പൂര്‍വ്വ സൈനിക സേവാപരിഷത്ത് കലക്‌ട്രേറ്റ് മാര്‍ച്ച് ഇന്ന്

Monday 25 September 2017 9:48 pm IST

കണ്ണൂര്‍: ജില്ലയില്‍ വിമുക്തഭടന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നേരെ തുടര്‍ച്ചയായി നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് പൂര്‍വ്വസൈനിക സേവാ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് കലക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും നാളുകള്‍ക്കുളളില്‍ വിമുക്തഭടന്മാര്‍ക്ക്‌നേരെ നിരവധി അക്രമങ്ങളാണ് നടന്നത്. ഏറ്റവും ഒടുവില്‍ ഹൈന്ദവ വിശ്വാസികള്‍ നടത്തുന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ പങ്കെടുത്തുവെന്ന കാരണത്താല്‍ തലശ്ശേരി നെട്ടൂരിലെ ഷണ്മുഖ സുന്ദരം എന്ന വിമുക്തഭടന്റെ വീട്ടില്‍ക്കയറി അദ്ദേഹത്തേയും ഭാര്യയേയും ഭീഷണിപ്പെടുത്തുകയും വീട്ടില്‍ അതിക്രമിച്ചുകയറി നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്ത സാമൂഹ്യദ്രോഹികളെ തിരിച്ചറിഞ്ഞിട്ടും മുഴുവനാളുകളേയും നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ ഭരണകൂടം തയ്യാറായിട്ടില്ല. ഭരണകൂടത്തിന്റെ നിഷക്രിയത്വത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 10 മണിക്ക് തെക്കിബസാറില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് കലക്‌ട്രേറ്റ് പടിക്കല്‍ പൂര്‍വ്വസൈനിക സേവാപരിഷത്ത് സംസ്ഥാന പ്രസിഡണ്ട് റിട്ട. കേണല്‍ കെ.രാംദാസ് ഉദ്ഘാടനം ചെയ്യും. വായ മൂടിക്കെട്ടി നടത്തുന്ന പ്രതിഷേധ മാര്‍ച്ചില്‍ ദേശസ്‌നേഹികളും വിമുക്തഭടന്മാരും കുടുംബാംഗങ്ങളും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പൂര്‍വ്വസൈനിക സേവാ പരിഷത്ത് ജില്ലാ പ്രസിഡണ്ട് പി.ആര്‍.രാജന്‍, വൈസ് പ്രസിഡന്റ് സദാശിവന്‍, ജനറല്‍ സെക്രട്ടറി കെ.എ.തമ്പാന്‍, ഷണ്‍മുഖ സുന്ദരം എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.