പാക്‌ സന്ദര്‍ശനത്തിന്‌ സമയമായിട്ടില്ലെന്ന്‌ മന്‍മോഹന്‍

Saturday 1 September 2012 11:23 pm IST

ന്യൂദല്‍ഹി: പാക്‌ സന്ദര്‍ശനത്തിന്‌ സാഹചര്യം ഒരുങ്ങിയിട്ടില്ലെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌. പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ തനിക്ക്‌ മതിയായ ആഗ്രഹമുണ്ട്‌. എന്നാല്‍ അതിന്‌ മുമ്പ്‌ മുംബൈ ഭീകരാക്രമണത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരെ പാക്കിസ്ഥാന്‍ പിടികൂടണമെന്നും അദ്ദേഹം പറഞ്ഞു. പാക്‌ മണ്ണില്‍ നിന്നുകൊണ്ട്‌ ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ നിയന്ത്രിക്കാന്‍ പാക്‌ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടായിരിക്കും. എന്നാല്‍ മുംബൈ ഭീകരാക്രമണത്തിലെ പ്രതികളെ വിചാരണ ചെയ്യുവാന്‍ പാക്കിസ്ഥാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാം ഉച്ചകോടിക്കുശേഷം ടെഹ്‌റാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള പ്രധാനമന്ത്രിയുടെ വിമാനയാത്രയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടെഹ്‌റാനില്‍ നടന്ന ഉച്ചകോടിക്കിടെ പാക്‌ പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിനിടയിലാണ്‌ പാക്‌ സന്ദര്‍ശനത്തിന്‌ സര്‍ദാരി മന്‍മോഹനെ ക്ഷണിച്ചത്‌. മുംബൈ ഭീകരാക്രമണം സംബന്ധിച്ച പ്രശ്നം പരിഹരിക്കാന്‍ തയ്യാറാണെന്ന്‌ പാക്‌ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്‌ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാലാണ്‌ ഇതില്‍ ഇടപെടാത്തതെന്നും അദ്ദേഹം പറഞ്ഞു. ഇരുരാഷ്ട്രങ്ങളിലേയും വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച്ചയില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച്‌ തീരുമാനമുണ്ടാകുമെന്നും മന്‍മോഹന്‍ പറഞ്ഞു. ടെഹ്‌റാനില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ മുംബൈ ഭീകരാക്രമണ കേസിലെ പ്രതികളുടെ വിചാരണ പെട്ടെന്നാക്കണമെന്ന്‌ മന്‍മോഹന്‍ സിംഗ്‌ സര്‍ദാരിയോട്‌ ആവശ്യപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.