ഓച്ചിറ ക്ഷേത്രത്തിനെതിരായ നീക്കം ആസൂത്രിതം: ഹിന്ദു ഐക്യവേദി

Saturday 23 September 2017 10:15 pm IST

ഭക്തജനസംഗമത്തില്‍ കെ.പി. ഹരിദാസ് സംസാരിക്കുന്നു.വി. മുരളീധരന്‍, ആര്‍. മോഹനനന്‍ തുടങ്ങിയവര്‍ സമീപം

കരുനാഗപ്പള്ളി: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിനെതിരായ നീക്കം ആസൂത്രിതമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ്. ഭക്തര്‍ ഈശ്വരതുല്യം ആരാധിക്കുന്ന ഓച്ചിറക്കാളകളെ അറവുശാലയ്ക്ക് വില്‍ക്കുകയും പാര്‍ട്ടി ചാനലിലൂടെ ക്ഷേത്രത്തെ അപമാനിക്കുകയും ചെയ്യുന്നത് ഒരേ ശക്തികളാണ്.

ഗുരുവായൂരിലെ പാര്‍ത്ഥസാരഥീക്ഷേത്രം പിടിച്ചെടുക്കാന്‍ നടത്തിയ നീക്കത്തിന് സമാനമാണ് ഓച്ചിറയിലേതെന്നും അദ്ദേഹം പറഞ്ഞു. കോടിക്കണക്കിനു വരുമാനമുള്ള ക്ഷേത്രം നടയ്ക്കിരുത്തുന്ന ഉരുക്കളെ സംരക്ഷിക്കാന്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഓച്ചിറ പരബ്രഹ്മധര്‍മ്മ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ഹിന്ദുസംഘടനകള്‍ നടത്തിയ ഭക്തജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു എന്നു പറഞ്ഞവര്‍ ഇന്ന് ക്ഷേത്രം കയ്യടക്കാന്‍ ശ്രമിക്കുകയാണ്. ഹിന്ദുത്വത്തെ എതിര്‍ക്കുന്നത് ഫാഷനായി മാറിയിരിക്കുന്നു. ഹിന്ദുവിശ്വാസങ്ങളേയും സംസ്‌കാരത്തേയും അപമാനിയ്ക്കുന്നവര്‍ക്കെതിരെ നടപടി ഇല്ല. ഹിന്ദു ധര്‍മ്മത്തെ സംരക്ഷിക്കണമെന്നു പറയുന്ന ശശികല ടീച്ചര്‍ക്കെതിരെ കേസെടുക്കുന്നു. ‘

ആര്‍. മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് കൊല്ലം വിഭാഗ് കാര്യകാരി സദസ്യന്‍ വി. മുരളീധരന്‍, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ശ്രീഗംഗ, ഐക്യവേദി നേതാക്കളായ വി. സുശികുമാര്‍, തെക്കടം സുദര്‍ശന്‍, പുത്തൂര്‍ തുളസി, ഓച്ചിറ രവികുമാര്‍, സുധീര്‍, കാര്‍ത്തികേയന്‍. ഓച്ചിറ ധര്‍മ്മ സംരക്ഷണ സമിതി സെക്രട്ടറി ഓമനക്കുട്ടന്‍, വിഎച്ച്പി ജില്ലാ സെക്രട്ടറി കെ. ജയദേവന്‍, ആര്‍. രാജേഷ്, വി. ധനരാജന്‍, എ. വിജയന്‍, മണി മോഹനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.