ഷേഖ് ഹസീനയെ വധിക്കാനുള്ള ശ്രമം ഇന്ത്യ തകര്‍ത്തു

Saturday 23 September 2017 10:36 pm IST

ന്യൂദല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെ വധിക്കാനുള്ള ഭീകരരുടെ ശ്രമം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തകര്‍ത്തു. നാലാഴ്ച മുന്‍പാണ് നീക്കം. ഇന്ദിരാഗാന്ധിയെ സ്വന്തം അംഗരക്ഷകര്‍ വധിച്ച മാതൃകയിലായിരുന്നു ശ്രമം. ആഗസ്റ്റ് 24ന് ഹസീനയുടെ പ്രത്യേക സുരക്ഷാ ഗാര്‍ഡുകളിലെ ഏഴു പേരാണ് വധിക്കാന്‍ ശ്രമം നടത്തിയത്. സായാഹ്ന സവാരിക്ക് പുറത്തിറങ്ങുമ്പോള്‍ വധിക്കാനായിരുന്നു പദ്ധതി. ജമായത്ത് ഉള്‍ മുജാഹിദ്ദീന്‍ ഭീകരരായിരുന്നു പിന്നില്‍. ഓഫീസിനു ചുറ്റും സ്‌ഫോടന പരമ്പരയുണ്ടാക്കി സുരക്ഷാ ഗാര്‍ഡുമാരുടെ ശ്രദ്ധ തിരിച്ച് ഹസീനയെ വധിക്കാനായിരുന്നു നീക്കം. ഗാര്‍ഡുമാരും ഭീകരരുമായുള്ള ഫോണ്‍ സംഭാഷണം ചോര്‍ത്തിയ ഇന്ത്യന്‍, ബംഗ്ലാ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ഈ നീക്കം തകര്‍ത്തു. ഗാര്‍ഡുമാരെ അറസ്റ്റ് ചെയ്തു.