ഇടതും വലതും രാധാകൃഷ്ണന്റെ സ്വന്തം; ചാക്കില്‍ കയറാതെ എന്‍ഫോഴ്‌സ്‌മെന്റ്

Friday 22 September 2017 10:46 pm IST

തിരുവനന്തപുരം: അഴിമതിയും അനധികൃത സ്വത്ത് സമ്പാദനത്തിലും വി.എം. രാധാകൃഷ്ണനെന്ന വിവാദ വ്യവസായിക്ക് തുണ ഇരുമുന്നണികളും. വ്യവസായമന്ത്രിയായിരിക്കെ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പരിലാളനം രാധാകൃഷ്ണന് വേണ്ടുവോളം കിട്ടി. കുഞ്ഞാലിക്കുട്ടി മാറി എളമരം കരീം വ്യവസായ മന്ത്രിയായപ്പോള്‍ രാധാകൃഷ്ണന് ഒരു നഷ്ടവും സംഭവിച്ചില്ല. നേട്ടമാകട്ടെ പറഞ്ഞറിയിക്കാന്‍ കഴിയാത്തവിധവും. അമ്മ നിരക്കീട്ടും മോളു നിരക്കീട്ടും നാഴിയുടെ മൂട് തേഞ്ഞു എന്നുപറഞ്ഞപ്പോലെ പൊതുഖജനാവ് കൊള്ളയടിക്കപ്പെട്ടു. അധ്യാപനം തൊഴിലാക്കി ജീവിതം തുടങ്ങി പിന്നെ അല്‍പകാലം ഗള്‍ഫില്‍ ജോലിചെയ്ത് തിരിച്ചെത്തി മലബാര്‍ സിമന്റ്‌സില്‍ ചെറിയ കരാറുജോലികള്‍ ചെയ്തതാണ് രാധാകൃഷ്ണന്‍. ചാക്ക് ഇറക്കുമതി നടത്തുന്നതിന് വേണ്ടിയായിരുന്നു കരാര്‍. ചാക്കു നല്‍കുന്നതിനാവശ്യമായ ആ ക്വട്ടേഷനകത്ത് തന്നെ കൃത്രിമം നടത്തി കരാറില്‍ പറഞ്ഞിരിക്കുന്ന അളവില്‍ ചാക്ക് നല്‍കാതിരിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി 1998 ല്‍ വിജിലന്‍സ് അന്വേഷണം. പരാതികള്‍ ഉയര്‍ന്നു. വിജിലന്‍സ് അന്വേഷണങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടു. മലബാര്‍ സിമന്റ്‌സുമായി ബന്ധപ്പെട്ട് രാധാകൃഷ്ണന്റെ പേരില്‍ 38 അഴിമതിക്കേസുകളാണ് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഭൂരിഭാഗം കേസുകളിലും തെളിവില്ലാതാക്കി. രാധാകൃഷ്ണന്‍, സ്വാധീനമുറപ്പിച്ചതും അവിഹിത സ്വത്ത് ഉണ്ടാക്കിയതും എന്‍.ആര്‍. സുബ്രഹ്മണ്യം എന്ന ഉദ്യോഗസ്ഥന്‍ 1995 മുതല്‍ 1997 വരെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും തുടര്‍ന്ന് 2002 വരെ മാനേജിങ് ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്ന കാലത്താണ്. സുബ്രമണ്യത്തിന്റെയും ചില രാഷ്ട്രീയനേതാക്കളുടേയും ആശീര്‍വാദത്തോടെ കമ്പനികളുടെ കുത്തക കരാറുകാരനായി മാറി. സുബ്രഹ്മണ്യം മലബാര്‍ സിമന്റ്‌സിന്റെ എംഡി ആയിരുന്ന കാലത്ത് കല്‍ക്കരി ഇറക്കുമതിയുടെ മറവില്‍ തമിഴ്‌നാട്ടിലെ ഖനികളില്‍ നിന്ന് തള്ളിക്കളഞ്ഞ നിലവാരമില്ലാത്ത കല്‍ക്കരി കൊണ്ടുവന്നായിരുന്നു അഴിമതിക്ക് തുടക്കമിട്ടത്. തുടര്‍ന്ന് ഇദ്ദേഹം എംഡിയായി പ്രവര്‍ത്തിച്ച ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ്, കോട്ടയം ട്രാവന്‍കൂര്‍ സിമന്റ്‌സ്, കൊല്ലം കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളെല്ലാം രാധാകൃഷ്ണന്റെ അവിഹിതസ്വത്ത് സമ്പാദ്യ കേന്ദ്രങ്ങളായി മാറുകയായിരുന്നു. ഇതിന് രണ്ടുമുന്നണികളും സൗകര്യമൊരുക്കി. നിരവധി സ്ഥാപനങ്ങളുടെയും കമ്പനികളുടെയും ഉടമയായി വളര്‍ന്ന രാധാകൃഷ്ണന് ലീഗിനെക്കാള്‍ സഹായം ചെയ്തത് സിപിഎമ്മാണ്. സിപിഎം പത്രത്തിന് കലവറയില്ലാത്ത പിന്തുണ നല്‍കി. അഴിമതിക്കെതിരെ സമരം ചെയ്യുന്നു എന്ന പ്രതീതി സൃഷ്ടിച്ച് സിപിഎം പ്ലീനം നടന്നപ്പോള്‍ രാധാകൃഷ്ണന്റെ സൂര്യാഗ്രൂപ്പിന്റെ ആശംസാപരസ്യം ദേശാഭിമാനിയുടെ ഒന്നാംപേജില്‍ തന്നെ നല്കി. മലബാര്‍ സിമന്റ്‌സിലെ അഴിമതിയുമായി ബന്ധപ്പെട്ട് 2000 ത്തില്‍ സിഎജിയുടെ റിപ്പോര്‍ട്ട് വലിയ വിവാദമാകുകയും 2000 കോടിയോളം രൂപയുടെ സാമ്പത്തികനഷ്ടം കമ്പനിക്ക് ഉണ്ടായതായി കണ്ടെത്തുകയും ചെയ്തു. അതേക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ മാത്രം നാലു വിജിലന്‍സ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈ നാലു കേസുകളിലും രാധാകൃഷ്ണന്‍ പ്രതിയായിരുന്നു. മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ത്തന്നെയാണ് രാധാകൃഷ്ണന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയത്. 2003-2007 കാലയളവില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ച അഞ്ച് അഴിമതിക്കേസുകളിലെ പണമിടപാടുകളിലാണ് അന്വേഷണം നടക്കുന്നത്. 2004-2008 കാലയളവില്‍ സമ്പാദിച്ച സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഈ കാലയളവിലാണ് മലബാര്‍ സിമന്റില്‍ ഏറ്റവും വലിയ അഴിമതി നടന്നത് എന്നതാണ് ശ്രദ്ധേയമായത്. സംസ്ഥാനത്തെ ഭരണസംവിധാനം രാധാകൃഷ്ണന്റെ കാല്‍ച്ചുവട്ടിലാണ്. പക്ഷേ എന്‍ഫോഴ്‌സ്‌മെന്റിനെ ചാക്കില്‍ കയറ്റാന്‍ പറ്റില്ലെന്നതാണ് വ്യക്തമായത്. കണ്ടുകെട്ടിയ സ്വത്തിന്  50 കോടി മതിപ്പുവില കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസിലുള്‍പ്പെട്ട വിവാദ വ്യവസായി വി.എം. രാധാകൃഷ്ണന്റെ (ചാക്ക് രാധാകൃഷ്ണന്‍) കണ്ടുകെട്ടിയ സ്വത്തിന് 50 കോടിയോളം മതിപ്പ് വില. 23 കോടിയുടെ സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയതെന്നായിരുന്നു ആദ്യ കണക്കുകള്‍. എന്നാല്‍, മതിപ്പുവില അതിന്റെ ഇരട്ടിയാണ്. കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിലെ സ്വത്താണ് കണ്ടുകെട്ടിയത്. കല്‍പ്പറ്റയിലെ സൂര്യ വിഎംആര്‍ഹോളിഡെയ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, പാലക്കാട്ടെ സൂര്യ റെസിഡന്‍സി, തിരുവനന്തപുരത്ത് ഭാര്യയുടെ പേരിലുള്ള ഭൂമി തുടങ്ങി 11 ഇടങ്ങളിലെ സ്വത്താണ് കണ്ടുകെട്ടിയത്. പാലക്കാട് ഏഴിടങ്ങളില്‍ രാധാകൃഷ്ണന് ഭൂമിയുണ്ട്. മലബാര്‍ സിമന്റ്‌സില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടന്നത് രാധാകൃഷ്ണന്‍ കരാറുകാരനായിരുന്ന 2004-08 കാലത്താണ്. അഞ്ച് കേസുകളില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. മലബാര്‍ സിമന്റ്‌സിന് ഇരുപത്തിമൂന്ന് കോടിയോളം നഷ്ടമുണ്ടായതായാണ് കണക്ക്. ഈ ഇടപാടുകളില്‍ രാധാകൃഷ്ണന്‍ വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്വത്ത് കണ്ടുകെട്ടിയത്.