26-ാം മൈലിലെ പാലം പുനര്‍ നിര്‍മ്മാണം വൈകും; ശബരിമല തീര്‍ത്ഥാടകരുടെ യാത്ര ദുരിതമാകും

Saturday 23 September 2017 9:14 pm IST

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ പാലം പുനര്‍നിര്‍മാണം ഈ തീര്‍ത്ഥാടനകാലത്തിന് ശേഷം നടത്താന്‍ തീരുമാനിച്ചത് ശബരിമല തീര്‍ത്ഥാടകരെ ബാധിക്കും. തീര്‍ത്ഥാടക വാഹനങ്ങളില്‍ 50 ശതമാനവും എരുമേലിക്ക് പോകുന്നത് ഇരുപത്തിയാറാം മൈല്‍ വഴിയാണ്. ശബരിമല തീര്‍ത്ഥാടനകാലത്ത് പ്രധാനമായും സമാന്തര പാതകള്‍ ഉപയോഗിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ വലിയ യാത്രാ വാഹനങ്ങളിലുള്ള തീര്‍ത്ഥാടന യാത്ര സമാന്തരപാതകളെ കുരുക്കിലാക്കുമെന്നും ആരോപണമുണ്ട്. പുതിയ പാലം നിര്‍മിക്കാനുണ്ടാകുന്ന കാലതാമസം കണക്കിലെടുത്താണ് പാലം നിര്‍മാണം മാറ്റിവെച്ചത്. പാലത്തിന്റെ തൂണുകള്‍ താത്കാലികമായി ബലപ്പെടുത്തുന്നതിനാശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് ചീഫ് എഞ്ചിനീയര്‍ എം.എന്‍.ജീവരാജ് അറിയിച്ചിരുന്നു. അപകടഭീഷണിയായി നില്‍ക്കുന്ന പാലത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരുവശത്തുകൂടി മാത്രമാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്. ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാലത്തിന്റെ നിര്‍മ്മാണത്തിനായുള്ള സാധ്യതാപഠനം വെള്ളിയാഴ്ച ആരംഭിച്ചു. പാലത്തിന്റെ ഇരുവശവും വീതി കൂട്ടിയും കാല്‍നടയാത്രക്കാര്‍ക്ക് നടപ്പാത ഉള്‍പ്പെടെ ഉന്നത നിലവാരത്തിലായിരിക്കും പാലം നിര്‍മ്മിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.