ഷാര്‍ജ ഭരണാധികാരിക്ക് ഊഷ്മള സ്വീകരണം

Sunday 24 September 2017 11:17 pm IST

തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീംകൗണ്‍സില്‍ അംഗവുമായ ഡോ. ഷെയിഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് തിരുവനന്തപുരത്ത് ഊഷ്മള സ്വീകരണം. ഇന്നലെ വൈകുന്നേരം 3.30ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ഔദ്യോഗിക ബോയിംഗ് വിമാനത്തിലാണ് അദ്ദേഹം എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കെ.കെ. ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.ടി. ജലീല്‍, മേയര്‍ വി.കെ. പ്രശാന്ത്, ചീഫ്‌സെക്രട്ടറി കെ.എം. അബ്രഹാം, മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ സെക്രട്ടറി നളിനി നെറ്റോ, കളക്ടര്‍ ഡോ വാസുകി, വ്യവസായി എം.എ. യൂസഫലി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് കേരള പോലീസ് പുരുഷ, വനിതാ സേനാവിഭാഗങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. സ്വീകരണങ്ങളേറ്റു വാങ്ങിയ ശേഷം അദ്ദേഹം കോവളം ലീല ഹോട്ടലിലേക്ക് പോയി. ഷാര്‍ജ ഭരണാധികാരി 28 വരെ കേരളത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഇന്നു രാവിലെ 10.55 ന് രാജ്ഭവനിലെത്തുന്ന ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12.45ന് ഗവര്‍ണര്‍ ഒരുക്കുന്ന വിരുന്നില്‍ പങ്കെടുക്കും.       വൈകിട്ട് 6.30 ന് കോവളം ഹോട്ടല്‍ ലീലാ റാവിസില്‍ ഒരുക്കുന്ന സാംസ്‌കാരിക പരിപാടിയിലും മുഖ്യമന്ത്രി ഒരുക്കുന്ന വിരുന്നിലും പങ്കെടുക്കും.