'കായല്‍ കൈയേറിയിട്ടില്ല, രാജിവെയ്ക്കില്ല'

Saturday 23 September 2017 9:59 pm IST

കൊച്ചി: റിസോര്‍ട്ടിന് വേണ്ടി മാര്‍ത്താണ്ഡം കായല്‍ കൈയേറിയിട്ടില്ലെന്ന് മന്ത്രി തോമസ് ചാണ്ടി. കരഭൂമിയായി തീറാധാരമുള്ള സ്ഥലമാണ് നികത്തിയത്. സ്ഥലം ഉയര്‍ത്താന്‍ മണ്ണ് ഇട്ടിട്ടുണ്ട്. വാങ്ങിയ അഞ്ച് സെന്റ് സ്ഥലത്ത് മണ്ണിട്ട് ഉയര്‍ത്തി. എന്നാല്‍, അവിടെയുണ്ടെന്ന് പറയുന്ന ഒന്നര സെന്റ് നടപ്പാത കാണിച്ചു തന്നാല്‍ അവിടുത്തെ മണ്ണ് മാറ്റി നല്‍കാന്‍ ഒരുക്കമാണ്. ഒരു സെന്റ് സ്ഥലം പോലും കൈയേറിയെന്ന് ആര്‍ക്കും തെളിയിക്കാനാകില്ല. നികത്തിയത് സര്‍ക്കാര്‍ ഭൂമിയാണെന്ന് കണ്ടെത്തിയാല്‍ വിട്ടുനല്‍കും. ലേക്പാലസ് റിസോര്‍ട്ടിലേക്കുള്ള വഴിക്കു വേണ്ടി നികത്തിയത് സര്‍ക്കാര്‍ ഭൂമിയാണെന്ന് മന്ത്രി സമ്മതിച്ചു. ആരോപണങ്ങളെ നിസ്സാരമായി കാണുന്നു. ഫയലുകള്‍ കാണാതായ വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ മന്ത്രി തട്ടിക്കയറി. മുന്‍സിപ്പിലാറ്റിയുടെ ഫയല്‍ സൂക്ഷിക്കുന്നത് തന്റെ ജോലിയല്ല. കെട്ടിടങ്ങളുടെ അനുമതി സംബന്ധിച്ച വിവാദത്തില്‍ പ്രതികരണത്തിനില്ല. സംഭവത്തില്‍ രാജിയുടെ പ്രശ്‌നം ഉദിക്കുന്നില്ല. ആരോപണങ്ങളുടെ പേരില്‍ രാജിവയ്ക്കില്ല. ആരോപണം മുഴുവന്‍ കെട്ടിച്ചമച്ചതാണ്. പാര്‍ട്ടിയിലും മുന്നണിയിലുമല്ല ഗൂഢാലോചന നടന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന മുന്‍സിപ്പാലിറ്റി തന്നെ അപമാനിക്കാന്‍ നോക്കി നടക്കുകയാണ്. കായല്‍ കൈയേറ്റ വിഷയത്തില്‍ കളക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത് തന്റെ വാദം കേള്‍ക്കാതെയാണ്. സംഭവത്തില്‍ മുഖ്യമന്ത്രി വിശദീകരണം ചോദിച്ചിട്ടില്ല. മാത്തൂര്‍ ദേവസ്വത്തിന്റെ ഭൂമിയെക്കുറിച്ച് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. എഐസിസി അംഗമായിരുന്ന കെ.സി. ഫ്രാന്‍സിസിന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ഭൂമിയായിരുന്നു അത്. പിന്നീട് പോള്‍ ഫ്രാന്‍സിസിന്റെ കൈയില്‍ നിന്നാണ് താന്‍ അത് വാങ്ങിയത്. സ്ഥലം ദേവസ്വം ഭൂമിയായിരുന്നു എന്ന് അറിയില്ലായിരുന്നുവെന്നും തോമസ് ചാണ്ടി പറയുന്നു. കെഎസ്‌യു പ്രതിഷേധം കൊച്ചി: കായല്‍ കൈയേറി റിസോര്‍ട്ട് നിര്‍മിച്ചെന്ന ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ കെഎസ്‌യു പ്രതിഷേധം. എറണാകുളം ടോക്എച്ച് റോഡിലെ തോമസ് ചാണ്ടിയുടെ മകന്റെ വീട്ടിലേക്കാണ് കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ചാണ്ടി മാധ്യമങ്ങളെ കണ്ട ശേഷമായിരുന്നു പ്രതിഷേധം. വീടിന്റെ ഗേറ്റിന് മുകളില്‍ കരിങ്കൊടി കെട്ടി. പ്രതിഷേധക്കാരെ പിന്നീട് മരട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.