കൊല്ലൂര്‍ മൂകാംബികാ ദേവി ക്ഷേത്രം പുഷ്പ രഥോത്സവം

Sunday 24 September 2017 10:50 pm IST

കൊല്ലൂര്‍: മൂകാംബികാദേവിയുടെ പുഷ്പരഥോത്സവത്തിന് ഭക്തജനത്തിരക്കേറുന്നു. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുമായി ആയിരക്കണക്കിന് ദേവീഭക്തരാണ് നവരാത്രികാലത്ത് ദേവിയുടെ രഥോത്സവത്തിനായി ക്ഷേത്രസന്നിധിയിലെത്തുന്നത്. 21ന് തുടങ്ങിയ ഉത്സവം 30ന് സമാപിക്കും. വിദ്യക്കും കലോപാസനകള്‍ക്കും പ്രാര്‍ത്ഥനാ നിരതമായ നാളുകളില്‍ വിദ്യയുടെ അധിപതിയായ മഹാസരസ്വതിയെയും ധനത്തിന്റെ സരസ്വതിയായ മഹാലക്ഷ്മിയേയും പൂജിക്കുന്ന നവരാത്രികാലത്ത് മൂകാംബികാ ദര്‍ശനം നടത്താന്‍ ആയിരക്കണക്കിന് മലയാളികളാണ് ക്ഷേത്രത്തിലെത്തുന്നത്. കോലമഹര്‍ഷി തപോവനമാക്കിയ ഈ പ്രദേശം കോലാപുരം എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീടാണ് അത് കൊല്ലൂരായത്. സ്വയംഭൂവാണ് ഇവിടുത്തെ ശക്തി. ശ്രീശങ്കരാചാര്യര്‍ കുടജാദ്രിയില്‍ തപസ്സുചെയ്ത് മൂകാംബികാ ദേവിയെ പ്രത്യക്ഷപ്പെടുത്തി മലയാളക്കരയിലേക്ക് കൊണ്ടുപോകാന്‍ തയ്യാറായി. ശങ്കരാചാര്യരുടെ കഠിന തപസ്സിനെ തുടര്‍ന്ന് ദേവി ഇതിന് തയ്യാറാവുകയും ശങ്കരാചാര്യരോട് തിരിഞ്ഞ് നോക്കാതെ നടക്കാനും താന്‍ പിറകെയുണ്ടാകുമെന്നും എന്നാല്‍ തിരിഞ്ഞുനോക്കിയാല്‍ താന്‍ അവിടെ യാത്ര അവസാനിപ്പിക്കുമെന്നും ദേവി പറഞ്ഞുവത്രേ. അതുപ്രകാരം ശങ്കരാചാര്യര്‍ മുന്നില്‍ നടന്നു. കൊല്ലൂരിലെത്തിയപ്പോള്‍ ചിലങ്ക ശബ്ദം നിലച്ചുവെന്നും സംശയദുരീകരണത്തിനായി തിരിഞ്ഞുനോക്കിയപ്പോള്‍ വ്യവസ്ഥ ലംഘിക്കുകയും ഇതോടെ കൊല്ലൂരില്‍ മൂകാംബികാ ദേവി ആരൂഢസ്ഥയായെന്നുമാണ് ഐതീഹ്യം. ഇവിടെ ഒരുനേരമെങ്കിലും ഒരു മലയാളിയുണ്ടെങ്കിലേ ദേവിക്ക് തൃപ്തിയാവുകയുള്ളൂ. ഇവിടുത്തെ പ്രധാന തീര്‍ത്ഥമാണ് സൗപര്‍ണികാ നദി. കൊല്ലൂര്‍ ഗ്രാമം ചുറ്റിയൊഴുകുന്ന സൗപര്‍ണിക അറുപത്തിനാല് മൂലകങ്ങളടങ്ങിയ തീര്‍ത്ഥ ജലമാണ്. കുടജാദ്രിയില്‍നിന്നാണ് സൗപര്‍ണ്ണികയുടെ ഉത്ഭവം. കൊടും വനത്തിലൂടെ ദിവ്യഔഷധങ്ങളുടെയും മരങ്ങളുടെയും വേരുകളിലും ഇലകളിലും തട്ടിത്തടഞ്ഞ് കൊല്ലൂരിലെത്തുമ്പോള്‍ സൗപര്‍ണ്ണിക അറുപത്തിനാല് ഔഷധക്കൂട്ടായി ആയി മാറും. കൊല്ലൂര്‍ ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാകണമെങ്കില്‍ കുടജാദ്രിയില്‍ പോകണമെന്നാണ് പറയുന്ന്. ക്ഷേത്രത്തിന് കിഴക്ക് സ്ഥിതിചെയ്യുന്ന ഗിരിശൃംഗമാണ് കുടജാദ്രി. ഇതിന്റെ ഉച്ചിയിലാണ് സര്‍വ്വജ്ഞപീഠം. ദേവിയെ പ്രത്യക്ഷപ്പെടുത്താന്‍ ശങ്കാരാചാര്യര്‍ തപസ്സുചെയ്ത സ്ഥലമാണ് സര്‍വ്വജ്ഞപീഠം. നവമിനാളിലും ഫാല്‍ഗുന മാസത്തിലുമാണ് ഇവിടെ ഉത്സവം. നവരാത്രി ഉത്സവത്തില്‍ ദേവി പുഷ്പരഥത്തിലെഴുന്നള്ളുന്നത് ക്ഷേത്രത്തിനകത്താണ്. ഫാല്‍ഗുനമാസത്തിലേത് ബ്രഹ്മരഥത്തില്‍ ക്ഷേത്രത്തിന് പുറത്തും. രഥോത്സവം 29ന് രാത്രി 8.45 നടക്കും. അന്ന് രാവിലെ ചണ്ഡികായാഗവും ഉണ്ടായിരിക്കും. നവരാത്രികാലത്ത് ദേവിയുടെ ഒമ്പത് ഭാവങ്ങളാണ് ഓരോ ദിവസവും ആരാധിക്കപ്പെടുക. യോഗ, നിദ്ര, ദേവജാത, മഹിഷാസുര മര്‍ദ്ദിനി, ശൈലജ, ധൂമ്ര, ചണ്ഡമുണ്ഡരക്തബിജു, ശുഭ, നിശംഭ എന്നീ ഭാവക്രമത്തിലാണ് പൂജ. എല്ലാ ദിവസവും പുലര്‍ച്ചെ നാലിന് ഉദയപൂജ, 7.30ന് കലശസ്ഥാപനം, 11.30 മുതല്‍ 1 വരെ ഉച്ചപൂജ, 1.30ന് നടയടക്കല്‍, 3ന് നടതുറക്കല്‍, 5.30മുതല്‍ 6.40 വരെ സന്ധ്യാപൂജ, 7 മുതല്‍ 8.15 വരെ നവരാത്രി പൂജ, 8.30ന് ദീപാരാധന, 8.30 മുതല്‍ 9വരെ ബലി, 9.30ന് കഷായ പൂജ എന്നിവയാണ് പൂജാക്രമങ്ങള്‍. ഉത്സവം തുടങ്ങി നാല് ദിവസം പിന്നട്ടതോടെ ആയിരക്കണക്കിന് ഭക്തര്‍ ക്ഷേത്രസന്നിധിയില്‍ എത്തിക്കഴിഞ്ഞു.