മിന്നല്‍ യാത്രയ്ക്ക് കാത്തിരിക്കാം

Saturday 23 September 2017 9:12 pm IST

1980ലാണ് ഈ ലേഖകന്‍ ആദ്യമായി ഗുജറാത്ത് സന്ദര്‍ശിക്കുന്നത്. നാട്ടില്‍നിന്നും തീവണ്ടിമാര്‍ഗ്ഗം ബോംബെയിലെ ദാദര്‍ സ്റ്റേഷനിലെത്തി (യാത്ര പുറപ്പെട്ടതിന്റെ മൂന്നാം ദിവസം). അതിനുശേഷം മുംബൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നും അഹമ്മദാബാദ് ജനതാ എക്‌സ്പ്രസ്സില്‍ അഹമ്മദാബാദിലേക്ക്. സാധാരണ പ്രവര്‍ത്തി ദിവസം ആയിരുന്നെങ്കിലും വണ്ടിക്കകത്ത് നിന്നുതിരിയാന്‍ ഇടമുണ്ടായിരുന്നില്ല. റെയില്‍വേ ചുമട്ടുതൊഴിലാളികളില്‍ ഒരാള്‍ക്ക് പത്തുരൂപ കൈമടക്ക് നല്‍കിയപ്പോള്‍, അണ്‍റിസര്‍വ്ഡ് കമ്പാര്‍ട്ടുമെന്റുകളില്‍ ഒന്നില്‍ ഒരു സിറ്റു ലഭിച്ചു. സീറ്റുമാത്രം! 534 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ വണ്ടി 12 മണിക്കൂര്‍ സമയം എടുത്തു. ഭാരതത്തിലെ ഏറ്റവും തിരക്കേറിയ റൂട്ടാണ് മുംബൈ- അഹമ്മദാബാദ് എന്നകാര്യം മനസ്സിലാക്കിയത് യാത്രയ്ക്കുശേഷമാണ്. പ്രതിദിനം എട്ടോളം തീവണ്ടികള്‍ ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും തിരക്കിന് കുറവൊന്നും ഇല്ല. മുംബൈ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനം. അഹമ്മദാബാദ് ആകട്ടെ, വാണിജ്യതലസ്ഥാനവും. ഗുജറാത്ത് സംസ്ഥാനം രൂപീകരിച്ചതുതന്നെ മുന്‍ ബോംബെ പ്രോവിന്‍സ് പുനഃസംഘടിപ്പിച്ചുകൊണ്ടാണ്. ഗുജറാത്തികളെ സംബന്ധിച്ചിടത്തോളം, മുംബൈ നഗരം അവരുടെ ഹോം എവേ ഫ്രം ഹോം, അഥവാ വീട്ടിനിന്നും അകലെയുള്ള മറ്റൊരു ഭവനം! മറ്റുനഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തീവണ്ടി സര്‍വ്വീസുകളുടെ കാര്യവും വ്യത്യസ്തമല്ല. പത്തുലക്ഷത്തില്‍ അധികം മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ദില്ലിയില്‍ നിന്നും സംസ്ഥാന തലസ്ഥാനത്തേക്കുള്ള 3032 കിലോമീറ്റര്‍ ദൂരം താണ്ടുന്നതിന് കേരള എക്‌സ്പ്രസ് 52 മണിക്കൂറെടുക്കും. രാജധാനിയും വിമാനസര്‍വ്വീസുകളും സാധാരണക്കാരന് ഇന്നും താങ്ങാന്‍ പറ്റാത്ത 'സുഖലോലുപതകളാണ്.' മനുഷ്യജീവിതത്തിന്റെ നല്ലൊരു ഭാഗവും വണ്ടിക്കകത്തും വണ്ടിക്കുവേണ്ടി കാത്തിരുന്നും ചെലവഴിക്കുന്ന ഭാരതീയന് പ്രത്യാശയുടെ ദീപ്തിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരത്തില്‍ റെയില്‍യാത്ര പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുന്നതിന്റെ മുന്നോടിയായി അഹമ്മദാബാദ്-മുംബൈ അതിവേഗ റെയില്‍ ഇടനാഴിയുടെ നിര്‍മ്മാണ ജോലികള്‍ക്ക് സെപ്തംബര്‍ 14ന് ആരംഭമായി. പ്രധാനമന്ത്രി മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്നാണ് അഹമ്മദാബാദില്‍ ഈ പദ്ധതിക്ക് ശിലാസ്ഥാപനം നടത്തിയത്. 2022 ആഗസ്റ്റ് 15ന് (സ്വതന്ത്രഭാരത്തിന് 75 വയസ്സ് തികയുന്ന ദിനം) രാജ്യത്തെ പ്രഥമ ബുള്ളറ്റ് ട്രെയിന്‍ സര്‍വ്വീസ് ഉദ്ഘാടനം ചെയ്യും. അഹമ്മദാബാദില്‍നിന്നും മുംബൈവരെയുള്ള ദൂരം രണ്ടുമണിക്കൂര്‍കൊണ്ടാണ് ബുള്ളറ്റ് ട്രെയിന്‍ ഓടിത്തീര്‍ക്കുക! ബുള്ളറ്റ് ട്രെയിനിന്റെ വേഗതയെത്രയാണെന്നോ? മണിക്കൂറില്‍ 320 കിലോമീറ്റര്‍. അതായത് സമയം അടിച്ചമര്‍ത്തപ്പെടുകയാണ്. ഈ തീവണ്ടിയുടെ യാത്രയ്ക്കായി അതിവേഗ ട്രാക്കുകളും മറ്റ് അനുബന്ധ പശ്ചാത്തല സൗകര്യങ്ങളും ഒരുക്കുവാനുള്ള ജോലികള്‍ ത്വരിതഗതിയില്‍ നടന്നുവരുന്നു. ഒരു ലക്ഷം കോടി രൂപ ചെലവുവരുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ജപ്പാന്‍ സര്‍ക്കാരിന്റെ സാമ്പത്തിക- സാങ്കേതിക സഹായത്തോടെയാണ് നടപ്പിലാക്കുക. 90,000 കോടി രൂപയുടെ വായ്പയും സാങ്കേതിക വൈദഗ്ധ്യവുമാണ് ജപ്പാന്‍ നല്‍കുക. അതും 0.1 ശതമാനം പലിശക്ക്. 50 വര്‍ഷംകൊണ്ട് തിരിച്ചടച്ചാല്‍ മതി ഈ വായ്പ. പലിശയും മുതലും ചേര്‍ന്ന് പ്രതിവര്‍ഷം 1890 കോടി രൂപയാണ് 50 വര്‍ഷത്തേക്ക് ഭാരതം തിരിച്ചടയ്‌ക്കേണ്ടത്. അതും പദ്ധതി കമ്മീഷന്‍ ചെയ്തു കഴിഞ്ഞതിനുശേഷം. ഭാരതം ഓരോവര്‍ഷവും (2017-2023 കാലയളവില്‍) 20,000 കോടി രൂപ ചെലവാക്കും. 21 കിലോമീറ്റര്‍ ദൂരം കടലിലൂടെയുള്ള ഭൂഗര്‍ഭപാതയും, മറ്റിടങ്ങളില്‍ ആകാശറെയില്‍ വഴിയും (എലിവേറ്റഡ് കോറിഡോര്‍) ആയിരിക്കും ഷിന്‍കാന്‍സെന്‍ എന്ന പേരുള്ള ബുള്ളറ്റ് ട്രെയിന്‍ കുതിക്കുക. ഇതോടെ ഭാരതത്തിലെ തീവണ്ടിസര്‍വ്വീസുകളും സാങ്കേതികമേന്മയും സാമ്പത്തികരംഗവും അതേവേഗത്തില്‍ കുതിച്ചുപായും. യുവ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും, പശ്ചാത്തലവികസനരംഗത്തെക്കുറിച്ച് വളരെയധികം ഗവേഷണം നടത്തി പ്രബന്ധനങ്ങള്‍ അവതരിപ്പിച്ച വ്യക്തിയുമായ നിര്‍മ്മല്‍ ഘോരാവത് പറയുന്നത് ഭാരതത്തിന് നിഷ്പ്രയാസം നടപ്പിലാക്കാവുന്ന പദ്ധതിയാണ് ബുള്ളറ്റ് ട്രെയിന്‍ സര്‍വ്വീസ് എന്നാണ്. രാജ്യത്തെ എല്ലാ മഹാനഗരങ്ങളിലേക്കും ബുള്ളറ്റ് ട്രയിന്‍ സര്‍വ്വീസുകള്‍ തുടങ്ങണം. ഇതു വിജയിക്കില്ല എന്നു പ്രചരിപ്പിക്കുന്നവര്‍ ദോഷൈകദൃക്കുകള്‍ മാത്രം. ഇന്നും അഹമ്മദാബാദ്- മുംബൈ റൂട്ടില്‍ എപ്പോഴും തിരക്കാണ്. ഈ പദ്ധതിക്കുവേണ്ടി അധിക വിഭവസമാഹരണമൊന്നും നടത്തേണ്ട കാര്യമില്ല. 2015ലെ റെയില്‍വേ ബജറ്റില്‍ ഇന്ത്യന്‍ റെയില്‍വേ മീഡിയം ടേം ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ എന്ന വകയില്‍ 8,56020 കോടി രൂപ വകയിരുത്തിയിരുന്നു. ഇതില്‍ 65,000 കോടി രൂപ ആകാശ ഇടനാഴി എന്നറിയപ്പെടുന്ന എലിവേറ്റഡ് കോറിഡോറിനുമാത്രമായാണ് നീക്കിവച്ചിരിക്കുന്നതെന്ന് ഘോരവത് വിശദീകരിക്കുന്നു. 1964ലാണ് ജപ്പാനില്‍ ബുള്ളറ്റ് ട്രെയില്‍ സര്‍വ്വീസ് ആരംഭിച്ചത്. തലസ്ഥാന നഗരമായ ടോക്കിയോയെ വാണിജ്യനഗരമായ ഒഡാകയുമായി ബന്ധിപ്പിക്കുന്നതായിരുന്നു ലോകത്തിലെതന്നെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സര്‍വ്വീസ്. സാധാരണ തീവണ്ടികള്‍ എട്ടുമണിക്കൂറെടുത്തിരുന്നു ഈ ദൂരം താണ്ടാന്‍. പക്ഷേ ബുള്ളറ്റ് ട്രെയിന്‍ വെറും രണ്ടു മണിക്കൂര്‍ 22 മിനിട്ടുകൊണ്ടാണ് യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കുക. ടോക്കിയോ-ഒഡാകാ ദൂരം 552 കിലോമീറ്റര്‍! യുദ്ധാനന്തര ജപ്പാന്റെ സാമ്പത്തിക കുതിച്ചുകയറ്റത്തിന്റെ ബിംബമായി മാറി പക്ഷികളുടെ ചുണ്ടിനെ അനുസ്മരിപ്പിക്കുന്ന രൂപസാദൃശ്യമുള്ള ഷിന്‍കാന്‍സെന്‍ എക്‌സ്പ്രസ്. പതിനായിരം കോടി യാത്രക്കാരെ സുരക്ഷിതരായി ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ച ബുള്ളറ്റ് ട്രെയിനുകള്‍ ഇന്നേവരെ ഒരു ചെറിയ അപകടംപോലും ഉണ്ടാക്കിയിട്ടില്ല. ഈ വണ്ടിയില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സറുകള്‍ക്ക് ഭൂമികുലുക്കംപോലുള്ള അത്യാഹിതങ്ങളും, ട്രാക്കുകളിലെ വിള്ളലുകളും മുന്‍കൂട്ടി 'പ്രവചിക്കാന്‍' കഴിയും. പ്രതിദിനം 350 ബുള്ളറ്റ് ട്രെയിനുകളാണ് ജപ്പാനില്‍ സര്‍വ്വീസ് നടത്തുന്നതെന്ന് യുവപത്രപ്രവര്‍ത്തക പല്ലവി അയ്യര്‍ എഴുതുന്നു. അതും സിപിഎം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അനൗദ്യോഗ മുഖപത്രത്തില്‍. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് ബുള്ളറ്റ് ട്രെയിനുകളുടെ പ്രവര്‍ത്തനക്ഷമതയും ലാഭവും വര്‍ധിക്കുമെന്നാണ് നിര്‍മ്മല്‍ ഘോരാവത് പറയുന്നത്. ''അഹമ്മദാബാദ്-മുംബൈ റൂട്ടില്‍ യാത്രക്കാര്‍ക്ക് ഒരു പഞ്ഞവും ഇല്ല. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ഏറ്റവും വിപ്ലവാത്മകമായ വികസന പ്രവര്‍ത്തനമാണിത്. യാത്രകളും ചരക്കുഗതാഗതവും സുഗമമാകുന്നതനുസരിച്ച് സാമ്പത്തിക രംഗവും വേഗത്തില്‍ വളരും. ഇത് പ്രകൃതി നിയമമാണ്.'' ഘോരാവതിനെ അവിശ്വസിക്കേണ്ട കാര്യമില്ല. യഥാര്‍ത്ഥ സാമ്പത്തിക വിദദ്ധന്‍തന്നെയാണ് അദ്ദേഹം. നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ എന്നൊരു പൊതുമേഖലാ സ്ഥാപനവും ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു. 20,000 സാങ്കേതിക വിദഗ്ധര്‍ക്കാണ് ജപ്പാനിലെ റെയില്‍വേ എഞ്ചിനീയറിങ് വിഭാഗവുമായി ചേര്‍ന്ന് പശിശീലനം നല്‍കി വരുന്നതത്രെ. ഗോള്‍ഡന്‍ ക്വാഡ്രിലാറ്റെറല്‍ എന്ന അതിവേഗ റെയില്‍ സര്‍വ്വീസ് പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. ദില്ലി- കൊല്‍ക്കത്ത (ഹൗറ) റൂട്ടിലും, ദില്ലി- മുംബൈ- ചെന്നൈ റൂട്ടിലും, അതുപോലെ ഭാരതത്തിലെ പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി ചെന്നൈ, ബാംഗ്ലൂര്‍, ലഖ്‌നൗ, വാരണാസി തുടങ്ങിയവയെ രാജധാനിയായ ദില്ലിയുമായി ബുള്ളറ്റ് ട്രെയിനുകള്‍ ഉപയോഗപ്പെടുത്തി ബന്ധിപ്പിക്കാനാണ് ലക്ഷ്യം. പ്രതിപക്ഷത്തെ നേതാക്കള്‍ക്കുമാത്രമേ ഈ പദ്ധതിയെക്കുറിച്ച് സംശയമുള്ളൂ. ജപ്പാന്‍ റെയില്‍വേ ബ്യൂറോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ടോമോയുകി നകാനോ പറയുന്നത് ഭാരതം ബുള്ളറ്റ് ട്രെയിനുകളുടെ രംഗത്ത് മേധാവിത്വം കൈവരിക്കുമെന്നാണ്. പഞ്ചാബിലെ മുന്‍കാല ഫുട്‌ബോള്‍ താരം ഇന്ദര്‍സിങ്ങിന് ജപ്പാന്‍കാര്‍ നല്‍കിയ ഓമനപ്പേരാണ് 'ബുള്ളറ്റ് ട്രെയിന്‍.' 1960കളില്‍ ടോക്കിയോയില്‍ ഫുട്‌ബോള്‍ കളിക്കാനെത്തിയ ഇന്ദറിന്റെ പന്തടക്കവും വേഗതയും ജപ്പാന്‍കാരെ അമ്പരിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രകടനം കണ്ടവര്‍ നല്‍കിയ പേരാണ് ഇന്ത്യയിലെ ബുള്ളറ്റ് ട്രെയിന്‍ എന്നത്. ജലന്ധറിലെ ലീഡേഴ്‌സ് ക്ലബിനുവേണ്ടിയും, ഫഗ്‌വാരയിലെ ജെസിടി മില്‍സിനും വേണ്ടി ബൂട്ടുകെട്ടിയ ബുള്ളറ്റ് ട്രെയിനെയാണ് കേരളീയര്‍ കണ്ടിട്ടുള്ളൂ. ചെന്നൈ- തിരുവനന്തപുരം റൂട്ടില്‍ ബുള്ളറ്റ് ട്രെയിന്‍ ഓടിതുടങ്ങുന്നതുവരെ കാത്തിരിക്കണം നമുക്ക് യഥാര്‍ത്ഥബുള്ളറ്റ് ട്രെയിന്‍ കാണുവാന്‍. അപ്പോള്‍ ചെന്നൈയില്‍ നിന്നും പ്രാതല്‍ കഴിച്ച് തിരുവനന്തപുരത്ത് ഉച്ചഭക്ഷണം കഴിക്കാന്‍ ഇനി വിമാനം കയറേണ്ട കാര്യമില്ല. കേവലം നാലുമണിക്കൂറില്‍ താഴെ സമയംകൊണ്ട് ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തെത്താനാകും, കാത്തിരിക്കാം. (പയനിയര്‍ പത്രത്തിന്റെ തമിഴ്‌നാട്  പ്രതിനിധിയാണ് ലേഖകന്‍)