വിനോദ സഞ്ചാരികളെ ഡിടിപിസി ചൂഷണം ചെയ്യുന്നു

Saturday 23 September 2017 9:12 pm IST

കാഞ്ഞിരപ്പള്ളി: നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ഇല്ലിക്കല്‍കല്ലിലേക്ക് പോക്കറ്റ് നിറയെ കാശുമായി പോകേണ്ട ഗതികേടിലാണ് വിനോദ സഞ്ചാരികള്‍. വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കല്‍ കല്ല് കാണാനെത്തുന്നവരെ ഡിടിപിസി ചൂഷണം ചെയ്യുന്നതായി പരാതി. യഥേഷ്ടം ആര്‍ക്കും എപ്പോഴും ചെല്ലാവുന്ന ഇല്ലിക്കല്‍ കല്ലില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചതോടെയാണ് അധികൃതര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇതിനായി ചുമതലപ്പെടുത്തിയ ഡിടിപിസി അനധികൃതമായി പണം പിരിക്കുന്നുവെന്നാണ് വിനോദസഞ്ചാരികളുടെ പരാതി. പണം വാങ്ങുന്നതല്ലാതെ യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് സാധിച്ചിട്ടില്ലെന്നു നാട്ടുകാര്‍ പറയുന്നു. വിനോദസഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതിനു പകരം എത്താതിരിക്കുന്നതിനുള്ള ശ്രമങ്ങളാണു നടത്തുന്നതെന്നു നാട്ടുകാര്‍ ആരോപിച്ചു. വലിയ വാഹനങ്ങളിലെത്തുന്ന പലരും ഇല്ലിക്കല്‍കല്ല് കാണാതെ മടങ്ങുകയാണ്. മൂന്നിലവ്, തലനാട് പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശത്തെ മലയുടെ പ്രവേശനകവാടത്തില്‍ എത്തുന്നവര്‍ക്ക് 20 രൂപയാണു ഡിടിപിസി വക വാഹനത്തിലെത്താനുള്ള ടിക്കറ്റ്. നടന്നു കയറുന്നവര്‍ 10 രൂപ നല്‍കിയാല്‍ മതി. ചെറുവാഹനങ്ങളില്‍ എത്തുന്നവര്‍ക്കു വലിയ ഭാരമല്ലെങ്കിലും വലിയ ബസുകളില്‍ എത്തുന്നവര്‍ക്കാണു ബുദ്ധിമുട്ട്. ഇല്ലിക്കല്‍കല്ലിലേക്കു വലിയ ബസുകള്‍ കയറി വരാന്‍ ബുദ്ധിമുട്ടാണ്. അതിനാല്‍ അഞ്ചു കിലോമീറ്റര്‍ മാറി മേലടുക്കം വരെയാണു ബസുകള്‍ എത്തുന്നത്. ബസുകളിലെത്തുന്നവരെ ഡിടിപിസി തന്നെ ഇല്ലിക്കല്‍കല്ലിലെത്തിക്കും. എന്നാല്‍, അഞ്ചു കിലോമീറ്റര്‍ ദൂരം ജീപ്പിലെത്തിക്കുന്നതിന് ഈടാക്കുന്നത് ഒരു ജീപ്പിന് ആയിരം രൂപയാണ്. ഒരു ബസിലെത്തുന്ന മുഴുവന്‍പേരെയും എത്തിക്കുന്നതിനു 4000 രൂപയാണ് ഈടാക്കുന്നത്. തുക കൂടുതലായതിനാല്‍ വലിയ ബസുകളിലെത്തുന്നവര്‍ മേലടുക്കത്തെത്തി തിരിച്ചു പോകുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.