രാജിക്കാര്യം പ്രമാണിമാര്‍ തീരുമാനിക്കട്ടെ

Saturday 23 September 2017 10:33 pm IST

മണിയടിച്ചുണര്‍ത്തണോ? കൊച്ചി ബോള്‍ഗാട്ടി പാലസില്‍ സിപിഎം സംഘടിപ്പിച്ച ദക്ഷിണേഷ്യന്‍ കമ്മ്യൂണിസ്റ്റ്, ഇടതു പാര്‍ട്ടികളുടെ സെമിനാര്‍ വേദിയില്‍ ഇടംകിട്ടാത്ത വി.എസ്. അച്യുതാനന്ദന്‍ സദസിലിരുന്ന് ഉറങ്ങുന്നു. പിന്നില്‍ മന്ത്രി എം.എം. മണിയും നിദയ്രിലാണ്( ഫോട്ടോ: രഞ്ജിത്ത് നാരായണന്‍)

കൊച്ചി: കായല്‍ കൈയേറിയ മന്ത്രി തോമസ് ചാണ്ടിയുടെ രാജിയാവശ്യം ശക്തമായിരിക്കെ, മന്ത്രിക്കെതിരെ മുന്‍ മുഖ്യമന്ത്രിയും ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനുമായ വി.എസ്. അച്യുതാനന്ദന്‍ രംഗത്ത്. തോമസ് ചാണ്ടിയെ മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും സംരക്ഷിക്കുന്നതിലുള്ള പ്രതിഷേധം വിഎസ് പരസ്യമായി പ്രകടിപ്പിച്ചു.

ബോള്‍ഗാട്ടി പാലസില്‍ സിപിഎം സംഘടിപ്പിച്ച ഇടതു പാര്‍ട്ടികളുടെ ദക്ഷിണേഷ്യന്‍ സെമിനാറിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി വിഎസ്സിന്റെ പ്രതികരണം.
തോമസ് ചാണ്ടി രാജിവയ്‌ക്കേണ്ടതല്ലേ എന്ന ചോദ്യത്തിന് അതൊക്കെ മന്ത്രിസഭയിലെ പ്രമാണിമാര്‍ തീരുമാനിക്കട്ടെയെന്ന് വിഎസ് പറഞ്ഞു. ഇതുപോലെയുള്ളവരെ കൊണ്ടുനടക്കുന്നത് മന്ത്രിസഭയിലുള്ള പ്രമാണിമാര്‍ക്ക് ഭൂഷണമായി തോന്നിക്കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഴിമതിയാരോപണം നേരിടുന്ന മന്ത്രിയുടെ രാജി ഇനിയും ആവശ്യപ്പെടാത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരായ പടയൊരുക്കമാണ് വിഎസ് നടത്തിയത്. അഴിമതിക്കാരായവരെ സംരക്ഷിക്കുന്ന സമീപനമാണ് മന്ത്രിസഭയിലെ മുഖ്യമന്ത്രി അടക്കമുള്ള പ്രമാണിമാരുടേതെന്നാണ് വിഎസ്സിന്റെ പക്ഷം. മന്ത്രി തോമസ്ചാണ്ടിയുടെ രാജി നീളുന്ന സാഹചര്യമുണ്ടായാല്‍ കൂടുതല്‍ ശക്തമായി രംഗത്തെത്തുമെന്ന സൂചനയും വിഎസിന്റെ വാക്കുകളിലുണ്ട്.

അതേസമയം, സെമിനാറിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉണ്ടായിരുന്നെങ്കിലും ഇരുവരും മാധ്യമങ്ങളോട് സംസാരിച്ചില്ല.
മന്ത്രി തോമസ് ചാണ്ടി കായല്‍ കൈയേറിയത് സ്ഥിരീകരിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതോടെ മന്ത്രിയുടെ രാജി ആവശ്യം ശക്തമായി. ഒരുതുണ്ട് ഭൂമിയെങ്കിലും കൈയേറിയെന്ന് തെളിയിച്ചാല്‍ രാജിവയ്ക്കാമെന്നു പറഞ്ഞ മന്ത്രി തോമസ് ചാണ്ടി, കളക്ടറുടെ റിപ്പോര്‍ട്ട് വന്ന ശേഷവും രാജിയില്ലെന്ന നിലപാടിലാണ്. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കാമെന്നാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ വാദം.