മതപരിവര്‍ത്തനം: എന്‍ഐഎ പ്രത്യേക ക്യാമ്പ് ഓഫീസ് തുറന്നു

Sunday 24 September 2017 3:11 pm IST

കൊച്ചി: കേരളത്തിലെ ദുരൂഹ മതപരിവര്‍ത്തന കേസുകള്‍ അന്വേഷിക്കാന്‍ എന്‍ഐഎ പ്രത്യേക ക്യാമ്പ് ഓഫീസ് തുറന്നു. കോഴിക്കോട് ആസ്ഥാനമായുള്ള ഓഫീസില്‍ ഭീകരവാദ റിക്രൂട്ട്‌മെന്റ് ഉള്‍പ്പെടെയുള്ള കേസുകള്‍ അന്വേഷിക്കും. തെളിവ് ശേഖരിക്കലും ചോദ്യം ചെയ്യലുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇനി ഇവിടെക്കൂടി കേന്ദ്രീകരിക്കും. വൈക്കം പെണ്‍കുട്ടിയുടെ കേസിനൊപ്പം സംസ്ഥാനത്ത് ഏറ്റവുമധികം ദുരൂഹ മതപരിവര്‍ത്തനങ്ങളും ഭീകരവാദ റിക്രൂട്ടിംഗും നടന്ന കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലെ കേസുകള്‍ കൂടി അന്വേഷണ പരിധിയില്‍ കൊണ്ടു വരുമെന്നാണ് സൂചന. അടുത്തിടെ ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ പെണ്‍കുട്ടികളുടെ മൊഴി ശേഖരിക്കാനുള്ള ശ്രമങ്ങളും അന്വേഷണ ഏജന്‍സി ആരംഭിച്ചു കഴിഞ്ഞു. അതേസമയം കോടതിയെ അധിക്ഷേപിച്ചും വെല്ലുവിളിച്ചും ചില വിധ്വംസക സംഘടനകളും വ്യക്തികളും തുടര്‍ച്ചയായി രംഗത്ത് വരുന്നത് എന്‍ഐഎ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്.