി ടൂര്‍ണമെന്റില്‍ കളിച്ചു. എന്നാല്‍ കിരീടം കിട്ടാക്കനിയാണവര്‍ക്ക്. 2009ലാണ് അവസാനം കളിച്ചത്. രണ്ട് തവണ നാലാം സ്ഥാനം നേടിയത് മികച്ച പ്രകടനം. അണ്ടര്‍ 17 സൗത്ത് അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനക്കാരായാണ് യോഗ്യത നേടിയത്. ഒര്‍ലാന്‍ഡോ റെസ്‌ട്രെപോയാണ് ടീമിന്റെ കോച്ച്. അദ്ദേഹത്തിന്റെ പ്രത്യേക ഇതുവരെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിച്ചിട്ടില്ലെന്നതാണ്. എന്നാല്‍ യുവനിരയെ പരിശീലിപ്പിക്കുന്നതില്‍ മിടുക്കുകാണിച്ചിട്ടുള്ള ഒര്‍ലാന്‍ഡോ 2016 ലാണ് മുഖ്യപരിശീലകനായത്. മിന്നുന്ന ഫോമില്‍ കളിക്കുന്ന ആക്രമണ നിരയുടെ ഗോളടിക്കാനുള്ള കഴിവാണ് കരുത്ത്. അതിവേഗ നീക്കങ്ങളാണ് കൊളംബിയന്‍ ഫുട്‌ബോളിന്റെ ശൈലി. മധ്യനിരയിലെ മിന്നും താരം യാദിര്‍ മെനെസസിലാണ് പ്രതീക്ഷ. കൊളംബിയയുടെ സൂപ്പര്‍ താരം ജെയിംസ് റോഡ്രിഗസിന്റെ പിന്‍ഗാമി എന്ന വിശേഷണവുമായാണ് യാദിര്‍ മെനെസസ് എത്തുന്നത്. സാന്റിയാഗോ, ജുവാന്‍ പെനലോസ, ജാമിന്റന്‍ കാംപസ് എന്നിവര്‍ ആക്രമണത്തിന്റെ കുന്തമുനകളാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.