സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍ ; പവന് 17,240 രൂപ

Saturday 16 July 2011 1:49 pm IST

കൊച്ചി: സ്വര്‍ണവില പുതിയ റെക്കോര്‍ഡിലെത്തി. പവന് 17,240 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 120 രൂപയാണ് കൂടിയത്. ഗ്രാമിന് പതിനഞ്ച് രൂപ കൂടി 2,155 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ വിലവര്‍ദ്ധനയുടെ ചുവടുപിടിച്ചാണു സ്വര്‍ണവില സംസ്ഥാനത്തും കുതിക്കുന്നത്. ഇന്നലെ പവന് 160 രൂപ ഉയര്‍ന്നു 17,120ല്‍ എത്തിയിരുന്നു. ഗ്രാമിനു 20 രൂപ വര്‍ധിച്ച് 2,140 ലെത്തി. ഏപ്രിലിലാണ് സ്വര്‍ണവില 16,000 ഭേദിച്ചത്. രണ്ടു മാസം കൊണ്ട് കൂടിയത് 1,000 രൂപ. 2010 നവംബറിലാണ് പവന്‍വില 15,000 കടന്നത്. വികസ്വര രാജ്യങ്ങളായ ഇന്ത്യ, ചൈന എന്നിവടങ്ങളിലെ നാണയപ്പെരുപ്പം ഉയരുന്നതും പലിശ വര്‍ദ്ധന സംബന്ധിച്ച ആശങ്കയും സ്വര്‍ണത്തിനു ഡിമാന്‍ഡ് കൂട്ടി. യൂറോപ്യന്‍ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ആശങ്കകള്‍ സജീവമായതോടെ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിന് ആവശ്യക്കാരേറി. യൂറോസോണ്‍ പ്രതിസന്ധി അയര്‍ലന്‍ഡിനെ ബാധിച്ചതും നിക്ഷേപകരുടെ ആശങ്ക വര്‍ധിപ്പിച്ചു.