മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം വിശദീകരണ സമ്മേളനം നാളെ

Saturday 23 September 2017 10:08 pm IST

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനകാര്യത്തില്‍ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഒക്‌ടോബര്‍ രണ്ടിന് നടത്തുന്ന റോഡ് ഉപരോധസമരത്തിന് മുന്നോടിയായുള്ള വിശദീകരണ സമ്മേളനം നാളെ. ടൗണ്‍ഹാളില്‍ രാവിലെ 10 മുതല്‍ നടക്കുന്ന സമ്മേളനത്തില്‍ മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം-പ്രക്ഷോഭത്തിന്റെ നാള്‍വഴികളെക്കുറിച്ച് വിശദീകരിക്കും. ഇതുവരെയുള്ള പ്രക്ഷോഭങ്ങളും മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും വാഗ്ദാനങ്ങളുമടങ്ങിയ പത്ര-ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്തകളുടെ പ്രദര്‍ശനവും നടത്തും. സാമൂഹിക സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം യാഥാര്‍ത്ഥ്യമാകുന്നത് വൈകുന്നതിനാലാണ് ആക്ഷന്‍ കമ്മിറ്റി വീണ്ടും സമരത്തിനിറങ്ങിയത്. കഴിഞ്ഞ മെയ് 26ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം റോഡ് വികസനത്തിന് 50 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായും രണ്ടാം ഗഡുവായി വീണ്ടും ജൂണില്‍ 50 കോടിയും ബാക്കി തുക നവംബറിന് മുന്‍പായും അനുവദിക്കാമെന്ന് മന്ത്രിമാര്‍ സമ്മതിച്ചതുകൊണ്ട് കഴിഞ്ഞ മെയ് 27ന് പ്രഖ്യാപിച്ചിരുന്ന ഉപരോധസമരം എ. പ്രദീപ്കുമാര്‍ എംഎല്‍ എയുടെ അഭ്യര്‍ത്ഥനപ്രകാരം മാറ്റിവെക്കുകയായിരുന്നു. മെയ് 26ന് അനുവദിച്ച 50 കോടിരൂപ 110 ദിവസങ്ങള്‍ക്കു ശേഷമാണ് ജില്ലാ കലക്ടറുടെ അക്കൗണ്ടില്‍ എത്തിയത്. മുന്‍കൂര്‍ ഭൂമി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നല്‍കാന്‍ മാത്രമേ ഈ ഫണ്ട് തികയൂ. 52 കോടി എസ്റ്റിമേറ്റില്‍ ആരംഭിച്ച ഭൂമി ഏറ്റെടുക്കല്‍ ചെലവ് ഇന്ന് 350 കോടി രൂപയില്‍ എത്തി നില്‍ക്കുകയാണ്. ഭരണപക്ഷവും പ്രതിപക്ഷവും റോഡ് വികസനത്തിന് വേണ്ടി ബഹളം കൂട്ടുന്നുണ്ടെങ്കിലും ഭരണതലത്തില്‍ തീരുമാനം നടപ്പാകുന്നില്ല. ഇരുപക്ഷത്തെയും നേതാക്കളുടെ രാഷ്ട്രീയ താല്‍പ്പര്യമാണ് റോഡ് വികസനത്തെ അട്ടിമറിക്കുന്നതെന്ന ആരോപണവും ഉണ്ട്. ഭൂരേഖകള്‍ നല്‍കി കാത്തിരിക്കുന്ന കൂടുതല്‍ പേരുടെ സ്ഥലം ഏറ്റെടുക്കുന്നതിന് 100 കോടി രൂപ ഉടനെയും ബാക്കി തുക നവംബറിന് മുമ്പും അനുവദിക്കുക. കടകള്‍ ഒഴിഞ്ഞു കൊടുത്ത കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഉടന്‍ നഷ്ടപരിഹാരതുക നല്‍കുക. നോട്ടിഫിക്കേഷനില്‍ ബോധപൂര്‍വ്വം വിട്ടുകളഞ്ഞ 87 സെന്റ് സ്ഥലം അടിയന്തിരമായി ഏറ്റെടുക്കുക എന്നിവയാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യങ്ങള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.