അനധികൃത നിര്‍മാണം: കുറ്റസമ്മതവുമായി ചെയര്‍മാന്‍

Friday 22 September 2017 10:12 pm IST

കായംകുളം: നഗരത്തില്‍ അനധികൃത നിര്‍മാണവും കൈയേറ്റവും ഉണ്ടെന്നും അധികൃതര്‍ നിസ്സഹായരെന്നും ചെയര്‍മാന്റെ കുറ്റസമ്മതം. നഗരസഭാ ചെയര്‍മാന്‍ എന്‍.ശിവദാസന്‍ മാധ്യമ പ്രവര്‍ത്തകരോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉദ്യോഗസ്ഥരുടെ കുറവും നിയമത്തിലെ പഴുതുകളുമാണ് നഗരത്തില്‍ അനധികൃത നിര്‍മാണങ്ങള്‍ വര്‍ദ്ധിക്കുവാന്‍ കാരണമാകുന്നത്. ആറുമാസമായി ബില്‍ഡിംഗ് ഇന്‍സ്പെക്ടര്‍ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. രണ്ടു ഓവര്‍സിയര്‍മാര്‍ സ്ഥലം മാറിയിട്ട് പകരം നിയമനം നടന്നിട്ടില്ല. മറ്റു ജീവനക്കാരുടെ കുറവും നഗരസഭയ്ക്കുണ്ട്. നഗരസഭയുടെ ലൈസന്‍സുള്ള ബങ്കുകള്‍ നിയമവിരുദ്ധമായി റോഡിലേക്കിറക്കിട്ടുളളതും നിയമവിരുദ്ധ നിര്‍മാണങ്ങളും ഉടന്‍ പൊളിച്ചു മാറ്റും. റോഡു കൈയേറിയുള്ള കച്ചവടം അവസാനിപ്പിക്കാന്‍ പിഡബ്ല്യുഡിയും നഗരസഭയും ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കും. നിയമത്തിലെ പഴുതുകള്‍ അനധികൃത നിര്‍മാണങ്ങള്‍ വര്‍ദ്ധിക്കുവാന്‍ കാരണമാകുന്നു. നിയമവിരുദ്ധമായ നിര്‍മാണങ്ങളില്‍ ഇരട്ടിപിഴ ഈടാക്കി അനുവാദം നല്‍കേണ്ട സ്ഥിതിയുള്ളതായും വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാതെ ഒഴിപ്പിക്കാന്‍ സാധിക്കില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു. അനധികൃത നിര്‍മാണങ്ങളെപ്പറ്റി ലഭിച്ച 67 പരാതികളില്‍ മൂന്നു പരാതികള്‍ പൂര്‍ണ്ണമായും പരിഹരിച്ചു. നാലു കടകളിലെ അനധികൃത നിര്‍മാണം പൊളിക്കാന്‍ ഉത്തരവായി. മുരുക്കുംമൂട് ജംഗ്ഷന് പടിഞ്ഞാറ് കടമുറിയുടെ നിര്‍മാണം സംബന്ധിച്ച് കോടതിയില്‍ കേസുണ്ട്. മറ്റു പരാതികളില്‍ മേല്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ച് നോട്ടീസ് നല്‍കിയെന്നും ചെയര്‍മാന്‍ വിശദീകരിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ കരിഷ്മ ഹാഷിം, ഷാമിലാ അനിമോന്‍, സജ്നാ ഷഹീര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.