ക്ഷേത്രഗോപുരത്തില്‍ കൊടി; ഒടുവില്‍ സിപിഎം ക്ഷമ ചോദിച്ചു

Friday 22 September 2017 11:13 pm IST

ചെങ്ങന്നൂര്‍: പുലിയൂര്‍ മഹാവിഷ്ണു ക്ഷേത്രഗോപുരത്തില്‍ ഡിവൈഎഫ്‌ഐ പതാക സ്ഥാപിച്ചതില്‍ പ്രതിഷേധം വ്യാപകമായതോടെ സിപിഎം ക്ഷമാപണം നടത്തി തടിയൂരാനുളള ശ്രമം ആരംഭിച്ചു. വിവാദമായതോടെ ജാള്യത മറയ്ക്കാന്‍ ഗോപുരത്തില്‍ സ്ഥാപിച്ച കൊടികള്‍ തങ്ങളുടേതല്ലെന്ന പുതിയ നിലപാടുമായി സിപിഎം മാന്നാര്‍ ഏരിയ സെക്രട്ടറി പി.ഡി. ശശിധരന്‍ രംഗത്തെത്തി. ആരാധനാലയങ്ങളുടെ കാര്യത്തില്‍ സിപിഎമ്മിന് വ്യക്തമായ നിലപാടാണ് ഉള്ളത്. ഡിവൈഎഫ്‌ഐയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും സിപിഎം പത്രക്കുറുപ്പില്‍ വ്യക്തമാക്കുന്നു. ഇതോടെ പുലിയൂര്‍ ക്ഷേത്രത്തില്‍ കൊടികള്‍ കെട്ടുകയും ദേവസ്വം മാനേജര്‍ അഴിച്ചുമാറ്റണമെന്ന് നിര്‍ദേശിച്ചപ്പോള്‍ സാദ്ധ്യമല്ലെന്ന നിലപാടുമായി രംഗത്തെത്തിയ മാന്നാര്‍ ഏരീയാ കമ്മറ്റി അംഗം പ്രദീപും കൊടികെട്ടാനെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പാര്‍ട്ടിക്കാരല്ലേ എന്ന ചോദ്യവും ഉയരുന്നു. പാര്‍ട്ടി അറിയാതെയാണെങ്കില്‍ കൊടികെട്ടിയ ഇവര്‍ക്കെതിരെ എന്തു നടപടിയാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും ഭക്തര്‍ ആവശ്യപ്പെട്ടു. ചുവന്ന നക്ഷത്രം ആലേഖനം ചെയ്ത് ഗോപുരത്തില്‍ ഉയര്‍ത്തിയ ഡിവൈഎഫ്‌ഐയുടെ കൊടി വെറുമൊരു വെളളക്കൊടിയാണെന്നും ഇത് പാര്‍ട്ടി പതാകയായി ചിത്രീകരിക്കേണ്ടന്നും പത്രക്കുറിപ്പിലുണ്ട്. പാര്‍ട്ടി നേതൃത്വത്തില്‍ ഭരണം നടക്കുന്ന പുലിയൂര്‍ ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലെ അഴിമതിയിലുള്ള ജനരോഷത്തില്‍ നിന്ന് ശ്രദ്ധതിരിക്കുന്നതിനും നാട്ടില്‍ സംഘര്‍ഷം ഉണ്ടാക്കുവാനുമാണ് സിപിഎം ശ്രമിച്ചത്. ഭക്തര്‍ സംയമനം പാലിച്ചതോടെ സിപിഎം വെട്ടിലായി. പ്രതിഷേധം ശക്തമായതോടെയാണ് വിശ്വാസികളോട് ക്ഷമ ചോദിച്ചും ക്ഷേത്രത്തില്‍ അതിക്രമം കാട്ടിയ അണികളെ തള്ളിപറഞ്ഞും ഏരിയാ സെക്രട്ടറി രംഗത്തെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.