നടപടികള്‍ വൈകുന്നു: ജീവനെടുത്ത് റോഡുകള്‍

Friday 22 September 2017 10:13 pm IST

ചാരുംമൂട്: കൊല്ലം-തേനി ദേശീയപാത, കായംകുളം-പുനലൂര്‍ സംസ്ഥാന പാതയിലും വാഹന അപകടങ്ങളില്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടിട്ടും ഗതാഗത പരിഷ്‌ക്കരണ നടപടികള്‍ വൈകുന്നു. അപകടങ്ങള്‍ നടക്കുമ്പോള്‍ മാത്രമാണ് അധികാരികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത്. കൊല്ലം-തേനി പാതയില്‍ താമരക്കുളം മുതല്‍ മാങ്കാംകുഴി വരെയും കായംകുളം -പുനലൂര്‍ റോഡില്‍ കുറ്റിത്തെരുവു മുതല്‍ പഴകുളം വരെയും അതീവ അപകട മേഖലയാണ്. ദിവസേന ചെറുതും വലുതുമായ അനേകം വാഹനാപകടങ്ങള്‍ ഉണ്ടാകുന്നു. ഈ സ്ഥലങ്ങളില്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ സംവിധാനമില്ല. പോലീസ് ഫ്‌ളൈയിങ് സ്‌ക്വാഡിന്റെ സേവനം നിലച്ചിട്ട് മാസങ്ങളായി. സ്പീഡ് ബ്രേക്കറുകള്‍, റിഫ്‌ളക്ടറുകള്‍, സീബ്രാലൈനുകള്‍, ദിശാ സൂചന-അപകട മുന്നറിയിപ്പ് ബോര്‍ഡുകളും നിരീക്ഷണ കാമറകളും സ്ഥാപിച്ചാല്‍ അപകടങ്ങള്‍ കുറയും. നൂറനാട്, വള്ളികുന്നം, വെണ്മണി, കുറത്തികാട് പോലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് ഈ സ്ഥലങ്ങള്‍. സേനയിലെ അംഗങ്ങളുടെ കുറവുകാരണം കൃത്യമായി വാഹന പരിശോധന സാധിക്കുന്നില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നൂറനാട് പോലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ട്രാഫിക് പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്വകാര്യ ബസുകളുടെ മത്സര ഓട്ടമാണ് അപകടങ്ങള്‍ പ്രധാന കാരണം. നിലവില്‍ ഒരു മിനിറ്റും അര മിനിറ്റു വ്യത്യാസത്തില്‍ നല്‍കിയിരിക്കുന്ന പെര്‍മിറ്റുകള്‍ ഒഴിവാക്കി മത്സര ഓട്ടത്തിന് ഇടനല്‍കാത്ത സമയക്രമീകരണം ഏര്‍പ്പെടുത്തണം കൊല്ലം-തേനി പാതയില്‍ ചുനക്കര തെരുവുമുക്കിലെ കൊടുംവളവ് നിവര്‍ത്തണം. ഓട്ടോസ്റ്റാന്‍ഡ് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.