പേരറിവാളന്റെ പരോള്‍ ഒരു മാസത്തേയ്ക്ക് കൂടി നീട്ടി

Saturday 23 September 2017 12:38 pm IST

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പേരറിവാളന്റെ പരോള്‍ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി.  ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ജയില്‍ വകുപ്പ് പുറത്തിറക്കി. ഒക്ടോബര്‍ 24വരെയാണ് കാലാവധി നീട്ടിയത്. പേരറിവാളന്റെ അമ്മ അര്‍പ്പുതമ്മാള്‍ നല്‍കിയ അപേക്ഷയിലാണ് തീരുമാനം. 26 വര്‍ഷങ്ങള്‍ക്കുശേഷം ഓഗസ്റ്റ് 24നാണ് രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞ പേരറിവാളന്‍(അറിവ്) പരോളില്‍ ജയില്‍മോചിതനായത്. തമിഴ്‌നാട് സര്‍ക്കാര്‍ 30 ദിവസത്തെ പരോളാണ് അനുവദിച്ചത്. പ്രായമായി രോഗാവസ്ഥയില്‍ കഴിയുന്ന മാതാപിതാക്കളെ സന്ദര്‍ശിക്കുന്നതിനാണ് പരോള്‍ അനുവദിച്ചത്. പേരറിവാളന്റെ അമ്മ അര്‍പ്പുതമ്മാളിന്റെ അപേക്ഷ പരിഗണിച്ചായിരുന്നു സര്‍ക്കാര്‍ തീരുമാനം. 1991 മേയ് 21 നാണു രാജീവ് ഗാന്ധി വധിക്കപ്പെട്ടത്. 1998 ജനുവരിയില്‍ പ്രത്യേക കോടതി 26 പ്രതികള്‍ക്കു വധശിക്ഷ വിധിച്ചു. 1999 മേയ് 11ന് ഇവരില്‍ നളിനിയുള്‍പ്പെടെ നാലു പ്രതികള്‍ക്കെതിരായ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പേരറിവാളനെ താമസിപ്പിച്ചിരുന്നത്. കേസില്‍ പ്രതിയായ നളിനിയുടെ വധശിക്ഷ, തമിഴ്‌നാട് മന്ത്രിസഭയുടെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടേയും അഭ്യര്‍ഥനകള്‍ പരിഗണിച്ചു ജീവപര്യന്തമാക്കി നേരത്തേ ഇളവുചെയ്തിരുന്നു. തുടര്‍ന്ന് മറ്റുപ്രതികളുടെയും വധശിക്ഷ കോടതി ജീവപര്യന്തമാക്കി ചുരുക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.