സര്‍ക്കാര്‍ ഭൂമിയിലൂടെ വഴി വെട്ടി, പാറപൊട്ടിച്ചു

Friday 22 September 2017 11:05 pm IST

ഇടുക്കി: ഇടുക്കി ജില്ലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി കുപ്രസിദ്ധരായ വെള്ളൂക്കുന്നേല്‍ കുടുംബക്കാര്‍ ചിന്നക്കനാല്‍ വില്ലേജില്‍ സര്‍ക്കാര്‍ ഭൂമിയില്‍ റോഡ് വെട്ടുകയും പാറപൊട്ടിക്കുകയും ചെയ്തു. 70 ഏക്കറിലാണ് സംഭവം. ഈ പ്രദേശത്തെ റവന്യൂ വകുപ്പിന്റെ പുല്‍മേടാണ് കൈയേറിയത്. കൈയേറിയ ഭാഗം കരിങ്കല്ല് കെട്ടി അതിര്‍ത്തി തിരിച്ചു. ദിവസങ്ങളായി പണി നടത്തിയിട്ടും പ്രാദേശിക റവന്യൂ ഉദ്യോഗസ്ഥര്‍ സംഭവം രഹസ്യമാക്കി വയ്ക്കുകയായിരുന്നു. വിവാദമായതോടെ ഉടുമ്പന്‍ചോല അഡീഷണല്‍ തഹസീല്‍ദാര്‍ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ വെള്ളൂക്കുന്നേല്‍ കുടുംബത്തില്‍പ്പെട്ട ജിമ്മി സ്‌കറിയയാണ് വസ്തു കൈയേറി പാറപൊട്ടിച്ചതെന്ന് കണ്ടെത്തി. അഞ്ച് മീറ്റര്‍ വീതിയില്‍ ഇരുപത് മീറ്റര്‍ നീളത്തില്‍ റോഡ് വെട്ടി. തൊട്ടടുത്ത് തന്നെ പാറപൊട്ടിച്ച് കൂട്ടിയിരിക്കുന്നതും കണ്ടെത്തി. 15 ലോഡ് പാറ കൂട്ടിയിട്ടിട്ടുണ്ട്. പാറ നീക്കം ചെയ്തതായും സംശയമുണ്ട്. സംഭവത്തില്‍ ഭൂസംരക്ഷണ നിയമ പ്രകാരം കേസെടുത്തു. ക്രിമിനില്‍ കേസെടുക്കാന്‍ റവന്യൂ വകുപ്പ് തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍ ശാന്തന്‍പാറ പോലീസിന് കൈമാറുമെന്ന് അഡീഷണല്‍ തഹസീല്‍ദാര്‍ ഷാജി ജന്മഭൂമിയോട് പറഞ്ഞു. ഒന്നര പതിറ്റാണ്ടിനിടെ പത്തോളം ഭൂമി കൈയേറ്റക്കേസുകളാണ് വെള്ളൂക്കുന്നേല്‍ കുടുംബക്കാര്‍ക്കെതിരെയുള്ളത്. അഞ്ച് മാസം മുന്‍പ് പാപ്പാത്തിച്ചോലയിലെ മുന്നൂറേക്കറോളം ഭൂമി കൈയേറിയത് വെള്ളൂക്കുന്നേല്‍ കുടുംബത്തിലെ ടോമി സ്‌കറിയയാണ്. ഏക്കറുകണക്കിന് ഭൂമിയാണ് കൈയേറിയിട്ടുള്ളത്. ഇവര്‍ കൈയേറ്റക്കാരാണെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ട് പോലും ഇവരെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല. 'വെള്ളൂക്കുന്നേല്‍ സ്‌കറിയാചേട്ടനും മക്കളും കൈയേറ്റക്കാരല്ലെന്നാണ്' മന്ത്രി എം.എം. മണി ഈ കുടുംബക്കാര്‍ക്ക് നല്‍കിയ സര്‍ട്ടിഫിക്കറ്റ്.