പേര് മെഡിക്കല്‍ കോളേജ്, പേരിന് ആംബുലന്‍സ് പോലുമില്ല

Monday 25 September 2017 10:58 am IST

പാരിപ്പള്ളി: പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി എന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും പ്രവര്‍ത്തനം തുടങ്ങി നാളിതുവരെയും ആശുപത്രിക്ക് സ്വന്തമായി ഒരു ആംബുലന്‍സ് പോലുമില്ല. അപകടം സംഭവിച്ച്, തലയില്‍ പരിക്കേറ്റ് ആശുപത്രിയില്‍ എത്തുന്ന ഭൂരിഭാഗം രോഗികളെയും സിടി സ്‌കാനിങ് സൗകര്യമില്ലാത്തതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കോ കൊല്ലം ജില്ലാ ആശുപത്രിയിലേക്കോ മറ്റു സ്വകാര്യ ആശുപത്രിയിലേക്കോ അയക്കുകയാണ് നിലവില്‍ ചെയ്യുന്നത്. ആശുപത്രിക്ക് സ്വന്തമായി ആംബുലന്‍സ് ഇല്ലാത്തതിനാല്‍ രോഗികള്‍ക്ക് സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളു. അവസരം മുതലാക്കി സാധാരണക്കാരില്‍ നിന്നും കൂടുതല്‍ തുക സ്വകാര്യ ആംബുലന്‍സുകള്‍ ഈടാക്കുന്നെന്നാണ് ആക്ഷേപം. പലരും പല കണക്കിനാണ് ചാര്‍ജ് ഈടാക്കുന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും ജില്ലാ ആശുപത്രിയിലേക്കും ഉള്ള ചാര്‍ജ് പല കണക്കിനാണ് വാങ്ങുന്നത്. രണ്ടില്‍ തുടങ്ങി മാസങ്ങള്‍ കൊണ്ട് പതിനേഴോളം സ്വകാര്യ ആംബുലന്‍സുകള്‍ ആണ് ഇപ്പോള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജിനു മുന്നില്‍ ഉള്ളത്. അവയിലൊന്നിലും വെന്റിലേറ്റര്‍ സൗകര്യങ്ങളില്ല. ഐസിയു സൗകര്യമുള്ളത് ചിലതില്‍ മാത്രം. തിരുവനന്തപുരത്തേക്ക് 5000 മുതല്‍ 6000 വരെയാണ് ഐസിയു ഉള്ള ആംബുലന്‍സുകള്‍ക്ക് ചാര്‍ജ് വരുന്നത് അല്ലാത്തവയ്ക്ക് 1500 മുതല്‍ 2000 വരെയാണ്. ഗവണ്മെന്റ് മെഡിക്കല്‍ കോളേജിനെ ആശ്രയിച്ചെത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് ഈ ആംബുലന്‍സ് ചാര്‍ജ്ജ് നെഞ്ചിടിപ്പാണ് ഉണ്ടാക്കുന്നത്. ആശുപത്രി അധികൃതര്‍ പറയുന്നത് പഴയ ഒരു ആംബുലന്‍സ് കേടുപാടുകള്‍ മാറ്റി ഉപയോഗിച്ചിരുന്നെന്നും ഇപ്പോള്‍ കട്ടപ്പുറത്താണെന്നുമാണ്. ചാത്തന്നൂര്‍ എംഎല്‍എ ഫണ്ടില്‍ നിന്നും ആംബുലന്‍സ് വാങ്ങുന്നതിനായി തുക അനുവദിച്ചിട്ടുണ്ടെങ്കിലും ചില സാങ്കേതിക കാരണങ്ങളാലാണ് കാലതാമസം എടുക്കുന്നത് എന്നാണ് ആശുപത്രി അധികൃതര്‍ ആവര്‍ത്തിക്കുന്ന ന്യായം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.