ഇരിട്ടി മേഖലയില്‍ ആര്‍എസ്എസ് കാര്യാലയങ്ങള്‍ക്ക് നേരെ സി പിഎം അക്രമം

Monday 25 September 2017 9:54 pm IST

ഇരിട്ടി: ഇരിട്ടി മേഖലയില്‍ ആര്‍എസ്എസ് കാര്യാലയങ്ങള്‍ക്ക് നേരെ സിപിഎമ്മിന്റെ വ്യാപക അക്രമം. മട്ടിണിയില്‍ ആര്‍എസ്എസ് കാര്യാലയത്തിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചശേഷം കതകിന് തീയിട്ടു. മുന്നിലെ കൊടിമരം തകര്‍ത്ത് കെട്ടിടത്തിന് മുകളിലേക്ക് വലിച്ചെറിഞ്ഞു. കുന്നോത്ത് കേളന്‍പീടികക്ക് സമീപമുള്ള ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ ഫര്‍ണിച്ചര്‍ കടക്കു നേരെയും അക്രമം നടന്നു. ഞായറാഴ്ച രാത്രി 8 മണിയോടെ സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ കടയ്ക്കുനേരെ കല്ലെറിയുകയായിരുന്നു. പായം പഞ്ചായത്തിലെ മട്ടിണിയില്‍ ആര്‍എസ്എസ് കാര്യാലയമായി പ്രവര്‍ത്തിക്കുന്ന വീരപഴശ്ശി സാംസ്‌കാരിക കേന്ദ്രത്തിന് നേരെയായാണ് ഞായറാഴ്ച രാത്രിയില്‍ അക്രമം നടന്നത്. കാര്യാലയത്തിന്റെ മുന്നലെ വാതില്‍ ചവിട്ടിപ്പൊളിച്ച് കതകിനു തീയിട്ടു. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി, വിഭാഗ് സേവാ പ്രമുഖ് കെ.സജീവന്‍, ഇരിട്ടി താലൂക്ക് കാര്യവാഹ് എം.രതീഷ്, സേവാപ്രമുഖ് പി.പി.ഷാജി തുടങ്ങിയ നേതാക്കള്‍ മട്ടിണിയിലെ കാര്യാലയവും മറ്റും സന്ദര്‍ശിച്ചു. ആര്‍എസ്എസ് കാര്യാലയങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ സിപിഎം ആസൂത്രിതമായി അക്രമം അഴിച്ചു വിടുകയാണെന്നു വിഭാഗ് കാര്യകാരി സദസ്യന്‍ കെ.സജീവന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ബാലഗോകുലത്തിന്റെ ഘോഷയാത്രകളെ പരാജയപ്പെടുത്താന്‍ പല മേഖലകളിലും സിപിഎമ്മും ഘോഷയാത്രകള്‍ നടത്തിയിരുന്നു. ഇത് സമ്പൂര്‍ണ്ണ പരാജയമായിരുന്നു എന്ന് കണ്ടതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ വ്യാപകമായ അക്രമങ്ങള്‍ അഴിച്ചു വിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇരിട്ടി പയഞ്ചേരിയില്‍ ബാലഗോകുലത്തിന്റെ ഘോഷയാത്രയില്‍ പങ്കെടുത്ത ആദിവാസി യുവാവിന്റെ ജാതിപ്പേര് വിളിച്ചു കൊണ്ടായിരുന്നു അക്രമം. മട്ടിണി മേഖലയിലെ ചില സ്ത്രീകള്‍ കൂട്ടത്തോടെ ബിജെപിയുമായും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായും മറ്റും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇവര്‍ കൂട്ടത്തോടെ സിപിഎം വിടുന്നു എന്ന് കണ്ടതോടെയാണ് ഈ മേഖലയില്‍ ഇത്തരം അക്രമങ്ങള്‍ നടത്താന്‍ ഇവരെ പ്രേരിപ്പിക്കുന്നതെന്നു സജീവന്‍ പറഞ്ഞു. ഇരിട്ടി മേഖലയിലെ സമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് ബിജെപി മണ്ഡലംകമ്മറ്റി ആരോപിച്ചു. മേഖലയിലെ ബിജെപിയുടെ വളര്‍ച്ചയും ജനരക്ഷാ യാത്രയുടെ ഭാഗമായുള്ള ജനമുന്നേറ്റത്തിലും വിറളിപൂണ്ടാണ് സിപിഎം അക്രമം അഴിച്ചുവിട്ട് സമാധാനം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടത്തുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നിരവധി സിപിഎം പ്രവര്‍ത്തകര്‍ പെരിങ്കരി, കുന്നോത്ത്, മട്ടിണി മേഖലകളില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. സമാധാനം നിലനില്‍ക്കുന്ന കുന്നോത്ത് പ്രദേശത്ത് ആര്‍എസ്എസ് കാര്യവാഹിന്റെ ഫര്‍ണിച്ചര്‍ കടയും മട്ടിണി കവലയിലെ ബിജെപി ഓഫീസും കഴിഞ്ഞദിവസം രാത്രി സിപിഎം ക്രിമിനലുകള്‍ അടിച്ചു തകര്‍ക്കുകയും കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ശോഭായാത്രയില്‍ പങ്കെടുത്തതിന്റെ പേരില്‍ പയഞ്ചേരി കോളനിയിലെ ആദിവാസിയായ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഭരണത്തിന്റെ തണലില്‍ സിപിഎം നടത്തുന്ന അക്രമങ്ങള്‍ക്കു പിന്തുണ നല്‍കുന്ന സമീപനമാണ് ഇരിട്ടി പോലീസ് സ്വീകരിച്ചിരിക്കുന്നത്. അക്രമം തടയുന്നതിന് പകരം ആര്‍ എസ് എസ്, ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നത്. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പി.എം.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ സത്യന്‍ കൊമ്മേരി, എം.ആര്‍.സുരേഷ്, അജയകുമാര്‍ നടുവനാട്, പ്രിജേഷ് അളോറ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.