എം.ബി.ബി.എസ് കോഴ: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു

Saturday 16 July 2011 12:19 pm IST

തിരുവനന്തപുരം: കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് പ്രവേശനത്തിന് കോഴ വാങ്ങി വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചുവെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകനായ ശ്രീകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്‌. കാരക്കോണം മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ സീറ്റില്‍ 50 ലക്ഷം വരെ തലവരിപ്പണം വാങ്ങിയെന്ന വാര്‍ത്ത സ്വകാര്യ ടെലിവിഷന്‍ ചാനലാണ്‌ പുറത്തു കൊണ്ടുവന്നത്‌. മനേജുമെന്റ് ക്വാട്ട പ്രവേശനത്തിനുള്ള പ്രത്യേക പ്രവേശനപരീക്ഷ നടക്കുന്നതിന് മുമ്പ് തന്നെ കോളേജ് അധികൃതര്‍ പണം വാങ്ങി പട്ടിക തയാറാക്കുകയായിരുന്നു. വിഷയം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കുകയും സഭ പ്രക്ഷുബ്ധമാവുകയും ചെയ്തു. പരാതിയുണ്ടെങ്കില്‍ മാത്രമേ അന്വേഷണം നടത്തൂവെന്ന നിലപാടാണ് ആരോഗ്യമന്ത്രി സ്വീകരിച്ചത്. വി;എസ് സുനില്‍‌കുമാര്‍ എം.എല്‍.എ അന്വേഷനം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നല്‍കി. പിന്നീട് മനുഷ്യാവകാശ പ്രവര്‍ത്തകനായ ശ്രീകുമാര്‍ നൂറനാടും മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.