ശ്രീപദ്മനാഭന്റെ ഗോപുരനടയില്‍

Saturday 23 September 2017 9:10 pm IST

'ഗുരുവായൂരമ്പലനടയില്‍ ഒരു ദിവസം ഞാന്‍ പോകും, ഗോപുരവാതില്‍ തുറക്കും , ഗോപകുമാരനെക്കാണും'എന്നു പാടിയ ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ. യേശുദാസിനുവേണ്ടി ശ്രീപദ്മനാഭന്റെ ഗോപുരവാതില്‍ തുറന്നുകൊടുക്കുമ്പോള്‍, ഹിന്ദു മാനവികതയുടെ മഹത്തായ മൂല്യമാണ് സ്വര്‍ണ്ണത്തിളക്കത്തോടുകൂടി ജനഹൃദയങ്ങളില്‍ നിറയുന്നത്. (വയലാര്‍ ഈ വരികളെഴുതിയത് യേശുദാസിന്റെ ഒരാഗ്രഹം ജനങ്ങളില്‍ എത്തിക്കാന്‍വേണ്ടികൂടിയാണെന്ന് സിനിമാക്കാര്‍ക്കിടയില്‍ അന്നൊരു പറച്ചില്‍ ഉണ്ടായിരുന്നു.) ലോകത്തെ എല്ലാ മനുഷ്യര്‍ക്കും നന്മയുണ്ടാകണമെന്നു പ്രാര്‍ഥിക്കുന്ന മതമാണ് ഹിന്ദുമതമെന്നു യേശുദാസ് പലവേദികളിലും തുറന്നുപറഞ്ഞിട്ടുണ്ട്. 'ലോകാഃ സമസ്താഃ സുഖിനോ ഭവന്തു' എന്ന ആപ്തവാക്യം പലവേദികളിലും അദ്ദേഹം ആവര്‍ത്തിക്കാറുണ്ട്. ഹിന്ദുമതം ജീവിതചര്യയാണെന്നും, ജാതിമത ചിന്തകള്‍ക്ക് അപ്പുറത്തു ലഭിക്കുന്ന ചൈതന്യമാണ് ധ്യാനത്തിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം പറയാറുണ്ട്. ''ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്'' എന്ന ഗുരുദേവകീര്‍ത്തനം പാടിയാണ് യേശുദാസ് ചലച്ചിത്ര സംഗീത ലോകത്ത് ഹരിശ്രീ കുറിച്ചത്. മതത്തിനും ജാതിക്കുമതീതമായി ചിന്തിക്കാന്‍ സന്മനസ്സുള്ള അദ്ദേഹം എല്ലാ വേദികളിലും ഈ വരികള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു പാടാന്‍ സമയം കണ്ടെത്തും. എല്ലാ ജന്മദിനത്തിനും മൂകാംബികയില്‍ പാടാന്‍ എത്തുന്ന, ശബരീശനെ ഹരിവരാസനം പാടി ഉറക്കുന്ന മലയാളത്തിന്റെ മഹാഗായകന്‍, അനന്തപദ്മനാഭന്റെ സന്നിധിയില്‍ സ്വാതി തിരുനാള്‍ രചിച്ച 'യാ തേ പാദസരോജധൂളിരനിശം ബ്രഹ്മാദിഭിര്‍ നിസ്പൃെഹെര്‍' എന്നാരംഭിക്കുന്ന പദ്മനാഭശതകം പാടും എന്നാണ് കരുതുന്നത്. ''ഈ ലോകത്തെ സംരക്ഷിക്കുന്നതും പാപികളെ നശിപ്പിക്കുന്നതുമായ അവിടുത്തെ (ഭഗവാന്റെ) പാദപദ്മധൂളി, ഗുണരഹിതനായ എന്നെ എല്ലായ്‌പ്പോഴും കാത്തുരക്ഷിക്കട്ടെ'' എന്ന അപേക്ഷ പദ്മനാഭ സന്നിധിയില്‍ സംഗീതാര്‍ച്ചനയായി സമര്‍പ്പിക്കാന്‍ വിശ്വഗായകന്‍ തയ്യാറാകുമ്പോള്‍ ഭാരതജനത ഒന്നായിനിന്ന് സ്വീകരിക്കണം. വിവിധ മതവിശ്വാസികള്‍ ഒന്നായി ജീവിച്ചു ലോകത്തിനു മാതൃകയാകുന്നു എന്നതാണ് ഭാരതത്തിന്റെ മഹത്വം. 'നാനാത്വത്തില്‍ ഏകത്വം' എന്ന കാഴ്ചപ്പാട് നമ്മുടെ ശക്തിയാകുന്നു. 'ഭായിയോം ഔര്‍ ബഹനോം' (സഹോദരീസഹോദരന്മാരെ) എന്ന് നമ്മുടെ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ അത് ഹൃദയത്തില്‍നിന്ന് രൂപംകൊള്ളുന്നതാണെന്ന് നാം തിരിച്ചറിയുന്നു. 'യേശുദാസ'നായി ജനിച്ച് 'പദ്മനാഭദാസനായി' പാടാന്‍ എത്തുന്ന പത്മഭൂഷണ്‍ യേശുദാസിന്റെ ഹൃദയവിശാലത മതേതര സങ്കല്‍പ്പത്തിന് മുതല്‍ക്കൂട്ടായി ഓരോ ഭാരതീയനും കരുതണം. ശ്രീകൃഷ്ണനെയും സ്വാമി അയ്യപ്പനെയും മൂകാംബികദേവിയെയും സ്തുതിച്ച് നൂറുകണക്കിന് ഗാനങ്ങള്‍ ആലപിച്ച യേശുദാസ് 'അല്ലാഹു' വിനെയും മനുഷ്യപുത്രനെയും കുറിച്ച് അനേകം പാട്ടുകള്‍ പാടിയിട്ടുണ്ട്. ഇന്ന് ഭാരതത്തില്‍ ജീവിച്ചിരിക്കുന്ന ഏതൊരു ഗായകനെക്കാളും മാനവികതയുടെയും മതസൗഹാര്‍ദ്ദത്തിന്റെയും സന്ദേശം മധുരശബ്ദത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ആത്മാര്‍ഥതയോടെ ജനങ്ങളിലെത്തിച്ച അദ്ദേഹം 'ഞാന്‍ ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നു എന്ന സത്യവാങ്മൂലം ശ്രീപദ്മനാഭ ക്ഷേത്ര ഭരണസമിതിക്ക് സമര്‍പ്പിച്ചപ്പോള്‍ നാം തിരിച്ചറിയേണ്ടത് 'മനുഷ്യന് ഒരു മതം മാത്രമേയുള്ളു' എന്ന ശ്രീനാരായണഗുരുവിന്റെ ഉല്‍ബോധനമാണ്. ആ മതം സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സഹിഷ്ണുതയുടേതുമാണെന്ന മഹത് സന്ദേശമാണ് യേശുദാസ് ലോകത്തിന് നല്‍കുന്നത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സംസ്‌കാരമാണ് 'ഹിന്ദുത്വം'. മതത്തിനും ഉപരിയായ ജീവിത സംസ്‌കാരം. നീതിയുടെയും ധര്‍മ്മത്തിന്റെയും സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ബഹുമാനത്തിന്റെയും സഹിഷ്ണുതയുടെയും ഭാഷയാണ് അത് ലോകത്തെ പഠിപ്പിച്ചത്. അതുകൊണ്ടുതന്നെയാണ് ഹിന്ദുക്ഷേത്രങ്ങളിലെ പ്രവേശനത്തിന് അഹിന്ദു എന്ന വിവേചനം അടിസ്ഥാനമായി സ്വീകരിക്കേണ്ടതുണ്ടോ എന്ന ചര്‍ച്ചകള്‍ സജീവമായി നടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഹിന്ദുരാഷ്ട്രമായ ഭാരതത്തിലെ അഹിന്ദുക്കളുടെ അടിസ്ഥാനം പരിശോധിച്ചു ചെല്ലുമ്പോള്‍ മിക്കവരും ഹിന്ദു മതത്തില്‍നിന്ന് വേറിട്ട് പോയവരാണെന്ന യാഥാര്‍ഥ്യം തിരിച്ചറിയാന്‍ കഴിയും. ഈ കാലഘട്ടത്തില്‍ ജീവിച്ചിരിക്കുന്ന മുതിര്‍ന്നവരില്‍ പലരും അത് ഓര്‍ക്കുകയും ചെയ്യുന്നുണ്ട്. മൂകാംബികയിലും മധുര മീനാക്ഷിയിലും തിരുപ്പതിയിലും ശബരിമലയിലും ഹിന്ദുക്കളോടൊപ്പം മറ്റു മതസ്ഥരും ദര്‍ശനം നടത്താറുണ്ട്, പ്രാര്‍ഥിക്കാറുണ്ട്. ഗുരുവായൂരും പത്മനാഭ സ്വാമിക്ഷേത്രത്തിലും അതുപോലെയുള്ള ചുരുക്കം ക്ഷേത്രങ്ങളിലും യേശുദാസിനെപ്പോലുള്ളവര്‍ ദര്‍ശനത്തിന് ആഗ്രഹം പ്രകടിപ്പിക്കുമ്പോഴാണ് അത് ചര്‍ച്ചാവിഷയമാകുന്നത്. സത്യവാങ്മൂലം എഴുതിവാങ്ങാതെ എല്ലാ ക്ഷേത്രങ്ങളിലും വിശ്വാസികള്‍ക്ക് പ്രവേശനം നല്‍കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുമായും തീരുമാനങ്ങള്‍ എളുപ്പത്തില്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്. 'ലോകാഃ സമസ്താഃ സുഖിനോ ഭവന്തു' എന്ന് നമ്മുടെ പൂര്‍വികര്‍ പഠിപ്പിച്ചത് വെറുതെയല്ല എന്ന് തെളിയിക്കാന്‍ നമുക്ക് ബാദ്ധ്യതയുണ്ട്. നമ്മുടെ സംസ്‌കാരം ലോകത്തിനു മുഴുവന്‍ മാതൃകയാകണം എന്നുണ്ടെകില്‍ നാം വിശാലമായി ചിന്തിക്കുവാന്‍ തയ്യാറാകണം. ''യാ വിശ്വം പ്രപുനാതി ജാല മ ചിരാത് സംശോഷമത്യം ഹസാ സാ മാം ഹീനഗുണം പുനാ തു നിതരാം ശ്രീപദ്മനാഭാന്വഹം'' ഈ 'വിശ്വത്തെ' പരിപാലിക്കുന്നതും പാപസമൂഹത്തെ നശിപ്പിക്കുന്നതുമായ ശ്രീപദ്മനാഭനെയാണ് സ്വാതിതിരുനാള്‍ 'പദ്മനാഭ ശതക'ത്തില്‍ പ്രാര്‍ഥിച്ചത്.വിശ്വ മാനവികതയാണ് ഹിന്ദു സംസ്‌കാരവും ഉദ്‌ഘോഷിക്കുന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.