അലിന്‍ഡ് പാട്ടക്കരാര്‍: മേഴ്‌സിക്കുട്ടിയമ്മ രാജിവെക്കണം - ബിജെപി

Sunday 24 September 2017 11:48 am IST

കുണ്ടറ: പാട്ടക്കരാര്‍ ഇനത്തില്‍ 50 ലക്ഷത്തില്‍ അധികം രൂപ കുടിശ്ശിക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സോമാനി ഗ്രുപ്പിന് കരാര്‍ പുതുക്കിനല്‍കുന്നതിനും ഓണം കഴിഞ്ഞാല്‍ ഫാക്ടറി തുറക്കുമെന്ന് പറഞ്ഞ് ഉദ്ഘാടനം നടത്താനും നേതൃത്വം നല്‍കിയ മന്ത്രി മെഴ്‌സിക്കുട്ടിയമ്മ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന വക്താവ് ജെ.ആര്‍. പദ്മകുമാര്‍ ആവശ്യപ്പെട്ടു. കുണ്ടറ അലിന്‍ഡിന്റെ ഭൂമി സോമാനി ഗ്രൂപ്പിന് കൈമാറ്റം ചെയ്യാനുള്ള കേരളാ സര്‍ക്കാരിന്റെ തട്ടിപ്പിന് എതിരെ ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദുതി കുടിശ്ശിക ഇനത്തിലും നികുതി ഇനത്തിലും ശതകോടികള്‍ സര്‍ക്കാരിന് ലഭിക്കാനുള്ളപ്പോള്‍ സോമാനി ഗ്രുപ്പിന് വേണ്ടി മുഖ്യമന്ത്രിയെ കൊണ്ടുവന്ന് ഉദ്ഘാടനമാമാങ്കം നടത്തിയ മന്ത്രി ജനാധിപത്യ കേരളത്തിന് അപമാനമാണ്. വിരമിച്ച തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള കോടിക്കണക്കിന് രൂപയുടെ അനുകൂല്യങ്ങളെ കുറിച്ച് മിണ്ടാത്ത സര്‍ക്കാര്‍ ഭൂമിക്കച്ചവടം ലക്ഷ്യമിട്ടാണ് നീങ്ങുന്നത്. സോമാനി ഗ്രൂപ്പിന് വേണ്ടി നടത്തിയ ഉദ്ഘാടന മാമാങ്കം സിപിഎമ്മിന്റെ അഭിനവ കോര്‍പറേറ്റ് പ്രേമത്തിന്റെ ഉത്തമ ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പി കുണ്ടറ നിയോജക മണ്ഡലം പ്രസിഡന്റ് നെടുമ്പന ശിവന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നേതാക്കളായ ടി. സുനില്‍ കുമാര്‍ വി. മോഹന്‍ദാസ്, മീയണ്ണൂര്‍ സുരേഷ്, ഇളവൂര്‍ ബാലചന്ദ്രന്‍പിള്ള, ഷിജു.ആര്‍.പിള്ള എന്നിവര്‍ സംസാരിച്ചു. ശ്രീധരന്‍ ആലുംമൂട്, പ്രനീഷ്, സുരേഷ് പെരിനാട്, ജി. സന്തോഷ്, എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.