യാത്രക്കാര്‍ വഴിയാധാരം സ്വകാര്യ ബസ് തൊഴിലാളികളുടെ അഴിഞ്ഞാട്ടം; നടപടിയില്ല

Monday 25 September 2017 9:16 pm IST

ആലപ്പുഴ: യാത്രക്കാരെ വഴിയാധാരമാക്കി തുടര്‍ച്ചയായി മൂന്നു ദിവസം ഒരു വിഭാഗം സ്വകാര്യബസ് തൊഴിലാളികള്‍ പണിമുടക്കിയിട്ടും ജില്ലാ ഭരണകൂടത്തിനും അധികൃതര്‍ക്കും അനക്കമില്ല. സര്‍വീസ് നടത്തിയ സ്വകാര്യബസ്സുകള്‍ പണിമുടക്കിയ തൊഴിലാളികള്‍ അടിച്ചു തകര്‍ത്തു. അക്രമങ്ങള്‍ക്ക് പിന്നില്‍ മതതീവ്രവാദ സംഘടന. പോലീസിനും മൗനം. യാതൊരു അറിയിപ്പും ജനങ്ങള്‍ക്കു നല്‍കാതെയാണ് പണിമുടക്ക്. ഉടമകളും അംഗീകൃത യൂണിയനുകളും സമരത്തിന് ആഹ്വാനം ചെയ്യാതെ തന്നെ ഒരു വിഭാഗം ബസ് ജീവനക്കാര്‍ സംയുക്ത സമരസമിതി എന്ന പേരില്‍ പണിമുടക്ക് നടത്തുകയാണ്. ഒരു ഘട്ടത്തില്‍ പോലും അധികൃതര്‍ ചര്‍ച്ചയ്ക്ക് വിളിച്ചില്ലെന്നായിരുന്നു ഉടമകളുടെ സംഘടനയുടെ ആദ്യ പരാതി. എന്നാല്‍ ഇന്നലെ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും പരാതി പൂര്‍ണ്ണമായും പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്നു ഇവര്‍ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കണ്‍സഷന്‍ വിഷയവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ബസ് ജീവനക്കാരെ തുമ്പോളി ജങ്ഷനില്‍ മര്‍ദ്ദിച്ചെന്നാരോപിച്ചാണ് ശനിയാഴ്ച സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്. ഓഫീസുകളില്‍ മറ്റും പോകുന്നതിനായി ഇറങ്ങിയവരും വിദ്യാര്‍ത്ഥികള്‍ ആകെ വലഞ്ഞിട്ടും നടപടി ഉണ്ടായില്ല. ഇതിന്റെ തുടര്‍ച്ചയായി ഇന്നലെയും യാതൊരു അറിയിപ്പും നല്‍കാതെ സ്വാകാര്യ ബസുകള്‍ പണിമുടക്കുകയായിരുന്നു. ആലപ്പുഴ - കലവൂര്‍, ആലപ്പുഴ- മണ്ണഞ്ചേരി, ആലപ്പുഴ -കടപ്പുറം-കഞ്ഞിപ്പാടം എന്നീ റൂട്ടുകളിലെ ബസുകളാണ് സര്‍വ്വീസ് നിര്‍ത്തിവെച്ച് യാത്രക്കാരെ ബുദ്ധിമുട്ടിച്ചത്. സമരത്തെ കുറിച്ചുള്ള അറിയിപ്പ് ലഭിക്കാതിരുന്നതിനാല്‍ വീടുകളില്‍ നിന്നറങ്ങിയ വിദ്യാര്‍ത്ഥികളും ജീവനക്കാരുമെല്ലാം വട്ടം കറങ്ങുകയും ചെയ്തു. അക്രമികള്‍ സര്‍വീസ് നടത്തിയ ബസ്സുകളുടെ ചില്ലുകള്‍ തകര്‍ത്തു. ബൈക്കിലെത്തിയ രണ്ടുപേര്‍ മുഖംമറച്ചുവന്ന് തമ്പകച്ചുവടില്‍ ദേവിക ബസിന്റെ മുന്‍വശത്തെ കണ്ണാടിച്ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു. സമാനരരീതിയില്‍ വണ്ടാനത്ത് ലക്ഷ്മി എന്ന ബസിന്റെയും ചില്ലുകള്‍ തകര്‍ത്തു. ദേവിക ബസിന്റെ ഉടമയും ഡ്രൈവറുമായ ബിജുവിന് കൈയ്ക്ക് മുറിവേറ്റു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.