മൂന്നാം ഏകദിനം ഇന്ന് : മഴപ്പേടിയില്‍ ഇന്‍ഡോര്‍

Saturday 23 September 2017 8:58 pm IST

ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനം ഇന്ന്. ആദ്യ രണ്ട് കളികളും ജയിച്ച ഇന്ത്യ ഇന്നത്തെ പോരാട്ടവും വിജയിച്ചാല്‍ പരമ്പര സ്വന്തമാകും. ഓസീസിന് പരമ്പരയില്‍ തിരിച്ചുവരണമെങ്കില്‍ ഇന്ന് നിര്‍ണായക പോരാട്ടം. അതിനാല്‍ ജയം മാത്രമാണ് അവരുടെ ലക്ഷ്യം. അതേസമയം മഴപ്പേടിയിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍ഡോറില്‍ കനത്ത മഴയായിരുന്നു. എങ്കിലും മഴദൈവങ്ങള്‍ മാറിനില്‍ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇന്ന് ജയിച്ചാല്‍ നായകന്‍ വിരാട് കോഹ്‌ലിയെ കാത്ത് മറ്റൊരു നാഴികക്കല്ലുകൂടി കാത്തിരിക്കുന്നു. തുടര്‍ച്ചയായ ഒമ്പത് വിജയങ്ങള്‍ എന്ന ധോണിയുടെ റെക്കോര്‍ഡിനൊപ്പമെത്താം കോഹ്‌ലിക്ക്. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിലെ അവസാന മത്സരത്തില്‍ തുടങ്ങിയ ജൈത്രയാത്ര ഓസീസിനെതിരെ കോഹ്‌ലി തുടരുമ്പോള്‍ ഒരു ജയമകലെ ധോണിയുടെ നേട്ടത്തിനൊപ്പം എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. വിന്‍ഡീസിനെതിരെ ഒരു ജയവും തുടര്‍ന്ന് ശ്രീലങ്കക്കെതിരെ വൈറ്റ്‌വാഷ് ജയവും ആയപ്പോള്‍ കോഹ്‌ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീമിന്റെ തുടര്‍ച്ചയായ വിജയങ്ങള്‍ ആറായി. ഓസീസിനെതിരെ തുടര്‍ച്ചയായി രണ്ടു ജയങ്ങള്‍ കൂടി നേടിയതോടെ ജൈത്രയാത്ര എട്ടിലെത്തി. ഓസീസിനെതിരെ മൂന്നാം ഏകദിനത്തിലും വിജയം ആവര്‍ത്തിച്ചാല്‍ കോഹ്‌ലിക്ക് ധോണിക്കൊപ്പമെത്താം. 2008 നവംബര്‍-2009 ഫെബ്രുവരി വരെയാണ് ധോണിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ തുടര്‍ച്ചയായി ഒമ്പതു ജയങ്ങള്‍ നേടിയത്. അന്ന് ഇംഗ്ലണ്ടിനെതിരെയും ശ്രീലങ്കക്കെതിരെയുമായിരുന്നു ജൈത്രയാത്ര. റെക്കോര്‍ഡിനപ്പുറം ഇന്‍ഡോര്‍ ഏകദിനത്തില്‍ ജയിച്ചാല്‍ ഏകദിന റാങ്കിങില്‍ ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്തെത്തുമെന്ന തും കോഹ്‌ലിയെ കാത്തിരിക്കുന്ന നേട്ടമാണ്. ഇന്‍ഡോറിലെ ഹോല്‍കര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന അഞ്ചാമത്തെ മത്സരമാണ് ഇന്ന്. മുന്‍പ് നടന്ന നാലിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. 2015 ഒക്ടോബര്‍ 14ന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് അവസാന ഏകദിനം നടന്നത്. ഈ കളിയില്‍ 22 റണ്‍സിന് ഇന്ത്യ ജയിക്കുകയും ചെയ്തു. 2011-ല്‍ വെസ്റ്റിന്‍ഡീസിനെതിരെ സെവാഗിന്റെ ഏകദിന ഇരട്ട സെഞ്ചുറി പിറന്ന പിച്ചും ഇതുതന്നെ. പൊതുവില്‍ ബാറ്റിങിന് അനുകൂലമായ പിച്ചാണ് ഇന്‍ഡോറിലേത്. എന്നാല്‍ സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചാഹലിനും കുല്‍ദീപ് യാദവിനും തിളങ്ങാന്‍ കഴിയുമെന്നാണ് ക്യൂറേറ്റര്‍ സാമന്ദര്‍ സിങ് ചൗഹാന്‍ പറയുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്നുമായി ഇരുവരും 10 വിക്കറ്റുകളാണ് വീഴ്ത്തിയത്. അങ്ങനെയായാല്‍ ഓസ്‌ട്രേലിയ ഈ മത്സരത്തിലും വെള്ളം കുടിക്കുമെന്ന കാര്യം ഉറപ്പ്. ആദ്യ മത്സരത്തില്‍ പൂജ്യനായി മടങ്ങിയ കോഹ്‌ലി കഴിഞ്ഞ മത്സരത്തില്‍ ഫോമിലേക്ക് മടങ്ങിയെത്തിയത് ഇന്ത്യന്‍ ആത്മവിശ്വാസം ഉയര്‍ത്തുന്നു. അജിന്‍ക്യ രഹാനെയും കഴിഞ്ഞ കൡയില്‍ അര്‍ദ്ധശതകം തികച്ച് മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാല്‍ രോഹിത് ശര്‍മ്മ, മനീഷ് പാണ്ഡെ എന്നിവര്‍ നിരാശപ്പെടുത്തുന്നത് ഇന്ത്യയെ അലട്ടുന്നുണ്ട്. ഇന്ന് മനീഷ് പാണ്ഡെക്ക് പകരം ലോകേഷ് രാഹുലിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. മിസ്റ്റര്‍ കൂള്‍ ധോണി, ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം നടത്തുന്ന ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ നിരയിലെ വിശ്വസ്തരാണ്. ബൗളര്‍മാരും മികച്ച ഫോമിലാണ്. സ്പിന്നര്‍മാര്‍ക്ക് പുറമെ ഭുവനേശ്വര്‍കുമാര്‍, ബുംറ എന്നിവരും എതിര്‍ നിരയുടെ പേടിസ്വപ്‌നമാണ്. അതേസമയം ഓസീസിന് തൊട്ടതെല്ലാം പിഴക്കുകയാണ്. ഡേവിഡ് വാര്‍ണര്‍ ഉള്‍പ്പെടെയുള്ള മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ക്ക് മികച്ച ഇന്നിങ്‌സ് നടത്താന്‍ കഴിയുന്നില്ല. കഴിഞ്ഞ കളിയില്‍ അര്‍ദ്ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ സ്മിത്ത്, ഓള്‍ റൗണ്ടര്‍ സ്‌റ്റോയിന്‍സ് എന്നിവര്‍ ഫോമിലെത്തിയതിന്റെ ലക്ഷണം കാണിച്ചത് മാത്രമാണ് ഏക ആശ്വാസം. എന്നാല്‍ ബൗളിങ് നിര ഏറെ മികച്ചതാണ്. കുമ്മിന്‍സും കള്‍ട്ടര്‍നീലും, റിച്ചാര്‍ഡ്‌സണും ഉള്‍പ്പെട്ട പേസര്‍മാര്‍ ഇന്ത്യയെ വിറപ്പിക്കാന്‍ പോന്നവരാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.