മൈത്രിയില്ലാതെ ജനമൈത്രി പോലീസ് : വിവരശേഖരണം വെറും തട്ടിക്കൂട്ട് പദ്ധതി പാളുന്നു

Saturday 23 September 2017 9:42 pm IST

ഇടുക്കി: ജനമൈത്രി പോലീസിന്റെ വിവരശേഖരണം വെറും പാഴ്‌വേലയാകുന്നു. പോലീസ് സംഘം വീടുവീടാന്തരം കയറി വിവരങ്ങള്‍ ശേഖരിച്ച് ക്രോഡീകരിക്കുന്ന പരിപാടിയാണ് വഴിപാടായത്. എല്ലാ പോലീസ് സ്റ്റേഷനുകളിലും കോണ്‍സ്റ്റബിള്‍ മുതല്‍ എസ്.ഐ വരെയുള്ളവരെ ബീറ്റ് ഓഫീസറായി നിര്‍ദ്ദേശിച്ചാണ് പദ്ധതി തുടങ്ങിയത്. ഓരോ ബീറ്റ് ഓഫീസറും ദിവസം പത്ത് വീടുകള്‍ സന്ദര്‍ശിച്ച് ബീറ്റ് ബുക്കില്‍ വിവരം എഴുതണം. റിപ്പോര്‍ട്ട് സബ്ഡിവിഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം. പ്രധാന സ്റ്റേഷനുകളില്‍ 50 ബീറ്റ് ഉദ്യോഗസ്ഥരെങ്കിലും ഡ്യൂട്ടിയിലുണ്ടാകണം. എത്ര തിരക്കുണ്ടെങ്കിലും പത്ത് വീടുകള്‍ സന്ദര്‍ശിക്കണം. വീഴ്ച വരുത്തിയാല്‍ ശാസനയുണ്ട്. പുരുഷ-വനിത പോലീസ് സംയുക്തമായി വീടുകള്‍ സന്ദര്‍ശിക്കണമെന്നായിരുന്നു ആദ്യ നിര്‍ദ്ദേശം. മാസം യാത്രപ്പടി 500 രൂപ. ഓരോ പോലീസുകാരനും വീട് കയറുന്നതിന്റെ ചുമതല നല്‍കി. പക്ഷെ യാത്രപ്പടിയില്ല. ബീറ്റ് ബുക്ക് പോലും എസ്.ഐമാര്‍ ആരെയെങ്കിലും സ്വാധീനിച്ച് പ്രിന്റ് ചെയ്യിക്കേണ്ട അവസ്ഥയാണ്. വീടുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ബീറ്റ് ബുക്കില്‍ എഴുതി സ്റ്റേഷനുകളില്‍ സൂക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്. ബീറ്റ് ഓഫീസര്‍ സ്ഥലം മാറിപ്പോയാല്‍ ലഭ്യമായ വിവരങ്ങളുടെ തുടര്‍ നടപടി സ്വീകരിക്കാന്‍ പദ്ധതികളില്ല. കിട്ടിയ വിവരങ്ങള്‍ കമ്പ്യൂട്ടറിലാക്കാന്‍സൗകര്യമില്ല.വീട്ടുകാര്‍ പറയുന്ന കാര്യങ്ങള്‍ കുറിച്ചെടുക്കുന്നതല്ലാതെ രേഖകള്‍ ബോധ്യപ്പെടാന്‍ സംവിധാനമില്ല. വിവര ശേഖരണം വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് ജോലിത്തിരക്ക് ഒരു വശത്ത്. മറുവശത്ത് മേലുദ്യോഗസ്ഥരുടെ വിരട്ടല്‍. ഇതിന് ഇരയാകാതിരിക്കാന്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് പേര് കണ്ടെത്തി ബീറ്റ് ബുക്കില്‍ എഴുതുന്ന പരിപാടിയാണിപ്പോള്‍ നടക്കുന്നത്. ഫോണ്‍ നമ്പരുകള്‍ ലഭിക്കാന്‍ ആശാ വര്‍ക്കര്‍മാരുടെയും പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരുടെയും സേവനം തേടും.

കുട്ടിയെ ഉറക്കീട്ട് പോയാല്‍ മതി

വീടുകളിലെത്തുന്ന പോലീസുകാര്‍ക്ക് കയ്‌പ്പേറിയതും മധുരിക്കുന്നതുമായ അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. ഇടുക്കി ജില്ലയിലെ ഒരു വീട്ടിലെത്തിയ പോലീസുകാരന്‍ കോളിങ് ബെല്ലടിച്ചു. ഒന്നരവയസുള്ള കുട്ടിയാണ് ഓടിയെത്തിയത്. യൂണിഫോമില്‍ മുറ്റത്ത് നിന്ന പോലീസുകാരനെ കണ്ട് കുട്ടി പേടിച്ചു. കുട്ടിയുടെ കരച്ചില്‍ കേട്ട് വല്യമ്മയെത്തി. ജനമൈത്രിയുടെ ഭാഗമായി വന്നതാണെന്ന് പോലുകാരന്‍ അറിയിച്ചു. എന്തിന് വന്നതാണെങ്കിലും കുട്ടിയുടെ കരച്ചില്‍ മാറ്റി ഉറക്കിയിട്ട് പോയാല്‍ മതിയെന്ന് വല്യമ്മ പറഞ്ഞപ്പോള്‍ പോലീസുകാരന്‍ വിയര്‍ത്തു. മറ്റൊരു വീട്ടിലെത്തിയപ്പോള്‍ ‘ഞങ്ങളുടെ വിവരങ്ങള്‍ എന്തിനാണ് നിങ്ങള്‍ക്ക്. ഞങ്ങളെ സംരക്ഷിക്കേണ്ട ചുമതല പോലീസിനാണ്. വിവരങ്ങള്‍ നല്‍കുന്നില്ല. ആവശ്യമുള്ളപ്പോള്‍ നിങ്ങളെ വിളിക്കാം. ഫോണ്‍ നമ്പര്‍ ഇങ്ങ് തന്നേക്ക് എന്ന പ്രതികരണമാണുണ്ടായത്. വീടു കയറുന്ന ജോലി തങ്ങള്‍ ചെയ്യേണ്ട കാര്യമില്ലെന്ന് പോലീസ് പറയുന്നു. പോലീസ് മാന്വലില്‍ ഇക്കാര്യങ്ങള്‍ പറയുന്നില്ല. വീട് കയറാത്തതിന് വിശദീകരണം ചോദിച്ചാല്‍ കൃത്യമായി മറുപടി നല്‍കിയാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ.എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവ് ലംഘിച്ചാലുണ്ടാകുന്ന ദുരിതമോര്‍ത്താണ് കുറെയൊക്കെ വീടുകളിലെത്തി വിവരം ശേഖരിക്കുന്നത്.

അവാര്‍ഡ് വാങ്ങാനെന്ന്...

സംസ്ഥാനത്തെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥയ്ക്ക് അവാര്‍ഡ് വാങ്ങാനാണ് പോലീസുകാരെ ഇത്തരത്തില്‍ വീടുകളിലേക്കയച്ച് കഷ്ടപ്പെടുത്തുന്നതെന്നാണ് ഒരു വിഭാഗം പോലീസുകാര്‍ പറയുന്നത്. സംസ്ഥാനത്തെ എല്ലാ വീടുകളിലെയും വിവരങ്ങള്‍ തന്റെ കാലത്ത് ശേഖരിക്കാന്‍ കഴിഞ്ഞു എന്നുള്ള കീര്‍ത്തിയുണ്ടാക്കാണ് നീക്കം. അവര്‍ ആരോപിക്കുന്നു.

റസിഡന്‍സ് അസോസിയേഷന്‍

എല്ലാ വാര്‍ഡുകളിലും ഏഴും എട്ടും റസിഡന്‍സ് അസോസിയേഷനുകള്‍ സ്ഥാപിക്കാനുള്ള മത്സരമാണ് ഡിവൈഎസ്പിമാര്‍ നടത്തുന്നത്. ഈ നീക്കത്തില്‍ പോലീസുകാര്‍ ക്ലേശിക്കുകയാണ്. വാര്‍ഡിലെ പരിചയക്കാരുടെ ഫോണ്‍ നമ്പരുകള്‍ ശേഖരിച്ച് ഡിവൈഎസ്പി ഓഫീസില്‍ നല്‍കും. ഓഫീസില്‍ നിന്ന് വിളിക്കുമ്പോള്‍ റസിഡന്റ് അസോസിയേഷന്റെ ഭാരവാഹിയാണെന്ന് പറഞ്ഞേക്കണമെന്നും പോലീസുകാര്‍ അറിയിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.