ഭക്ഷ്യസുരക്ഷാ നിയമം മില്ലുകാര്‍ക്ക് തിരിച്ചടിയായി നെല്ല് സംഭരണം അട്ടിമറിക്കാന്‍ നീക്കം

Friday 22 September 2017 10:18 pm IST

കോട്ടയം: വരുന്ന വിളവെടുപ്പ് കാലത്തെ നെല്ല് സംഭരണം അട്ടിമറിക്കാന്‍ മില്ലുകാര്‍ നീക്കം തുടങ്ങി. സംഭരണത്തിന് സപ്ലൈക്കോയുമായി കരാര്‍ ഒപ്പിടുന്നതിന് പകരം വിട്ട് നില്‍ക്കാനാണ് ഭൂരിപക്ഷം മില്ലുകളുടെയും തീരുമാനം. സംഭരിക്കുന്ന നെല്ല് അരിയാക്കി സപ്ലൈക്കോയ്ക്ക് മടക്കി നല്‍കുകയാണ് മില്ലുകാര്‍ ചെയ്യുന്നത്. നൂറ് കിലോ നെല്ലിന് 68 കിലോ അരി എന്ന കണക്കിനാണ് മില്ലുകാരും സപ്ലൈക്കോയും മുന്‍വര്‍ഷങ്ങളില്‍ കരാര്‍ ഒപ്പിട്ടത്. ഈ അളവില്‍ വ്യത്യാസം വേണമെന്നാണ് മില്ലുകാരുടെ പ്രധാന ആവശ്യം. അരിയുടെ അളവ് 68 കിലോയില്‍ നിന്ന് 64 കുറയ്ക്കുകയും ചെയ്യുന്നതിനൊപ്പം കൈകാര്യ ചെലവവും വര്‍ദ്ധിപ്പിക്കുകയും ചെയ്യണം. സര്‍ക്കാരില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നതിനായി രണ്ടാം വിളയുടെ സംഭരണത്തില്‍ നിന്ന് മില്ലുകാര്‍ വിട്ട് നില്‍ക്കുകയാണ്. സംഭരണത്തില്‍ പങ്കെടുത്തിരുന്ന 50 തോളം മില്ലുകളില്‍ വിരലില്‍ എണ്ണാവുന്നത് മാത്രമാണ് മുന്നോട്ട് വന്നിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ സപ്ലൈക്കോയിലെ ഉദ്യോഗസ്ഥരുമായി ഒത്തു ചേര്‍ന്ന് നെല്ല് അരിയാക്കി നല്‍കുന്നതില്‍ വന്‍ വെട്ടിപ്പാണ് നടത്തിയിരുന്നത്. കരിഞ്ചന്തയില്‍ വില്‍ക്കുന്ന റേഷനരി കൂടി ഇടകലര്‍ത്തിയാണ് അരിയാക്കി കൊടുത്തിരുന്നത്. ഇതിലൂടെ കൊള്ള ലാഭമാണ് മില്ലുകാര്‍ ഉണ്ടാക്കിയത്. എന്നാല്‍ കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമം പ്രാബല്യത്തില്‍ വന്നതോടെ റേഷനരിയുടെ കരിഞ്ചന്തയിലേക്കുള്ള ഒഴുക്ക് നിലച്ചു. എഫ്‌സിഐ ഗോഡൗണില്‍ നിന്ന് സപ്ലൈക്കോ അരി നേരിട്ടെടുത്ത് റേഷന്‍കടകളില്‍ എത്തിക്കുന്ന വാതില്‍പ്പടി വിതരണമാണ് നടന്ന് കൊണ്ടിരി്ക്കുന്നത്. വിതരണം ചെയ്യുന്ന ലോറികളില്‍ ജിപിഎസ് സംവിധാനമുണ്ട്. അതിനാല്‍ വഴിതിരിച്ച് വിട്ട് മില്ലുകളിലേക്ക് പോകാനുള്ള സാധ്യതയും അടഞ്ഞു. ഇത്തരമൊരു സാഹചര്യത്തിലാണ് മില്ലുകാര്‍ സമ്മര്‍ദ്ദ തന്ത്രവുമായി രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ നെല്ല് സംഭരണ കാലത്ത് മില്ലുകാര്‍ കര്‍ഷകരെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. നെല്ലിലെ ഈര്‍പ്പത്തിന്റെ പേരില്‍ 30 ശതമാനം വരെ തൂക്കത്തില്‍ അളവ് കുറച്ചിരുന്നു.ഇത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. തൂക്കത്തില്‍ വെട്ടികുറവ് വരുത്തി കര്‍ഷകരെ ചൂഷണം ചെയ്ത് വന്‍കിട മില്ലുകള്‍ വന്‍ലാഭമാണ് ഉണ്ടാക്കിയത്. എന്നാല്‍ കര്‍ഷകര്‍ക്ക് നെല്ലിന്റെ വില കിട്ടാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. നെല്ലിലെ ഈര്‍പ്പത്തിന്റെ പേരില്‍ സംഭരണത്തില്‍ നിന്ന് വിട്ട് നിന്നത് മൂലം കര്‍ഷകര്‍ക്ക് വലിയ നഷ്ടവും സഹിക്കേണ്ടി വന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.