'എച്ച്‌ഐവി ബാധ; കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം'

Friday 22 September 2017 11:26 pm IST

ആര്‍സിസിയിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ ആര്‍സിസി യിലേക്ക് നടത്തിയ മാര്‍ച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: ആര്‍സിസിയില്‍ ഒമ്പതു വയസ്സുകാരിക്ക് എച്ച്‌ഐവി അണുബാധ ഉണ്ടായത് കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ആര്‍സിസിയിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ ആര്‍സിസി യിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുറ്റക്കാരെ സംരക്ഷിക്കുന്ന തരത്തിലാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. ഡോക്ടര്‍മാര്‍ നല്‍കുന്ന അന്വേഷണ റിപ്പോര്‍ട്ട് അതേപടി സര്‍ക്കാര്‍ അംഗീകരിക്കുന്നു. കൊടിയ മനുഷ്യാവകാശലംഘനമാണ് ആര്‍സിസിയില്‍ നടന്നുവരുന്നത്.  സംഭവം യുപിയിലായിരുന്നെങ്കില്‍ മുഖ്യമന്ത്രി അപലപിച്ച് ധനസഹായം നല്‍കുമായിരുന്നു. എന്നാല്‍ സ്വന്തം നാട്ടില്‍ ഒരു കുട്ടിക്ക് അത്യാഹിതം ഉണ്ടായപ്പോള്‍ ചികിത്സാ ചിലവിനായി ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വിഷയം വേണ്ട ഗൗരവത്തില്‍ ഇനിയും എടുത്തിട്ടില്ല. രക്തം പരിശോധിച്ച് അണുവിമുക്തമാണോ എന്ന് നോക്കാന്‍ പോലും കഴിയാത്ത സംവിധാനമാണ് ആരോഗ്യ വകുപ്പിന് കീഴിലുള്ളത്.

ആര്‍സിസി വലിയ അഴിമതിയുടെ കേന്ദ്രമായി മാറുകയാണ്. .ആര്‍സിസിയിലെ നിയമനവും പര്‍ച്ചേസിംഗും ടെണ്ടറും സുതാര്യമല്ല. മന്ത്രിമാരുടെയും ഇടത് വലത് നേതാക്കന്മാരുടെയും താല്‍പര്യങ്ങള്‍ക്കുവേണ്ടി ആര്‍സിസിയെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. കേരളത്തിന്റെ മുഖ്യ പ്രതിപക്ഷം ജനദ്രോഹനടപടികള്‍ കണ്ടില്ല എന്ന് നടിക്കുന്നത് ഈ അഴിമതികളില്‍ പ്രതിപക്ഷത്തിനും പങ്കുള്ളതുകൊണ്ടാണ്.

ഇടത് സര്‍ക്കാറിന്റെ ഐശ്വര്യമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാറിയിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അനുരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.എസ് രാജീവ് ,എസ്ടി മോര്‍ച്ച സംസ്ഥാനപ്രസിഡന്റ് പി. സുധീര്‍, സംസ്ഥാന ട്രഷറര്‍ സമ്പത്ത് സംസ്ഥാന സമിതി അംഗങ്ങളായ മണവാരി രതീഷ്, രഞ്ചിത്ത് ചന്ദ്രന്‍, രാഗേന്ദു ജില്ലാ നേതാക്കളായ ചന്ദ്രകിരണ്‍,സതീഷ് ,വിഷ്ണുദേവ് ഉണ്ണിക്കണ്ണന്‍, പ്രശാന്ത്, നന്ദു, സിജുമോന്‍ എന്നിവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.