എസ്‌ഐയുടെ തൊപ്പിവെച്ച് സെല്‍ഫി; പ്രതിക്ക് സ്വാതന്ത്ര്യമനുവദിച്ചത് ജാമ്യമില്ലാ വാറണ്ടുകളുള്ളപ്പോള്‍

Friday 22 September 2017 11:17 pm IST

കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ എസ്.ഐയുടെ തൊപ്പി തലയില്‍വെച്ച് അമ്പിളി സെല്‍ഫിയെടുത്തപ്പോള്‍

കോട്ടയം: പോലീസ് സ്‌റ്റേഷനില്‍ എസ്.ഐയുടെ തൊപ്പിതലയില്‍വെച്ച് സിപിഎം നേതാവ് അമ്പിളി സെല്‍ഫിയെടുത്ത സംഭവത്തില്‍ പോലീസ് കൂടുതല്‍ പ്രതിരോധത്തിലായി. നിരവധി കേസുകളില്‍ ജാമ്യമില്ലാ വാറണ്ടുള്ളപ്പോഴാണ് അമ്പിളിയെന്ന മിഥുന് കോട്ടയം ഈസ്റ്റ് സ്റ്റേഷനില്‍ ഈ സ്വാതന്ത്യം ലഭിച്ചതെന്നു വ്യക്തമായി.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെയാണ് ഇടത് ഭരണം വന്നപ്പോള്‍ യുവജനക്ഷേമ ബോര്‍ഡിന്റെ ജില്ലാ കോര്‍ഡിനേറ്ററായി നിയമിച്ചിരുന്നു.
ബിജെപി നേതാവിനെ മര്‍ദ്ദിച്ചതിന് കസ്റ്റഡിയില്‍ എടുത്ത അമ്പിളിയെ സ്‌റ്റേഷനില്‍ ആദരിച്ചിരുത്തിയ സമയം അമ്പിളിക്കെതിരെ അഞ്ചു കേസുകളില്‍ കോടതിയില്‍ നിന്നും ജാമ്യമില്ലാവാറണ്ടുകള്‍ നിലവിലുണ്ടായിരുന്നുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കോട്ടയം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും സിസി 1226/16, 833/17, 871/15, 1418/15, എസ്.ടി 479/15 എന്നീ നമ്പറുകളിലുള്ള കേസുകളിലാണ് ജാമ്യമില്ലാ വാറണ്ടുകള്‍ നിലവിലുണ്ടായിരുന്നത്. ഇത്രയും ജാമ്യമില്ലാ വാറണ്ടുകള്‍ നിലനില്‍ക്കെയാണ് കുമരകത്തും, കോട്ടയത്തും പരസ്യമായി അക്രമം നടത്തി വിഹരിച്ചത്.

ബിജെപി നേതാവായ അറയില്‍ ആന്റണിയെ ഒരു പ്രകോപനവുമില്ലാതെ പരസ്യമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ കുത്തിയിരുപ്പ് സമരം നടത്തിയപ്പോഴാണ് അമ്പിളിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോള്‍ സിപിഎം സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പോലീസിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ തിരികെ വിളിച്ച് സ്‌റ്റേഷന്‍ ജാമ്യംകൊടുത്ത് വിടുകയായിരുന്നു. ഇത് ശരിയായ നടപടിയല്ലെന്ന് പോലീസ് ഉദ്യോഗസ്ഥരില്‍ പലരും അന്നേ അഭിപ്രായപ്പെട്ടിരുന്നു.

കുമരകം ഗ്രാമപഞ്ചായത്തംഗം കൃഷ്‌ണേന്ദു(സേതു)വിനെ പഞ്ചായത്താഫീസിന് സമീപത്ത് വെച്ച് മര്‍ദിച്ച കേസിലടക്കം പ്രതിയാണ്.  ഇയാള്‍ തൊപ്പിയണിഞ്ഞ സംഭവത്തില്‍ രണ്ടുപോലീസുകാരെ പേരിന് സസ്‌പെന്‍ഡ് ചെയ്ത് ഉന്നത ഉദ്യോഗസ്ഥര്‍ തടിയൂരിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ ഇടയില്‍ ഉണ്ടായ അതൃപ്തി ഇപ്പോഴും നിലനില്‍ക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.