ബന്ധു നിയമനക്കേസിലും അതൃപ്തി; റിപ്പോര്‍ട്ട് പോരാ, വിശദീകരണം വേണം

Monday 25 September 2017 11:58 pm IST

കൊച്ചി: മുന്‍മന്ത്രി ഇ.പി. ജയരാജനെതിരായ ബന്ധു നിയമനക്കേസ് പരിഗണിക്കുമ്പോഴുംഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. ജയരാജനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള വസ്തുതകള്‍ പ്രകടമല്ലെന്നും ഇതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നാണ് കരുതുന്നതെന്നും വ്യക്തമാക്കി സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍, വെറുമൊരു റിപ്പോര്‍ട്ട് പോരെന്നും കേസ് നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമായ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി. ജയരാജന്‍ മന്ത്രിയായിരിക്കെ ബന്ധു പി.കെ. സുധീറിനെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ എംഡിയായി നിയമിച്ചത് വിവാദമായിരുന്നു. തുടര്‍ന്ന് ജയരാജന്‍, സുധീര്‍, ഗവണ്‍മെന്റ് സെക്രട്ടറി പോള്‍ ആന്റണി എന്നിവരെ പ്രതിയാക്കി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിനെതിരെ ജയരാജന്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. തന്റെ ബന്ധുവായ സുധീറിനെ നിയമിക്കാന്‍ നടപടിയെടുത്തെങ്കിലും അദ്ദേഹം ചുമതലയേറ്റില്ലെന്നും ഇതിനാല്‍ അഴിമതി നിരോധന നിയമപ്രകാരം നടപടി സാധ്യമല്ലെന്നുമായിരുന്നു ജയരാജന്റെ വാദം. സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാകാത്ത സാഹചര്യത്തില്‍ വിജിലന്‍സ് കേസ് നിലനില്‍ക്കില്ലെന്ന വാദത്തോടു സര്‍ക്കാരും യോജിച്ചു. എന്നാല്‍, കേസ് നിലനില്‍ക്കുമോ, ഇല്ലയോയെന്ന് വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. തുടര്‍ന്നാണ് ഇതു വ്യക്തമാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. കേസ് നില്‍ക്കുമോ, ഇല്ലയോ എന്നത് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമായി പറയണമെന്ന് സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.