4.33 കോടിരൂപ ചെലവില്‍ എംആര്‍ഐ സ്കാന്‍സെന്റര്‍

Saturday 1 September 2012 11:51 pm IST

കൊച്ചി: എന്‍എബിഎച്ച്‌ അക്രഡിറ്റേഷനു പുറമെ ജനറല്‍ ആശുപത്രിയെ തേടി ഫിക്കി അവാര്‍ഡും എത്തി. രാജ്യത്തുതന്നെ പൊതുമേഖയിലുള്ള ആശുപത്രികളില്‍ എന്‍എബിഎച്ച്‌ അക്രഡിറ്റേഷനുള്ള ആറ്‌ ആശുപത്രികളില്‍ ഒന്നാണിത്‌. ഫിക്കി അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്ത ആശുപത്രികളുടെ വിഭാഗത്തില്‍ മൂന്നു ആശുപത്രികളാണുള്ളത്‌. ഇതില്‍ കേരളത്തില്‍നിന്നുള്ള ഏക ആശുപത്രിയായിരുന്നു ഇത്‌. എന്‍ എ ബി എച്ച്‌ അക്രഡിറ്റേഷനുള്ള ഏക സര്‍ക്കാര്‍ ആശുപത്രിയെന്ന പരിഗണനയാണ്‌ ഫിക്കി അവാര്‍ഡിനായി ജനറല്‍ ആശുപത്രിക്കു നാമനിര്‍ദേശം ലഭിക്കാന്‍ കാരണം. കഴിഞ്ഞദിവസം ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ആശുപത്രി ആര്‍എംഒ ഡോ. റഫീക്‌ അവാര്‍ഡ്‌ ഏറ്റുവാങ്ങി. പാര്‍ലമെന്റംഗങ്ങളായ പി. രാജീവിന്റെയും കപില വാത്സ്യായനന്റെയും പ്രാദേശിക വികസന ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ച്‌ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എംആര്‍ഐ സ്കാനിങ്‌ സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക്‌ ഭരണാനുമതി നല്‍കി. 4.33 കോടി രൂപ ചെലവില്‍ സ്കാനിങ്‌ യന്ത്രം സ്ഥാപിക്കുന്നതിനായി രണ്ട്‌ എംപിമാരും ഒന്നരക്കോടി രൂപ വീതമാണ്‌ അനുവദിച്ചിരിക്കുന്നത്‌. ബാക്കിത്തുക കൊച്ചി കപ്പല്‍ശാല നല്‍കും. ആറു മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്‌ പരീത്‌ അറിയിച്ചിട്ടുണ്ട്‌. കൊച്ചിമഹാരാജാവ്‌ 1845-ല്‍ നഗരത്തിലെ ഹൃദയഭാഗത്ത്‌ ആറേക്കര്‍ ഭൂമിയിലാണ്‌ ആശുപത്രി നിര്‍മിച്ചത്‌. ഇന്ന്‌ രാജ്യത്ത്‌ രോഗികള്‍ക്കു മുഴുവന്‍ കിടക്കയ്ക്കരികില്‍ നാലുനേരവും ഭക്ഷണം എത്തിക്കുന്ന ആശുപത്രിയായി ഇത്‌ വളര്‍ന്നു. സംസ്ഥാനത്തെ ആദ്യ റഫറല്‍ ആശുപത്രിയായി ഉയര്‍ത്തപ്പെട്ടതും ജനറല്‍ ആശുപത്രിയാണ്‌. 783 കിടക്കകളുള്ള ഇവിടെ ഇന്ന്‌ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാഷ്വാലിറ്റി, ഓപ്പറേഷന്‍ തീയറ്റര്‍, ടെലഫോണ്‍ എക്സ്ചേഞ്ച്‌, മെഡിക്കല്‍ സ്റ്റോര്‍, സെക്യൂരിറ്റി സേവനം, ആംബുലന്‍സ്‌ സേവനം, ബ്ലഡ്‌ ബാങ്ക്‌, മോര്‍ച്ചറി സംവിധാനം, ഒ.പി.കണ്‍സള്‍ട്ടേഷന്‍, മെഡിക്കല്‍ ലാബ്‌, കാന്റീന്‍ എന്നിവയുമുണ്ട്‌. ആര്‍ എം ഒ ക്വാര്‍ട്ടേഴ്സിന്റെ സ്ഥലമുപയോഗിച്ച്‌ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കും ഡോക്ടര്‍മാര്‍ക്കായി താമസസൗകര്യവും ഒരുക്കുന്നതിന്‌ നടപടി തുടങ്ങിയിട്ടുണ്ട്‌. ആശുപത്രിയില്‍ 12 മെഷീനുകളോടെ സജ്ജമാക്കുന്ന ഡയാലിസിസ്‌ കേന്ദ്രം കഴിഞ്ഞമാസം 12-നാണ്‌ മുഖ്യമന്ത്രി തുറന്നുകൊടുത്തത്‌. അസറ്റ്‌ മെയിന്റനന്‍സ്‌ ഫണ്ട്‌, ആര്‍ എസ്‌ ബി വൈ ഫണ്ട്‌ എന്നിവയുപയോഗിച്ച്‌ ആശുപത്രിയിലെ കാഷ്വാലിറ്റി ബ്ലോക്ക്‌ നവീകരിക്കാനുള്ള പദ്ധതി ഉടന്‍ തുടങ്ങും. നിലവില്‍ ആറു കിടക്കകളാണ്‌ ഇവിടെയുള്ളത്‌. ഇത്‌ 10 ആയി ഉയര്‍ത്തി കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുകയാണ്‌ ലക്ഷ്യം. ആശുപത്രിയിലെ കാന്‍സര്‍ വാര്‍ഡ്‌ 50 ലക്ഷം രൂപ ചെലവില്‍ നവീകരിക്കാനുള്ള പദ്ധതി റോട്ടറി ക്ലബ്‌ ഓഫ്‌ കൊച്ചി വെസ്റ്റ്‌ ഏറ്റെടുത്തിട്ടുണ്ട്‌. വേണ്ടത്ര സൗകര്യമില്ലാതെ കഷ്ടപ്പെടുന്ന കീമോ തെറാപ്പി യൂണിറ്റില്‍ 28 കിടക്കകള്‍ സജ്ജീകരിച്ച്‌ മുഴുവനായി ശീതീകരിക്കുന്ന സംവിധാനമാണ്‌ പദ്ധതിയില്‍ പ്രധാനമായുള്ളത്‌. ഇതോടൊപ്പം കാന്‍സര്‍ വാര്‍ഡ്‌ പുനഃക്രമീകരിക്കാനും ആലോചനയുണ്ട്‌. ആശുപത്രി വികസനത്തില്‍ ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധികളുടെ സംഭാവനയും വിവിധ സന്നദ്ധസംഘടനകള്‍, കേന്ദ്ര-സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവയുടെ പങ്ക്‌ ഏറെ വലുതാണ്‌. ആശുപത്രി വികസനവുമായി ബന്ധപ്പെട്ട ഏതു കാര്യത്തിനും രാഷ്ട്രീയം നോക്കാതെയുള്ള പിന്തുണയാണ്‌ ഇവരില്‍ നിന്നു ലഭിക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.