പമ്പ ത്രിവേണിയിലെ ബലിതര്‍പ്പണം തടയില്ല - മന്ത്രി

Saturday 23 September 2017 3:15 pm IST

പത്തനം‌തിട്ട: പമ്പ ത്രിവേണിയിലെ ബലിതര്‍പ്പണം തടയില്ലെന്ന് വനം മന്ത്രി കെ.രാജു. ആചാരപരമായ ഒരു കാര്യത്തിലും വനം വകുപ്പ് എതിര് പറയില്ലെന്നും മന്ത്രി അറിയിച്ചു. താല്‍ക്കാലികമായി പാട്ടത്തിന് നല്‍കിയ ഭൂമിയില്‍ ബലിതര്‍പ്പണത്തിനായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സീസണ്‍ കഴിഞ്ഞാല്‍ പൊളിച്ച് നീക്കണം. മുന്‍ വര്‍ഷങ്ങളില്‍ നടന്നതു പോലെ പമ്പയില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുമെന്നും മന്ത്രി പത്തനം‌തിട്ടയില്‍ പറഞ്ഞു. നേരത്തെ ത്രിവേണിയിലെ ബലിതര്‍പ്പണം വനംവകുപ്പ് വിലക്കിക്കൊണ്ട് തിരുവിതാംകൂര്‍ ബോര്‍ഡിന് കത്തയച്ചിരുന്നു. പാര്‍ക്കിങ്ങിന് ഒഴികെ മറ്റാവശ്യങ്ങള്‍ക്ക് ത്രിവേണി തീരം ഉപയോഗിക്കാന്‍ പാടില്ലെന്ന് കാണിച്ച് ഗൂഡ്രിക്കല്‍ റേഞ്ച് ഓഫീസറാണ് കത്ത് നല്‍കിയത്. ഇതേത്തുടര്‍ന്നാണ് വിശദീകരണവുമായി മന്ത്രി രംഗത്ത് എത്തിയത്. കക്കിയാറും പമ്പയും സംഗമിക്കുന്ന സ്ഥലമാണ് ത്രിവേണി. ഇവിടം മുതല്‍ ആറാട്ടുകടവ് വരെ മുമ്പ് ബലിതര്‍പ്പണം നടത്തിയിരുന്നു. ഹൈക്കോടതി നിയോഗിച്ച സ്പെഷല്‍ കമ്മിഷണറുടെ നിര്‍ദേശപ്രകാരമാണ് ബലിതര്‍പ്പണം ത്രിവേണിയിലേക്ക് മാത്രം ഒതുക്കിയത്. 1975ലാണ് ത്രിവേണി മേഖല വനം വകുപ്പ് ദേവസ്വം ബോര്‍ഡിന് പാട്ടത്തിന് നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.