മത്സ്യമാര്‍ക്കറ്റിന് നേരെ ആക്രമണം

Sunday 24 September 2017 8:39 pm IST

തൊടുപുഴ: വെങ്ങല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന നീരാളി മത്സ്യമാര്‍ക്കറ്റിന് നേരെ ആക്രമണം. ശനിയാഴ്ച രാത്രിയാണ് മാര്‍ക്കറ്റിലേക്ക് മീനുമായി എത്തിയ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. മൂന്ന് വാഹനങ്ങളുടെ ചില്ല് അക്രമികള്‍ എറിഞ്ഞ് തകര്‍ത്തു. വാഹനത്തിന്റെ ഡ്രൈവര്‍മാര്‍ക്കും ഒപ്പമുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റു. കാഞ്ഞാര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള അമ്പതോളം പോലീസുകാര്‍ സ്ഥലത്ത് നിലയുറപ്പിച്ചിട്ടും മാരകായുധങ്ങളുമായി എത്തിയ അക്രമികളെ തടയാന്‍ ശ്രമിച്ചില്ല.പുലര്‍ച്ചെ വരെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അക്രമികള്‍ മടങ്ങിപ്പോയത്. മാര്‍ക്കറ്റിലേക്ക് മീനുമായി എത്തിയ എല്ലാവാഹനങ്ങളും മടക്കിയയച്ചു. സിഐറ്റിയു, എഐറ്റിയുസി, ഐഎന്‍ടിയുസി എന്നീ യൂണിയനുകളില്‍പെട്ടവരും പുറത്തുനിന്നെത്തിയ ഗുണ്ടകളുമാണ് ആക്രമണം നടത്തിയതെന്ന് സ്ഥാപനം ഉടമ ജയകൃഷ്ണന്‍ ജന്മഭൂമിയോട് പറഞ്ഞു. അക്രമം മൂലം അമ്പത് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചു.എല്ലാ നിയമങ്ങളും കൃത്യമായി പാലിക്കുന്ന തൊടുപുഴയിലെ ചുരുക്കം മാര്‍ക്കറ്റുകളിലൊന്നാണ് നീരാളി മത്സ്യ മാര്‍ക്കറ്റ്. ഈ മാര്‍ക്കറ്റ് വെങ്ങല്ലൂരില്‍ നിന്നും നീക്കാന്‍ തല്പ്പര കക്ഷികള്‍ നാളുകളായി ശ്രമം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് തൊഴില്‍ തര്‍ക്കമെന്ന പേരില്‍ സ്ഥാപനത്തിന് മുന്നില്‍ സമരം ആരംഭിച്ചത്.സമരക്കാരുമായി സ്ഥാപനം ഉടമ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഒരു വിട്ടുവീഴ്ചയ്ക്കും അവര്‍ തയ്യാറായില്ല. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ നീക്കം നടക്കുന്നുണ്ടെന്ന് കാണിച്ച് ജയകൃഷ്ണന്‍ കഴിഞ്ഞ ദിവസം തൊടുപുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു. സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതിയുടെ സംരക്ഷണത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. അക്രമം നടത്തിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന 60 പേര്‍ക്കെതിരെ കേസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.