നാദിര്‍ഷയുടെയും കാവ്യയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

Monday 25 September 2017 10:26 am IST

  കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യ മാധവന്റെയും സംവിധായകന്‍ നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയും പ്രധാനപ്രതി സുനില്‍കുമാറിന്റെ ജാമ്യാപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കും. അറസ്റ്റുണ്ടാകുമെന്ന ആശങ്കയിലാണ് കാവ്യയും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഗൂഢാലോചന കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ഭാര്യയെന്നനിലയില്‍ തന്നെ പീഡിപ്പിക്കുകയാണെന്നും കുടുംബത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുകയാണെന്നും കാവ്യ ഹര്‍ജിയില്‍ പറയുന്നു.കേസില്‍ പറയുന്ന മാഡം കാവ്യയാണെന്ന് സുനി പറഞ്ഞപ്പോള്‍, സുനിയുമായി പരിചയമില്ലെന്നും മാഡം സാങ്കല്‍പ്പിക കഥാപാത്രമാണെന്നുമാണ് കാവ്യയുടെ വാദം. ദിലീപിനെതിരെ മൊഴി നല്‍കാന്‍ അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്നു സമ്മര്‍ദ്ദമുണ്ടെന്നും തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നെന്നുമുളള വാദവുമായി സംവിധായകന്‍ നാദിര്‍ഷായാണ് ആദ്യം മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. നിലവില്‍ ഇരുവരെയും പ്രതി ചേര്‍ക്കേണ്ട സാഹചര്യമില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇരു ജാമ്യാപേക്ഷകളിലും ഉണ്ടാകുന്ന തീരുമാനം  ദിലീപിന്റെ ജാമ്യാപേക്ഷയുടെ ഭാവി നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാണ്. നാളെയാണു ദിലീപിന്റെ അഞ്ചാമത്തെ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.