ഇടയ്ക്കയിലെ താളപ്പെരുമയ്ക്ക് ഡോക്ടറേറ്റ്

Saturday 23 September 2017 10:13 pm IST

അന്തര്‍ദേശീയ തമിഴ് സര്‍വകലാശാലയുടെ ഡോക്ടറേറ്റ് ബഹുമതി ഇടയ്ക്ക വിദ്വാന്‍ പ്രകാശന്‍ പഴമ്പാലക്കോടിന് ചാന്‍സലര്‍ ഡോ. സെല്‍വകുമാര്‍ സമ്മാനിക്കുന്നു

വിളപ്പിൽ: ഇടയ്ക്കയിലെ താളപ്പെരുമയ്ക്ക് ഡോക്ടറേറ്റ്. പല്ലാവൂർ അപ്പുമാരാരുടെ വത്സലശിഷ്യനും ഇടയ്ക്കയിൽ സപ്തസ്വരങ്ങൾ മീട്ടുന്ന വാദ്യകലാകാരനുമായ പ്രകാശൻ പഴമ്പാലക്കോടിനാണ് അമേരിക്കയിലെ അന്തർദേശീയ തമിഴ് സർവകലാശാല ഇന്നലെ ഡോക്ടറേറ്റ് നൽകി ആദരിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു ഇടയ്ക്ക വിദ്വാൻ ഈ ബഹുമതിക്ക് അർഹനാകുന്നത്.

ചെണ്ടയും ഇടയ്ക്കയും ജനകീയമാക്കാൻ ഓൺലൈനിലൂടെ വിദേശികളുൾപ്പടെ പരിശീലനം നൽകുന്നയാളാണ് പ്രകാശൻ. കേരളത്തിലെ ജയിലുകളിൽ തടവുകാരെ വാദ്യകല പഠിപ്പിച്ച് അരങ്ങേറ്റം കുറിപ്പിച്ചിട്ടുണ്ട്. ഒൻപതാം വയസിൽ തൃശൂർ പൂരത്തിന് കാലം കൊട്ടിക്കയറിയ പ്രകാശൻ നിരവധി പൂരങ്ങൾക്ക് മേളപ്രമാണിയായി. ഗുരുനാഥൻ പല്ലാവൂരിന് ബഹുമതി സമർപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നലെ ചെന്നൈയിൽ നടന്ന ചടങ്ങിൽ ഇന്റർനാഷണൽ തമിഴ് യൂണിവേഴ്‌സിറ്റി ചാൻസലർ ഡോ. സെൽവകുമാർ ഡോക്ടറേറ്റ് സമ്മാനിച്ചു. സംഗീതജ്ഞൻ എസ്.പി. ബാലസുബ്രഹ്മണ്യം, ഗായകൻ മധു ബാലകൃഷ്ണൻ എന്നിവർക്കും ഡോക്ടറേറ്റ് നൽകി ആദരിച്ചു. യൂണിവേഴ്‌സിറ്റി കോ-ഓർഡിനേറ്റർ ഡോ. പെരുമാൾജി, പ്രൊഫ കെ.ജി. ഹരിദാസ് എന്നിവർ സംബന്ധിച്ചു.