തിരുവനന്തപുരം: ഒടിപി തട്ടിപ്പുവഴി പണം നഷ്ടപ്പെടുന്നവര്‍ ഉടന്‍ ജില്ലാതല പോലീസ് സൈബര്‍ സെല്ലുകളെ അറിയിച്ചാല്‍ പണം നഷ്ടപ്പെടാതെ കൈമാറ്റം തടയാനും തിരികെ ലഭിക്കാനും നടപടി സ്വീകരിക്കും. പോലീസ് ജില്ലാതല സൈബര്‍ സെല്ലുകളില്‍ ഇതിനുള്ള സൗകര്യമൊരുക്കിയെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
അടുത്തകാലത്തായി ഓണ്‍ലൈന്‍വഴിയുള്ള പണമിടപാടുകള്‍ വര്‍ദ്ധിച്ചു. ഓണ്‍ലൈന്‍ വഴിയുള്ള പണം തട്ടിപ്പുകളും വര്‍ദ്ധിച്ചിട്ടുണ്ട്. ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഇന്റര്‍നെറ്റ് ബാങ്കിങ്ങ് വിവരങ്ങള്‍ തുടങ്ങിയവ ഓണ്‍ലൈന്‍ പണം ഇടപാടുകള്‍ക്കുള്ള മൊബൈല്‍ ആപ്പുകള്‍ വഴിയും മറ്റു പലതരത്തിലും ചോര്‍ത്തിയെടുത്ത് അക്കൗണ്ടില്‍നിന്നു പണം ചോര്‍ത്തുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു. ഇത്തരത്തില്‍ പണം കൈമാറുമ്പോള്‍ അക്കൗണ്ട് ഉടമയാണോ പണം കൈമാറുന്നതെന്ന് ഉറപ്പാക്കാനായി ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഒറ്റത്തവണ ഉപയോഗിക്കാവുന്ന രഹസ്യ നമ്പര്‍ ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണിലേക്ക് അയയ്ക്കാറുണ്ട്.
ബാങ്കില്‍ നിന്നാണെന്നും മറ്റും സൂചിപ്പിച്ച് അക്കൗണ്ട് വിവരങ്ങള്‍ ശരിയാക്കുന്നതിനാണെന്ന വ്യാജേന തട്ടിപ്പുകാര്‍ ഉപഭോക്താവിനെ വിളിച്ച് ഈ ഒറ്റിപി നമ്പര്‍കൂടി മനസ്സിലാക്കുന്നതോടെ അക്കൗണ്ടില്‍നിന്നു പണം ചോര്‍ത്തുന്നതാണ് തട്ടിപ്പ്.
ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ ഉടനടി പോലീസിനെ അറിയിച്ചാല്‍ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാന്‍ നടപടി സ്വീകരിക്കും. തട്ടിപ്പുകള്‍ കൈകാര്യം ചെയ്യുന്നതിന് അതത് ജില്ല സൈബര്‍ സെല്ലില്‍ പരിശീലനം ലഭിച്ച പോലീസ് സംഘത്തെ വിവരം അറിയിക്കണം.
തിരുവനന്തപുരം സിറ്റി 9497975998, തിരുവനന്തപുരം റൂറല്‍ 9497936113, കൊല്ലം സിറ്റി 9497960777, കൊല്ലം റൂറല്‍ 9497980211, പത്തനതിട്ട 9497966001, ആലപ്പുഴ 9497976000, കോട്ടയം 9497976002, ഇടുക്കി 949776003, കൊച്ചി സിറ്റി 9497976004, എറണാകുളം റൂറല്‍ 9497976005, തൃശൂര്‍ സിറ്റി 9497962835, തൃശൂര്‍ റൂറല്‍ 9497976006, പാലക്കാട് 9497976007, മലപ്പുറം 9497976008, കോഴിക്കോട് സിറ്റി 9497976009, കോഴിക്കോട് റൂറല്‍ 9497976010, വയനാട് 9497976011, കണ്ണൂര്‍ 9497976012, കാസര്‍കോട് 9497976013.
പ്രതികരിക്കാൻ ഇവിടെ എഴുതുക: