നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട; മൂന്നു പേര്‍ അറസ്റ്റില്‍

Tuesday 26 September 2017 1:23 pm IST

കൊല്ലം: കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മൊത്തവിതരണത്തിനായി കൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവുമായി മൂന്ന് വര്‍ക്കല സ്വദേശികളെ ഷാഡോ പോലീസ് സംഘം അറസ്റ്റ് ചെയ്തു. ഇവരുടെ കൈയില്‍ നിന്നും കഞ്ചാവ് കൊണ്ടുവരാന്‍ ഉപയോഗിച്ച ബൈക്ക്, മൊബൈല്‍ ഫോണ്‍, രണ്ട് പാസ്‌പോര്‍ട്ട് എന്നിവ പോലീസ് പിടിച്ചെടുത്തു. പാലച്ചിറ കാരാക്കര ഷാജി മന്‍സിലില്‍ ഷാജിം എന്ന അലിഫുദ്ദീന്‍(30), പാലച്ചിറ കാരാക്കര സജീ നിവാസില്‍ സജിത്ത്(29), പാലച്ചിറ കാരാക്കര ചാണിക്കന്‍ കോളനിയില്‍ വിപിന്‍(27) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശില്‍ നിന്നും അമിത സാമ്പത്തികലാഭം പ്രതീക്ഷിച്ച് കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ചെറുകിട കച്ചവടക്കാര്‍ക്ക് വിതരണത്തിനായി കൊണ്ടുവന്ന കഞ്ചാവ് വാഹന പരിശോധനയ്ക്കിടെയാണ് കണ്ടെത്തിയത്. ആന്ധ്രാപ്രദേശില്‍ നിന്നും ട്രെയിനില്‍ കടത്തിക്കൊണ്ടുവരുന്ന കഞ്ചാവ് മൊബൈലിലൂടെ ബന്ധപ്പെട്ട് കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ ഇറങ്ങി ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി. വിപിന്‍ തിരുവനന്തപുരം റൂറല്‍ ജില്ലകളില്‍ എട്ടോളം ക്രിമിനല്‍ കേസില്‍ പ്രതിയാണ്. കഞ്ചാവ് വിറ്റുകിട്ടുന്ന പണം മദ്യത്തിനും ആഡംബര ജീവിതത്തിനും വേണ്ടിയാണ് ഇവര്‍ ചെലവഴിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാവുമെന്നും ഈസ്റ്റ് എസ്‌ഐ ജയകൃഷ്ണന്‍ അറിയിച്ചു. സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനകളില്‍ അടുത്തകാലത്ത് നിരവധി ചെറുകിട കച്ചവടക്കാര്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്നും ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിരവധി ദിവസങ്ങളിലെ നിരീക്ഷണത്തിനൊടുവിലാണ് ഈ വന്‍ സ്രാവുകള്‍ വലയിലായത്. കൊല്ലം സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി ഷിഹാബുദ്ദീന്‍, എസിപി ജോര്‍ജ്‌കോശി, ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ മഞ്ചുലാല്‍, സിറ്റി ഷാഡോ എസ്‌ഐ വിപിന്‍കുമാര്‍, ഈസ്റ്റ് എസ്‌ഐ ജയകൃഷ്ണന്‍, ജൂനിയര്‍ എസ്‌ഐ ജിജുകുമാര്‍, എഎസ്‌ഐ സുരേഷ്‌കുമാര്‍, എസ്‌സിപിഒ ബിനു, ഷാഡോ പോലീസുകാരായ ഹരിലാല്‍, വിനു, സീനു, മനു, സജു, റിബു, മണികണ്ഠന്‍, പ്രശാന്ത്, രാജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.