യുദ്ധഭ്രാന്തില്‍ കിമ്മും ട്രംപും

Sunday 24 September 2017 10:52 am IST

പ്രശ്‌ന സങ്കീര്‍ണ്ണമായി നില്‍ക്കുന്ന ചില അവസ്ഥകളെ ചൂടന്‍ വാക്കുകള്‍കൊണ്ട് വിമര്‍ശിക്കുന്നതോ പരിഹസിക്കുന്നതോ അത്തരം ചുറ്റുപാടുകളുമായി ആശങ്കപ്പെട്ടു നില്‍ക്കുന്നവര്‍ക്ക് വലിഞ്ഞു മുറുകിയ മാനസിക സമ്മര്‍ദങ്ങളെ കുറക്കാന്‍ ഉപകരിക്കും. യുദ്ധസമാനമായ അന്തരീക്ഷം ലോകത്തിനു സമ്മാനിച്ചുകൊണ്ട് പരസ്പരും വെല്ലുവിളിക്കുന്ന ട്രംപിനേയും കിമ്മിനേയും കളിയാക്കി എയ്തുവിടുന്ന വാക്കുകള്‍ രസകരമാണ്! ട്രംപും കിമ്മും നഴ്‌സറിക്കുട്ടികളെപ്പോലെ, രണ്ടുപേരും ശാന്തരാകണമെന്ന് റഷ്യ പറയുമ്പോള്‍ ട്രംപ് ഭ്രാന്തനായ യുഎസ് വൃദ്ധന്‍ എന്നാണ് കിം കളിയാക്കുന്നത്. പക്ഷേ ഈ യുദ്ധ ഭ്രാന്തന്മാര്‍ക്ക് ഇതൊന്നും മനസിലാവില്ല. വ്യക്തികളെന്ന നിലയില്‍ തീരെ ശക്തിയില്ലാത്ത ഇവര്‍ സ്വന്തം രാജ്യത്തിന്റെ ശക്തിയുടെ പേരില്‍ അഹങ്കരിക്കുകയാണ്. ഇവര്‍ കാരണം ലോകം മുഴവനും അങ്കലാപ്പിലാണ്. ഏതുനിമിഷവും യുദ്ധം ഉണ്ടാകാം എന്നനിലയിലാണ് രണ്ടുപേരുടേയും പ്രതികരണങ്ങള്‍. വികാരപരമായല്ല കാര്യങ്ങളോടു പ്രതികരിക്കേണ്ടതെന്ന് റഷ്യ പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വന്‍ പ്രതിഷേധവും അഭ്യര്‍ഥനകളും വരുന്നതുകൊണ്ട് ഉത്തരകൊറിയയുടെ സമീപനത്തില്‍ മാറ്റം ഉണ്ടാകുമെന്നാണ് അമേരിക്ക കരുതുന്നത്. പക്ഷേ അമേരിക്ക എന്തു പ്രതീക്ഷിച്ചാലും അതിനപ്പുറംപോകുമെന്നാണ് കിമ്മിന്റെ ഭാഷ്യം. മത്സരിച്ച് ഏറുപടക്കം പൊട്ടിച്ചു കളിക്കുംപോലെയാണ് ഉത്തരകൊറിയ തോന്നുമ്പോഴൊക്കെ മിസൈല്‍ പരീക്ഷണം നടത്തുന്നത്. അമേരിക്കയാകട്ടെ വിമാനവും കപ്പലുംകൊണ്ടാണ് ഭീഷണിപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം ഉത്തരകൊറിയയില്‍ ഭൂകമ്പം ഉണ്ടായി. എന്നാലിത് ആണവപരീക്ഷണം മൂലം ഉണ്ടായതാണെന്നു പിന്നീട് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ കാലത്തിനിടയ്ക്ക് 12 തവണ ഇങ്ങനെ ഉണ്ടായതായാണ് അറിവ്. അമേരിക്കയെ പേടിപ്പിക്കാന്‍ ഭൂമിയെ വിറപ്പിക്കണോ. പക്ഷേ ഇതുചോദിക്കാന്‍ ഉത്തരകൊറിയയില്‍ ആരും ഉണ്ടാവില്ല. ആ നിമിഷം തന്നെ തലപോയിരിക്കും. വിമാന വേധ തോക്കുകള്‍കൊണ്ട് ഒരു ഡസനുലധികം സംഗീതജ്ഞരെ അടുത്തിടെ തുണ്ടം തുണ്ടമാക്കിയിരുന്നു. ക്രൂരനായ കമ്മ്യൂണിസ്റ്റ് ഏകാധിപതിയുടെ ചെയ്തികള്‍ക്ക് അവസാനമില്ല. ഉത്തരകൊറിയയെ പിണക്കാതിരുന്ന ചൈനയുടെ സമീപനത്തില്‍ മാറ്റമുണ്ടായിട്ടുണ്ട്. നാള്‍ക്കു നാള്‍ മുറുകിക്കൊണ്ടിരിക്കുന്ന യുദ്ധ ഭീഷണി ശരിയല്ലെന്നാണ് ചൈനയുടെ നിലപാട്. അമേരിക്കയെ വെല്ലുവിളിക്കുന്നതുകൊണ്ട് കേരളത്തിലെ സിപിഎംമാത്രമായിരിക്കും കിമ്മിനെ പൂജിക്കുന്നത്. അവരുടെ കാര്യവും മനുഷ്യന്റെ കാര്യവും രണ്ടും രണ്ടാണല്ലോ.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.