പാലാരിവട്ടം- മഹാരാജാസ് കോളേജ് മെട്രോ സുരക്ഷാ പരിശോധന തുടങ്ങി

Monday 25 September 2017 10:15 pm IST

കൊച്ചി: പാലാരിവട്ടം-മഹാരാജാസ് കോളേജ് റൂട്ടില്‍ മെട്രോ സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധന തുടങ്ങി. റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ കെ.എം. മനോഹരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. ഇന്നലെ രാവിലെ ഒന്‍പതിന് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനില്‍ നിന്നാണ് പരിശോധന ആരംഭിച്ചത്. ഇന്ന് പരിശോധന അവസാനിക്കും. റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ സുരക്ഷ സംബന്ധിച്ച് പച്ചക്കൊടി കാട്ടിയാല്‍ ഒക്‌ടോബര്‍ മൂന്നിന് മഹാരാജാസ് കോളേജ് വരെ ട്രെയിന്‍ സര്‍വീസ് നീളും. സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷാ സംവിധാനങ്ങള്‍, നിയന്ത്രണ മുറിയുടെ പ്രവര്‍ത്തനം, എസ്‌കലേറ്റര്‍, ലിഫ്റ്റ്, വയഡക്റ്റ് , സിഗ്‌നലിംഗ് സംവിധാനങ്ങള്‍, എഎഫ്‌സി ഗേറ്റുകള്‍ തുടങ്ങിയവയാണ് പരിശോധിക്കുന്നത്. സുരക്ഷാ കമ്മീഷണറുടെ പരിശോധനയ്ക്ക് മുന്നോടിയായി മഹാരാജാസ് കോളേജ് വരെ ട്രെയിന്‍ ട്രയല്‍ റണ്‍ നടത്തിയിരുന്നു. പുതിയ സോഫ്റ്റ്‌വെയര്‍ സജ്ജമാക്കി സിഗ്നല്‍ സംവിധാനം കാര്യക്ഷമമാണെന്ന് ഉറപ്പാക്കുകയും ചെയ്തു. അതിനാല്‍ സുരക്ഷയില്‍ സേഫ്റ്റി കമ്മീഷണര്‍ സംതൃപ്തി പ്രകടിപ്പിക്കുമെന്നാണ് സൂചന. സേഫ്റ്റി കമ്മീഷണറുടെ അനുമതി കിട്ടുമെന്ന് ഉറപ്പായതിനാല്‍ ഒക്‌ടോബര്‍ മൂന്നിന് എറണാകുളം ടൗണ്‍ഹാളില്‍ ഉദ്ഘാടന പരിപാടി നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. നിലവില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെ 11 കിലോമീറ്ററാണ് മെട്രോ സര്‍വീസ്. മഹാരാജാസ് കോളേജ് വരെ സര്‍വീസ് നീട്ടുന്നതോടെ മെട്രോ എത്തുന്ന സ്റ്റേഷനുകളുടെ എണ്ണം 16 ആയി ഉയരും. നഗരത്തിലേക്ക് മെട്രോ ഓടിയെത്തുന്നതോടെ കൂടുതല്‍ യാത്രക്കാരെ ലഭിക്കുമെന്നാണ് കെഎംആര്‍എല്ലിന്റെ പ്രതീക്ഷ. പരിശോധക സംഘത്തിന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് സുരക്ഷ സംബന്ധിച്ച വിവരങ്ങള്‍ വിശദീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.