ഉത്തരകൊറിയയ്ക്ക് മുകളിലൂടെ ബോംബര്‍ വിമാനം പറത്തി യുഎസ്

Sunday 24 September 2017 9:15 am IST

സോള്‍: ഉത്തര കൊറിയയുടെ ഭീഷണികളൊന്നും വിലപ്പോകില്ലെന്ന് തെളിയിച്ച് അമേരിക്കയുടെ സൈനികാഭ്യാസം. ഉത്തരകൊറിയയുടെ കിഴക്കന്‍ മേഖലയുടെ മുകളിലൂടെയാണ് യുഎസ് ബോംബര്‍ വിമാനങ്ങള്‍ പറത്തിയത്. യുഎസിന്റെ രണ്ട് ബി-1ബി ലാന്‍സര്‍ ബോംബര്‍ വിമാനങ്ങളും അകമ്പടിയായി വ്യോമസേനയുടെ നാലു എഫ്-15സി യുദ്ധ വിമാനങ്ങളുമാണ് ശക്തിപ്രകടനം നടത്തിയത്. യുഎസിനേയും സഖ്യങ്ങളെയും കാക്കാന്‍ മുഴുവന്‍ സൈനിക ശേഷിയും പ്രയോഗിക്കാന്‍ തങ്ങള്‍ സജ്ജമാണെന്ന് പെന്റഗണ്‍ വക്താവ് ഡാന വൈറ്റ് പറഞ്ഞു. സൈനികാഭ്യാസം നടത്തിയതായി ദക്ഷിണ കൊറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. കിങ് ജോങ് ഉന്നിന്റെ ഭീഷണികള്‍ക്കുള്ള മറുപടിയാണ് ബോംബര്‍വിമാനങ്ങളുടെ പറക്കലെന്ന് അമേരിക്ക വ്യക്തമാക്കി.ഉത്തരകൊറിയയുടെ ഏതു ഭീഷണിയും തകര്‍ക്കാന്‍ അമേരിക്കന്‍ സൈന്യം സജ്ജമാണെന്ന് തെളിയിക്കുന്നതിനാണ് സൈനികാഭ്യാസമെന്ന് പെന്റഗണ്‍ പറഞ്ഞു. ആദ്യമായാണ് കൊറിയന്‍ സൈനികവല്‍ക്കരിക്കപ്പെട്ട മേഖലയ്ക്കടുത്തുകൂടി ഏതെങ്കിലുമൊരു അമേരിക്കന്‍ വിമാനം പറക്കുന്നത്. കൊറിയന്‍ മേഖലയില്‍ പ്രശ്‌നം രൂക്ഷമാകുമ്പോഴും നേതാക്കന്‍മാര്‍ തമ്മില്‍ നടക്കുന്ന വാഗ്വാദങ്ങള്‍ക്കു കുറവില്ല. ഉത്തരകൊറിയയെ പൂര്‍ണമായും നശിപ്പിക്കുമെന്ന് ട്രംപ് ചൊവ്വാഴ്ച യുഎന്‍ പൊതുസഭയില്‍ പ്രസംഗിച്ചിരുന്നു. ട്രംപ് കുരയ്ക്കുന്ന പട്ടി മാത്രമാണെന്നായിരുന്നു ഉത്തരകൊറിയയുടെ മറുപടി.